ADVERTISEMENT

സാധാരണ വയറിനുള്ളില്‍ പരിശോധന നടത്തുന്നത് ക്യാമറ ഘടിപ്പിച്ച ട്യൂബുകള്‍ ഇറക്കിക്കൊണ്ടുള്ള എന്‍ഡോസ്‌കോപി വഴിയാണ്. ഒരിക്കല്‍ എന്‍ഡോസ്‌കോപി ചെയ്തവര്‍ക്കറിയാം മണിക്കൂറുകള്‍ നീളുന്ന ഈ പ്രക്രിയയുടെ ബുദ്ധിമുട്ട്. എന്നാൽ, വളരെയെളുപ്പത്തില്‍ കാൻസർ അടക്കമുള്ള രോഗങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന എന്‍ഡോസ്‌കോപി രീതിയാണ് ബ്രിട്ടന്‍ പരീക്ഷിക്കുന്നത്. ക്യാമറ അടങ്ങിയ കുഞ്ഞു ഗുളികകള്‍ വിഴുങ്ങുകയാണ് ‘കോളണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപി’ എന്ന ഈ രീതിയില്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുള്ള 11000 പേരാണ് ഈ ഗുളിക വിഴുങ്ങിയുള്ള എന്‍ഡോസ്‌കോപിക്ക് തയാറായത്. 

 

ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കാൻസർ ചികിത്സക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് കോളണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപി പ്രോത്സാഹിപ്പിക്കുന്നത്. കാൻസറും വറയുമായി ബന്ധപ്പെട്ട അസുഖങ്ങളും തുടക്കത്തില്‍ തന്നെ കണ്ടെത്താനാകുമെന്നതും അനായാസമാണ് പരിശോധനയെന്നതുമാണ് ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കാരണം. കണ്ടെത്താന്‍ വൈകുന്നുവെന്ന കാൻസർ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. 

 

വളരെ എളുപ്പത്തിലും കാര്യക്ഷമമായും വിശദമായും ഫലം ലഭിക്കുമെന്നതാണ് ഈ എന്‍ഡോസ്‌കോപി രീതികൊണ്ടുള്ള മെച്ചം. വിഴുങ്ങുന്ന ഓരോ കോളണ്‍ ക്യാപ്‌സ്യൂളും സെക്കൻഡില്‍ രണ്ട് ചിത്രങ്ങള്‍ വീതമാണ് എടുക്കുക. പരമ്പരാഗതമായ രീതിയില്‍ എന്‍ഡോസ്‌കോപി നടത്തുന്നത് ട്യൂബിനറ്റത്ത് ഘടിപ്പിച്ച ക്യാമറ വയറിനകത്തേക്ക് എത്തിച്ചാണ്. ഇത്തരം എന്‍ഡോസ്‌കോപിക്ക് വിധേയരാകേണ്ടവര്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആശുപത്രിയിലെത്തിയാണ് പരിശോധന നടത്തുന്നത്. എന്നാല്‍, കോളണ്‍ ക്യാപ്‌സ്യൂള്‍ രീതി വളരെ എളുപ്പമാണ്.

 

കോളണ്‍ ക്യാപ്‌സ്യൂള്‍ എന്‍ഡോസ്‌കോപി ഉപയോഗിച്ച് പരിശോധിക്കാൻ അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുക്കും. എന്നാല്‍, കോളണ്‍ ക്യാപ്‌സ്യൂള്‍ വിഴുങ്ങുന്നതോടെ പരിശോധനക്ക് വിധേയരാകുന്നവരുടെ ബുദ്ധിമുട്ട് തീരും. ക്യാപ്‌സ്യൂളിലെ ക്യാമറ എടുക്കുന്ന ചിത്രങ്ങള്‍ ശേഖരിക്കാന്‍ ഒരു ചെറു ഉപകരണം ശരീരത്തില്‍ ധരിച്ചുകൊണ്ട് സാധാരണ ദിവസം പോലെ തന്നെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാം. ഇതിന് ആശുപത്രിയില്‍ പോകേണ്ട ആവശ്യം പോലും വരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേരില്‍ പരിശോധന നടത്താനും സാധിക്കും. 

 

കഴിഞ്ഞ ഡിസംബറില്‍ മാത്രം ബ്രിട്ടനില്‍ 25,000 പേരാണ് കാൻസറിനു ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13,000 പേര്‍ കൂടുതലാണിത്. മാത്രമല്ല രണ്ട് ലക്ഷത്തോളം പേര്‍ കാൻസർ പരിശോധനക്ക് തയാറായി വരികയും ചെയ്തു. കാൻസറിന്റെ സാന്നിധ്യം അര മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെയുള്ള സമയത്തില്‍ കണ്ടെത്തുകയാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. പരമാവധി പരിശോധനയിലൂടെ എത്രയും വേഗത്തില്‍ കാൻസർ തിരിച്ചറിയാനാകുമെന്നും ബ്രിട്ടിഷ് ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

 

English Summary: 11,000 patients in England to swallow tiny cameras for early cancer detection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com