ADVERTISEMENT

എപ്പോഴും ഒരുപോലെ പ്രകാശം തരുന്ന ഒരു വലിയ ബള്‍ബ് പോലെയല്ല സൂര്യന്റെ പ്രവര്‍ത്തനം. സൂര്യനില്‍ നിന്നുള്ള ചൂടിനും താപപ്രവാഹങ്ങള്‍ക്കും പലപ്പോഴും ഏറ്റക്കുറച്ചിലുണ്ടാവാറുണ്ട്. ഭൂമിയിലേക്കെത്താനും നാശം വിതക്കാനും മാത്രം ശേഷിയുണ്ട് ഇവയില്‍ പല സൗരോര്‍ജപ്രവാഹങ്ങള്‍ക്കും. ഇത്തരം സൗരക്കാറ്റുകളെ മുന്‍കൂട്ടി അറിയുക എന്നത് പലപ്പോഴും സാധ്യമാവാറില്ല. എന്നാല്‍ ഭാവിയില്‍ അത്തരം പ്രവചനങ്ങള്‍ക്ക് മനുഷ്യനെ പ്രാപ്തമാക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

 

സൂര്യനില്‍ നിന്നും പുറപ്പെടുന്ന അതിശക്ത സൗര കാറ്റുകളുടെ ഉറവിടം കണ്ടെത്തുന്നതിലാണ് ഗവേഷകര്‍ വിജയിച്ചിരിക്കുന്നത്. 2014ല്‍ ഭൂമിയിലെത്തിയ സൗര കാറ്റിന്റെ ഉറവിടം തേടിയ ഒരു കൂട്ടം അമേരിക്കന്‍ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. വിര്‍ജീനിയയിലെ ലോസ് ആഞ്ചല്‍സ് ആൻഡ് ജോര്‍ജ് മാസണ്‍ സര്‍വകലാശാല, കലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായായിരുന്നു പഠനം നടത്തിയത്.

 

സൂര്യനുള്ളിലെ രണ്ടാമത്തെ പാളിയില്‍ നിന്നാണ് ഈ അതിശക്തമായ ഊര്‍ജ്ജ പ്രവാഹങ്ങളുടെ ഉറവിടമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെക്കൻഡില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കൊറോണല്‍ മാസ് ഇജക്ഷന്‍ സൂര്യനില്‍ നിന്നും ഭൂമിയിലേക്കെത്താന്‍ ഏതാണ്ട് 15 മുതല്‍ 18 മണിക്കൂര്‍ വരെയെടുക്കുമെന്നാണ് കരുതപ്പെടുന്നത്. സൂര്യനുള്ളിലെ ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഉത്ഭവസ്ഥാനം കണ്ടെത്തിയാല്‍ അവയെ കൂടുതല്‍ കൃത്യതയോടെ പ്രവചിക്കാന്‍ സാധിച്ചേക്കും.

 

സൂര്യനില്‍ നിന്നുള്ള ഈ വന്‍ ഊര്‍ജ്ജ പ്രവാഹങ്ങള്‍ സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനങ്ങളേയും ഭൂമിയിലെ വൈദ്യുതി വിതരണ സംവിധാനങ്ങളേയും റേഡിയോ- ഫോണ്‍ സിഗ്നലുകളേയും ബാധിക്കാന്‍ ശേഷിയുള്ളവയാണ്. അതുകൊണ്ടുതന്നെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിച്ചാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാനാകും. 2014 ജനുവരിയില്‍ സൂര്യനില്‍ സംഭവിച്ച അത്യുജ്ജ്വല ഊര്‍ജ്ജ പ്രവാഹങ്ങളെയാണ് നാസയുടെ വിന്‍ഡ് സാറ്റലൈറ്റില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ പഠനവിധേയമാക്കിയത്.

 

2014ലെ കൊറോണല്‍ മാസ് ഇജക്ഷനുകള്‍ക്ക് പിന്നില്‍ സൂര്യനിലെ വളരെ സജീവമായ ഒരു ഭാഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സൂര്യനിലെ എആര്‍-11944 എന്ന് വിളിക്കുന്ന സണ്‍സ്‌പോട്ടാണിത്. സണ്‍സ്‌പോട്ട് അഥവാ സൗര കളങ്കങ്ങള്‍ സോഡയുടെ അടപ്പ് പോലെയാണ്. കുലുക്കിയ ശേഷം ഇത് തുറന്നാല്‍ വലിയൊരു പൊട്ടിത്തെറിയുണ്ടാവുന്നതു പോലെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹങ്ങള്‍ ഇത്തരം സൗര കളങ്കങ്ങള്‍ വഴിയുണ്ടാവാറുണ്ട്. 

 

സൂര്യനില്‍ നിന്നുള്ള ഊര്‍ജ പ്രവാഹങ്ങളെക്കുറിച്ച് ഇപ്പോഴും മുന്നറിയിപ്പുകളുണ്ടാവാറുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും കൃത്യതയില്ലാത്തതാണ്. ഏത് ഭാഗത്തു നിന്നാണ് ഊര്‍ജ്ജ പ്രവാഹങ്ങള്‍ ആരംഭിക്കുന്നതെന്ന് കണ്ടെത്തുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'റേഡിയേഷനെ തുടര്‍ന്നുള്ള അപകടം കുറയ്ക്കുകയാണ് ലക്ഷ്യം. സൂര്യനില്‍ നിന്നുള്ള ഊര്‍ജ പ്രവാഹങ്ങളെ കൃത്യമായി പ്രവചിക്കാനായാല്‍ വിമാന യാത്രികരുടെ റേഡിയേഷന്‍ വഴിയുള്ള അപകട സാധ്യത കുറയ്ക്കാനാകും. മാത്രമല്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലെയും ഭാവിയില്‍ ചൊവ്വാ യാത്ര പോലുള്ള അവസരങ്ങളിലും ബഹിരാകാശ സഞ്ചാരികളെ കൂടുതല്‍ സുരക്ഷിതരാക്കാനും നമുക്ക് കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഡോ. സ്‌റ്റെഫാനി യാഡ്‌ലി പറയുന്നു.

 

English Summary: Source of hazardous solar particles that threaten spaceflight and satellites has been identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com