ADVERTISEMENT

ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ 2019 ഒക്ടോബര്‍ ഏഴു മുതല്‍ തന്നെ മനുഷ്യരില്‍ കോവിഡ്–19 പടര്‍ന്നിരുന്നുവെന്ന് പഠനം. രണ്ട് മാസത്തിനു ശേഷം ഡിസംബര്‍ മധ്യത്തോടെയാണ് ഔദ്യോഗികമായി ആദ്യത്തെ കോവിഡ് രോഗം ചൈനയില്‍ സ്ഥിരീകരിക്കുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ജൊനാഥന്‍ പെക്കറുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് 19ന് കാരണമായ SARS-CoV-2 രോഗാണു പടര്‍ന്നതിനെക്കുറിച്ചുള്ള പഠനമാണ് കണ്ടെത്തലിന് പിന്നില്‍. 

 

ഡിസംബറില്‍ കുപ്രസിദ്ധമായ വുഹാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരില്‍ വ്യാപകമായി കോവിഡ് ബാധിച്ചതോടെയാണ് ആദ്യമായി ഈ രോഗം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. നിരവധി മൃഗങ്ങളെ ജീവനോടെയും അല്ലാതെയും വില്‍ക്കുന്ന വുഹാനിലെ മാംസ മാര്‍ക്കറ്റാണ് കോവിഡ് 19ന്റെ പ്രാരംഭകേന്ദ്രമെന്ന വാദം ഇതോടെ വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ സംഘം തന്നെ ഈ വാദം പിന്നീട് തള്ളിക്കളഞ്ഞു. 

 

ചൈനയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ഹുബെയ് പ്രവിശ്യയില്‍ നിന്നും ശേഖരിച്ച 583 വൈറസ് സാംപിളുകളാണ് ഡോ. ജൊനാഥന്‍ പെക്കറുടെ നേതൃത്വത്തിലുള്ള സംഘം പഠനവിധേയമാക്കിയത്. ഈ വൈറസുകളുടെ പൊതു പൂര്‍വിക രോഗം ഡിസംബര്‍ ഒൻപതിന് അടുപ്പിച്ച് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അസ്വാഭാവികമായി ന്യൂമോണിയക്ക് സമാനമായ അസുഖം വ്യാപിക്കുന്നതിനെക്കുറിച്ച് അതിന് മുൻപ് തന്നെ ചൈനീസ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്.

 

രോഗവാഹികളായ ജീവികളില്‍ നിന്നും മനുഷ്യരിലേക്കെത്തിയ കൊറോണ വൈറസ് ആദ്യകാലത്ത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വൈറസ് രൂപത്തിനു വൈകാതെ വംശനാശം സംഭവിച്ചെങ്കിലും അപ്പോഴേക്കും കൂടുതല്‍ ഗുരുതരമായ കോവിഡ് വൈറസിലേക്ക് ഇത് മാറിയിരുന്നു. വുഹാനിലും പിന്നീട് ലോകമാകെയും പടര്‍ന്നുപിടിച്ചത് ഈ വൈറസാണെന്നാണ് കരുതപ്പെടുന്നത്. 

 

സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന റിപ്പോര്‍ട്ടില്‍ നവംബര്‍ 17ന് തന്നെ ആദ്യ ഔദ്യോഗിക കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് പറയുന്നുണ്ട്. രോഗം പകരുന്നതിലെ വേഗക്കുറവ്, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങല്‍, കോവിഡ് സ്ഥിരീകരിക്കല്‍ തുടങ്ങിയ പലഘടകങ്ങള്‍ കണക്കിലെടുത്ത് ആദ്യ കോവിഡ് 19 രോഗം ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ നാല് വരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.

 

English Summary: Coronavirus emerged in China 'as early as October 2019' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com