ADVERTISEMENT

ഭൂമിയില്‍ എങ്ങനെയാണ് ജീവനുണ്ടായതെന്ന കാര്യത്തില്‍ ഇന്നും ആര്‍ക്കും ഉറപ്പൊന്നുമില്ല. ഇതേക്കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നത് ആദ്യകാലത്ത് ഭൂമിയിൽ പതിച്ച കോടാനുകോടി (ട്രില്ല്യന്‍) ഇടിമിന്നലുകളാകാം ജീവന്റെ പിറവിക്ക് കാരണമായതെന്നാണ്. ഭൂമിയില്‍ ജീവന്‍ ഉദയംകൊള്ളാന്‍ വേണ്ട ഘടകങ്ങളിലൊന്നായ ഫോസ്ഫറസ് അങ്ങനെയായിരിക്കും സജീവമായതെന്നും ഗവേഷണ പ്രബന്ധത്തില്‍ വാദിക്കുന്നുണ്ട്. 

 

ഭൂമിയില്‍ എങ്ങനെയായിരിക്കാം ജീവികള്‍ ഉണ്ടായതെന്നും ഭൂമിയോടു സാദൃശ്യമുള്ള മറ്റു ഗ്രഹങ്ങളില്‍ എങ്ങനെയായിരിക്കാം ജീവന്‍ ഉണ്ടാകാന്‍ സാധ്യത എന്നതിനെക്കുറിച്ചുമൊക്കെ ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് തങ്ങളുടെ പഠനമെന്നാണ് യെയില്‍ സർവകലാശാലയിലെ വിദ്യാര്‍ഥിയും മുഖ്യ ഗവേഷകനുമായ ബെഞ്ചമിന്‍ ഹെസ് പറയുന്നത്. ജീവന്റെ നിര്‍മാണ വസ്തുക്കളായ ആര്‍എന്‍എ, ഡിഎന്‍എ, മറ്റു ജൈവ തന്മാത്രകള്‍ എന്നിവയ്ക്ക് പല മൂലകങ്ങളുടെ സാന്നിധ്യവും ആവശ്യമാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ഫോസ്ഫറസ്.

 

ഫോസ്ഫറസ് ലഭിച്ചത് ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതു വഴിയാകാമെന്നാണ് നേരത്തെയുള്ള ഗവേഷകര്‍ കരുതിവന്നത്. ഇരുമ്പ്-നിക്കല്‍ വന്‍തോതിലുള്ള ഛിന്നഗ്രഹങ്ങളില്‍ ഫോസ്ഫറസ് മിശ്രണമായ ഷ്‌റൈബെര്‍സൈറ്റും (schreibersite) കാണപ്പെടാറുണ്ട്. എന്നാല്‍, പുതിയ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളില്‍ കാണാവുന്നത് 350-450 കോടി വര്‍ഷങ്ങള്‍ക്കിടയില്‍ ഛിന്നഗ്രഹങ്ങള്‍ കാര്യമായി ഭൂമിയില്‍ പതിച്ചിട്ടില്ലെന്നാണ്. ഈ കാലഘട്ടത്തിലാണ് ഭൂമിയില്‍ ജീവന്റെ സാന്നിധ്യം കണ്ടുതുടങ്ങിയതെന്നും പറയുന്നു. ഭൂമിയില്‍ എങ്ങനെ ഫോസ്ഫറസ് വന്നെത്തി എന്നതില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കിടയിലാണ് ഷ്‌റൈബെര്‍സൈറ്റ് ചെറിയ ഗ്ലാസ് തരികളായ ഫൂള്‍ജുറൈറ്റുകളിലും (fulgurites) ഉണ്ടെന്നു കണ്ടെത്തിയത്. ഇവ ഇടിമിന്നല്‍ മൂലം രൂപപ്പെടാമെന്നാണ് ഗവേഷകര്‍ മനസ്സിലാക്കിയത്. ഒരോ ഇടിമിന്നലും ഭൗമോപരിതലത്തില്‍ അലിഞ്ഞുചേരാതെ നിന്ന ഫോസ്ഫറസിനെ അലിയിക്കാവുന്നതായി മാറ്റിക്കൊണ്ടിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

 

കംപ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് നൂറുകണക്കിനു കോടി വര്‍ഷം മുൻപ് നടന്ന ഇടിമിന്നലുകളെ കൃത്രിമമായി അവതരിപ്പിച്ചത്. ഈ വിശകലനത്തില്‍ നിന്ന് അവര്‍ മനസ്സിലാക്കുന്നത് ജീവന്‍ ഉണ്ടാകുന്നതിനു മുൻപുള്ള കാലഘട്ടത്തില്‍ ഭൂമിയിൽ 100 മുതല്‍ 500 കോടി വരെ ഇടിമിന്നലുണ്ടായിരുന്നു എന്നാണ്. ഇവയില്‍ 100 ദശലക്ഷം മുതല്‍ 100 കോടി വരെ എണ്ണം ഭൂമിയിൽ പതിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഭൗമോപരിതലത്തിന്റെ ഭൂരിഭാഗവും വെള്ളമായിരുന്നുവെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍, 100 കോടി വര്‍ഷത്തിനിടയ്ക്ക് 0.1 മുതല്‍ 1 ക്വിന്റിലിയന്‍ (quintillion, ഒന്നിനോട് 30 പൂജ്യം ചേരുമ്പോള്‍ കിട്ടുന്ന സംഖ്യ) ഇടിമിന്നലുകള്‍ വരെ ഉണ്ടായിട്ടുണ്ടാകാമെന്നും അതുവഴി ഫോസ്ഫറസ് ധാരാളമായി ഉണ്ടായി എന്നുമാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഉഷ്ണമേഖലാ പ്രദേശങ്ങളിലായിരിക്കും ഇടിമിന്നലുകള്‍ കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുണ്ടാകുക. ഇത്തരം പ്രദേശങ്ങളില്‍ കാലക്രമത്തില്‍ ഫോസ്ഫറസ് ഉണ്ടാകുകയായിരുന്നു. ഇക്കാലത്ത് പ്രതിവര്‍ഷം 110 മുതല്‍ 11,000 കിലോഗ്രാം വരെ ഫോസ്ഫറസ് ഉണ്ടായിട്ടുണ്ടാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

 

ഭൂമിയില്‍ ജീവന്റെ ആദ്യ തുടിപ്പുകള്‍ കണ്ടു തുടങ്ങിയ സമയവുമാണിത്. എന്നാല്‍, ഛിന്നഗ്രഹങ്ങളില്‍ നിന്നു തന്നെയാകാം ഫോസ്ഫറസ് കിട്ടിയതെന്ന വാദം പൂര്‍ണമായി തള്ളിക്കളയാന്‍ താൻ തയാറല്ലെന്നും ബെഞ്ചമിന്‍ പറയുന്നു. അതേസമയം, പത്തു വര്‍ഷം മുൻപ് കരുതിയിരുന്നതു പോലെ ധാരാളമായി ഛിന്നഗ്രഹം പതിക്കലൊന്നും അക്കാലത്തു നടന്നിട്ടില്ലെന്നാണ് പുതിയ കണ്ടെത്തല്‍. എങ്കിലും, ഛിന്നഗ്രഹത്തില്‍ നിന്നാകാം ജീവന്റെ നിര്‍മിതിക്കു വേണ്ട ഫോസ്ഫറസ് കിട്ടിയതെന്ന വാദത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ബെഞ്ചമിന്‍ പറഞ്ഞു. ഛിന്നഗ്രഹം പതിക്കലിന്റെ തോത് കാലക്രമത്തില്‍ കുറഞ്ഞിരുന്നു. അതേസമയം, ഇടിമിന്നല്‍ ഭൂമിയില്‍ ഏകദേശം സ്ഥിരമായി തന്നെ അക്കാലത്ത് സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഇത്രയും കാലം കേട്ടുവന്നതിന് പകരംവയ്ക്കാവുന്ന മറ്റൊരു സാധ്യതയാണ് പുതിയ ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും പറയുന്നു. ആദിയില്‍ ജീവന്റെ തുടിപ്പിനു വേണ്ട ഫോസ്ഫറസ് എങ്ങനെ ഉണ്ടായി എന്നുള്ളതിന് താരതമ്യേന വിശ്വസനീയമായ ഒരു കണ്ടെത്തലാണ് ഇവ രണ്ടും. നമുക്ക് അറിയാവുന്ന ജീവന്റെ അവശ്യ നിര്‍മാണ വസ്തുവാണ് ഫോസ്ഫറസ്. ഡിഎന്‍എയും ആര്‍എന്‍എയും ആധാരമാക്കിയിട്ടുള്ള കോശഘടനയും ഇരട്ട ഹീലിക്‌സ് ആകാരവും നിർമിക്കുന്നതില്‍ ഫോസ്ഫറസിനുള്ള സ്ഥാനം പ്രാധാന്യമുള്ളതാണ് എന്നതാണ് കാരണം. ആദ്യകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്ന ഫോസ്ഫറസ് അലിയിക്കാവുന്ന സ്ഥിതിയിലുള്ളവ ആയിരുന്നില്ല. അവ പല ഖനിജങ്ങളില്‍ വിട്ടുപോരാനാകാതെ ഇരിക്കുകയായിരുന്നു. അതേസമയം, പ്രതികരണശേഷിയുള്ള ഷ്‌റൈബെര്‍സൈറ്റ് ഫോസ്ഫറസ് ഉണ്ടാക്കുകയും, അത് സൂക്ഷ്മാണുക്കളുടെ സൃഷ്ടിക്ക് കാരണമായി തീർന്നിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

 

English Summary: Lightning Bolts Could Have Delivered The Spark That Started Life on Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com