sections
MORE

ചൊവ്വയിലെ മഹാസമുദ്രത്തിലെ ജലം എവിടെയും പോയിട്ടില്ല, പുതിയ കണ്ടെത്തലുമായി ഗവേഷകർ

mars-water
SHARE

കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുൻപ് ചൊവ്വ ഒരു ജലമുള്ള ഗ്രഹമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിൽ പൂര്‍ണമായും 100 മുതല്‍ 1500 മീറ്റര്‍ വരെ ആഴത്തില്‍ വെള്ളം ഉണ്ടായിരുന്നു. പിന്നീട് ആ വെള്ളം എങ്ങോട്ടുപോയി? എവിടെയും പോയിട്ടില്ലെന്നും ചൊവ്വയില്‍ തന്നെയുണ്ടെന്നുമാണ് ഇപ്പോഴത്തെ പഠനങ്ങള്‍ അവകാശപ്പെടുന്നത്.

ചൊവ്വയിലെ ജലം പൂര്‍ണമായും ബഹിരാകാശത്തേക്ക് പോയെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് നാസയുടെ മേല്‍നോട്ടത്തില്‍ നടന്ന പഠനം പറയുന്നത്. ചൊവ്വയുടെ ഉള്‍കാമ്പിലെ ധാതുക്കളില്‍ വെള്ളം ഏതാണ്ട് പൂര്‍ണമായി തന്നെ അടങ്ങിയിരിക്കുകയാണെന്നാണ് കണ്ടെത്തല്‍. 

വെള്ളവുമായി ചേരുന്ന ധാതുക്കളെകൊണ്ട് ചൊവ്വാ ഗ്രഹത്തിന്റെ ഉള്‍ഭാഗം സമ്പന്നമാണ്. അതുകൊണ്ടുതന്നെ ചൊവ്വയുടെ ഉള്ളില്‍ വെള്ളമുണ്ടെന്ന് ഉറപ്പിക്കാമെന്നും സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിനു നേതൃത്വം നല്‍കിയ ഇവ ഷെല്ലര്‍ പറഞ്ഞു. ചൊവ്വ ഏതാണ്ട് 370 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് ജലസമൃദ്ധമായിരുന്നത്. അന്ന് ഉപരിതലത്തില്‍ 100 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെ ഉയരത്തില്‍ ചൊവ്വ നിറഞ്ഞു നില്‍ക്കുന്ന മഹാ സമുദ്രമായിരുന്നു. വേഗത്തില്‍ കാന്തിക മണ്ഡലം നഷ്ടപ്പെട്ടതാണ് ചൊവ്വയിലെ സമുദ്രത്തിന് തിരിച്ചടിയായത്. ഇതോടെ ചൊവ്വയിലെ ജലം ബഹിരാകാശത്തില്‍ നഷ്ടമായെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനൊരു മറുചിന്തയാണ് പുതിയ പഠനം മുന്നോട്ടുവെക്കുന്നത്.

വെള്ളത്തിലെ പ്രധാനഘടകമായ ഹൈഡ്രജന്റെ സാന്നിധ്യമാണ് ചൊവ്വയില്‍ പ്രധാനമായും ഗവേഷക സംഘം പഠിച്ചത്. ഭൂരിഭാഗം ഹൈഡ്രജന്‍ ആറ്റങ്ങളിലും ഒരു പ്രോട്ടോണാണ് ന്യൂക്ലിയസിലുള്ളത്. എന്നാല്‍, വളരെ ചെറിയ ശതമാനം (0.02%) ഹൈഡ്രജനില്‍ പ്രോട്ടോണും ന്യൂട്രോണും ഉണ്ട്. ഭാരമേറിയ ഈ ഹൈഡ്രജനെയാണ് ഡ്യൂട്ടീരിയം എന്നുവിളിക്കുന്നത്.

ഭാരം കുറഞ്ഞ ഹൈഡ്രജന്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പോകുമെങ്കിലും ഡ്യൂട്ടീരിയം അത്രവേഗത്തില്‍ ബാഷ്പീകരിക്കപ്പെടില്ല. നേരത്തെ എത്രത്തോളം വെള്ളം ചൊവ്വയിലുണ്ടായിരുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. നിലവിലെ ചൊവ്വയിലെ ഹൈഡ്രജന്റെ ബാഷ്പീകരണത്തിന്റെ വിവരങ്ങള്‍ ചൊവ്വാ പേടകം ശേഖരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഹൈഡ്രജന്‍ ഡ്യൂട്ടീരിയം അനുപാതവും നോക്കിയാണ് ബഹിരാകാശത്തേക്ക് നഷ്ടമായെന്ന് കരുതുന്ന വെള്ളത്തിന്റെ അളവ് കണക്കാക്കിയത്. 

ഉള്‍കാമ്പിലെ ധാതുക്കളില്‍ അടങ്ങിപോവുകയും ബാഷ്പീകരിക്കുകയും വഴിയാണ് ചൊവ്വയിലെ സമുദ്രത്തിലെ വെള്ളം നഷ്ടമായതെന്ന് പഠനം പറയുന്നു. ജലം ധാതുക്കളുമായി ചേരുമ്പോള്‍ സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത് ഭൂമിയിലും നടക്കുന്നുണ്ട്. കെമിക്കല്‍ വെതറിങ് എന്ന് വിളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് കളിമണ്ണ്. ഭൂമിയിലെ പോല കളിമണ്ണ് ചൊവ്വയിലും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയെ അപേക്ഷിച്ച് ഭൂമിയിലെ അഗ്നിപര്‍വതങ്ങള്‍ ഭൂമിക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന ജലത്തെ അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ചൊവ്വയുടെ ഉള്‍ഭാഗം ഭൂമിയിലേതുപോലെ വ്യത്യസ്ത പാളികളായല്ല ഉള്ളത്. ഇതോടെ ചൊവ്വക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന വെള്ളത്തിന് പുറത്തേക്ക് വരാനുള്ള വഴി അടയുന്നു. 

ഏതാണ്ട് 370 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് ചൊവ്വയിലെ ജലം ഉപരിതലത്തില്‍ നിന്നും നഷ്ടമായി തുടങ്ങിയത്. ഏതാണ്ട് 300 കോടി വര്‍ഷങ്ങളായി ഇന്നു കാണുന്ന നിലയിലാണ് ചൊവ്വയെന്നാണ് ഷെല്ലര്‍ പറയുന്നത്. കഴിഞ്ഞ മാസം ചൊവ്വയില്‍ ഇറങ്ങിയ പെഴ്സിവീയറന്‍സ് പേടകം ചൊവ്വയിലെ ഉള്‍ക്കാമ്പില്‍ കുടുങ്ങി കിടക്കുന്ന ജലത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് ഷെല്ലറുടേയും സംഘത്തിന്റേയും പ്രതീക്ഷ.

English Summary: Mars' Vanished Oceans May Be Trapped Within The Planet, Scientists Say

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA