sections
MORE

അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ഇസ്രയേലിലെ 'ഭീതിയുടെ ഗുഹ'യിൽ അമൂല്യ വസ്തുക്കളും

cave-israel
Photo: Yoli Schwartz, Israel Antiquities Authority
SHARE

1960 കളില്‍ നടന്ന പര്യവേഷണത്തിനിടെയാണ് ഇസ്രയേലിലെ ഒരു ഗുഹയില്‍ നിന്നും 40 അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഈ ഗുഹക്ക് 'ഭീതിയുടെ ഗുഹ'യെന്ന പേരും ലഭിച്ചു. എന്നാൽ, ഇതേ ഗുഹയില്‍ നിന്നും കൂടുതല്‍ അമൂല്യവസ്തുക്കള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇസ്രയേലി പുരാവസ്തു ഗവേഷകര്‍. ഒരു കുട്ടിയുടെ മമ്മിയാക്കപ്പെട്ട ശരീരവും ലോകത്ത് ഇന്നുവരെ കണ്ടെടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള കുട്ടയും ഉൾപ്പടെയുള്ള വസ്തുക്കളാണ് ഇക്കുറി ലഭിച്ചത്. 

പേര് ഭീതിയുടെ ഗുഹ എന്നാണെങ്കിലും പുരാവസ്തു ഗവേഷകരെ സംബന്ധിച്ച് അമൂല്യങ്ങളായ വസ്തുക്കളുടെ ശേഖരമാണ് ഇവിടം. ഗുഹയുടെ തറനിരപ്പില്‍ നിന്നും മുകളിലായാണ് കുട്ടിയുടെ മമ്മി ലഭിച്ചിട്ടുള്ളത്. മുകളിലേക്ക് കയറുപയോഗിച്ച് കയറിയാല്‍ മാത്രമേ കാണാനാകൂ എന്നതുകൊണ്ടാണ് ഇത്രയും കാലം ഈ കുഞ്ഞുമമ്മി ഗവേഷകരുടെ കണ്ണില്‍പെടാതിരുന്നതും. മനുഷ്യരേക്കാള്‍ പ്രകൃതിയും വരണ്ട അന്തരീക്ഷവും ചേര്‍ന്നാണ് കുട്ടിയുടെ ഭൗതികശരീരം പൂര്‍ണമായും അഴുകാതെ സൂക്ഷിച്ചതെന്നതും ശ്രദ്ധേയം.

ഏതാണ്ട് ആറിനും 12നും ഇടക്ക് പ്രായം കണക്കാക്കുന്ന കുഞ്ഞുമമ്മിയുടെ സിടി സ്‌കാന്‍ നടത്തിയപ്പോഴാണ് കൂടുതല്‍ അമ്പരപ്പുണ്ടായത്. പെണ്‍കുട്ടിയുടേതെന്നു കരുതുന്ന ശരീരത്തില്‍ തൊലിയും ഞരമ്പുകളും എന്തിന് മുടി വരെ ഭാഗികമായി സംരക്ഷിക്കപ്പെട്ടിരുന്നു. മരണശേഷം കുഞ്ഞിനെ മുഴുവനായി തുണികൊണ്ട് പൊതിഞ്ഞാണ് സംസ്‌ക്കരിച്ചതെന്നാണ് ഇസ്രയേലി പുരാവസ്തു അതോറിറ്റിയിലെ രോനിത് ലുപു പറഞ്ഞത്. 

പുരാതന ഹീബ്രു ലിഖിതങ്ങളും ചാവുകടലിനോട് ചേര്‍ന്നുള്ള ഈ പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 2000 വര്‍ഷം പഴക്കം കണക്കാക്കുന്ന ബൈബിള്‍ കാല കൃതികളുടെ ഗ്രീക്ക് പരിഭാഷയാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. ദൈവനാമത്തില്‍ എന്ന് മാത്രമാണ് കൂട്ടത്തില്‍ ഹീബ്രുവില്‍ എഴുതിയിരിക്കുന്നത്. റോമന്‍ രാജവംശത്തിനെതിരായ ജൂതന്മാരുടെ പ്രക്ഷോഭത്തിന്റെ കാലത്താണ് ഇത് എഴുതപ്പെട്ടതെന്നാണ് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 

ഇവിടെ നിന്നും കണ്ടെടുത്ത കുട്ടയ്ക്ക് ഏതാണ്ട് പതിനായിരം വര്‍ഷത്തിന്റെ പഴക്കമുണ്ട്. ഏതാണ്ട് മൂന്ന് അടിയോളം ഉയരമുള്ള ഇത് ഇന്നുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള കുട്ടയുമാണ്. ഇതിനുപുറമേ അമ്പു മുനകള്‍, മുടി ഒതുക്കാനുള്ള ചീപ്പ്, നാണയങ്ങള്‍ എന്നിവയും ഈ ഗുഹയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

English Summary: Israel's 'Cave of Horrors' Has Yielded a Treasure Trove of Startling New Discoveries

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA