ADVERTISEMENT

സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് പേടകം 2030 ന് മുൻപ് ചൊവ്വയിൽ ഇറങ്ങുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ട്വിറ്റർ വഴിയാണ് തന്റെ സ്വപ്നപദ്ധതിയെ കുറിച്ച് മസ്ക് പ്രതികരിച്ചത്. സ്റ്റാർഷിപ്പ് റോക്കറ്റിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ നിരവധി തവണ പരാജയപ്പെട്ടിരുന്നു. എങ്കിലും സെക്വോയ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് ഫെബ്രുവരിയിൽ 850 മില്യണ്‍ ഡോളറിന്റെ ഫണ്ട് സ്വരൂപിക്കാൻ മസ്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനിക്ക് സാധിച്ചു.

 

∙ ചൊവ്വാ യാത്രയ്ക്കുള്ള പേടകം പൊട്ടിത്തെറിക്കുന്നു, പരീക്ഷണങ്ങൾ വൻ തലവേദനയോ?

 

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിക്കുന്നത് തുടരുകയാണ്. അടുത്തിടെ നടന്ന പരീക്ഷണത്തിലും സ്റ്റാർഷിപ്പ് 'എസ്എൻ 9, 10' റോക്കറ്റുകൾ പൊട്ടിത്തെറിച്ചിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റിന്റെ ഡിസൈൻ 2019 ൽ തന്നെ സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. (കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ റോക്കറ്റായ ഫാൽക്കൺ 1ന് 68 അടി ഉയരവും, 5.5 അടി വ്യാസവുമാണ് ഉണ്ടായിരുന്നത്. ഏകദേശം 400 പൗണ്ട് ആയിരുന്നു ഇതിന്റെ പേലോഡ്).

 

സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ ഘട്ടവുമായി ഇണക്കും. ഇതു രണ്ടും കൂടെ ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. ഇതു ബഹിരാകാശത്തേക്കു വഹിക്കുന്നതാകട്ടെ 220,000 പൗണ്ടും. നാസ 50 വര്‍ഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേണ്‍ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാര്‍ഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാര്‍ഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നും പറയുന്നു. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുകവഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

 

വരും വര്‍ഷങ്ങളിൽ തന്നെ ആളുകള്‍ ബഹിരാകാശത്തു സഞ്ചരിക്കാനുള്ള സാധ്യതയുണ്ടെന്ന് മസ്‌ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. തന്റെ കമ്പനിയായ സ്‌പേസ്എക്‌സിന് 2030 ന് മുൻപ് തന്നെ ഇത് സാധ്യമാക്കാൻ കഴിയുമെന്നാണ് മസ്ക് പറയുന്നത്. ഏതാനും വര്‍ഷം മുൻപു മാത്രമാണ് തങ്ങള്‍ ഇതിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം പല കാര്യങ്ങളും ആവേശത്തോടെ സംസാരിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോയ ചരിത്രമുള്ളയാളാണ് മസ്‌ക് എന്ന കാര്യവും ഇവിടെ മനസ്സില്‍വയ്‌ക്കേണ്ടതാണ്.

 

സ്റ്റാര്‍ഷിപ് ഭാവിയുടെ പ്രതീക്ഷയാണെങ്കിലും അത് സ്റ്റെയിൻ‌ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിർമിച്ചതാണ്. ജോലിക്കാരുടെ കൈക്കരുത്തില്‍ നിര്‍മിച്ചതാണിതെന്ന് അതിന്റെ അപൂര്‍ണത വിളിച്ചു പറയുന്നുണ്ട്. എന്നാല്‍, ഈ പേടകം നിര്‍മിക്കാന്‍ സ്റ്റീല്‍ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈ-ടെക് കാര്‍ബണ്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള സ്റ്റീല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോള്‍ ചെലവു കുറയും. കൂടുതല്‍ എളുപ്പത്തില്‍ പിടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോള്‍ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാന്‍ കൂടുതല്‍ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപകരിക്കുകയും ചെയ്യും.

 

ആദ്യ യാത്രയില്‍ നൂറോളം പേരുമായി ബഹിരാകാശത്തേക്കു കുതിക്കുന്നതാണ് മസ്‌ക് സ്വപ്‌നം കാണുന്നത്. ഈ യാത്രയില്‍ ജപ്പാന്‍കാരനായ കോടീശ്വരൻ യുസാകു മാസാവായും ചില കലാകാരന്മാരും ആയിരിക്കും ആദ്യം ബഹിരാകാശ സഞ്ചാരത്തിനു പോകുന്നതെന്നാണ് കരുതുന്നത്. യാത്രയില്‍ അവര്‍ ചന്ദ്രനെച്ചുറ്റി തിരിച്ചു വരും.

 

സ്റ്റാര്‍ഷിപ്പ് തന്നെ ആവേശഭരിതനാക്കുന്നുവെന്നാണ് മസ്‌ക് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച 200 പേരോടു പണ്ടൊരിക്കൽ പറഞ്ഞത്. സ്‌പേസ്എക്‌സ് 2002ല്‍ ആണ് സ്ഥാപിതമാകുന്നത്. അക്കാലത്ത് മസ്‌ക് പറഞ്ഞത് മനുഷ്യരെ വിവിധ ഗ്രഹങ്ങളില്‍ ജീവിക്കുന്നവരാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ്. സ്വയം നിലനിര്‍ത്താനാകുന്ന ഒരു നഗരം ചൊവ്വയില്‍ പണിയുക എന്നതാണ് മസ്‌കിന്റെ മോഹങ്ങളിലൊന്ന്.

 

ഇതെല്ലാം മസ്‌കിന്റെ മോഹങ്ങളല്ല വ്യാമോഹങ്ങളാണെന്ന് വാദിക്കുന്നരും ഉണ്ട്. ചിലപ്പോള്‍ ഇവ വിജയിച്ചേക്കാം. എങ്കിൽകൂടി അതൊന്നും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നടക്കാനുള്ള സാധ്യതയില്ല എന്നാണ് ചിലരുടെ അഭിപ്രായം. അതിസങ്കീര്‍ണമായ പല കാര്യങ്ങളിലൂടെയും കടന്നുപോയാല്‍ മാത്രമായിരിക്കും ഇതിലൊക്കെ വിജയിക്കാനാകുക. എന്നാല്‍ മസ്‌കിന്റെ കമ്പനി ചില വന്‍ വിജയങ്ങള്‍ നേടിക്കഴിഞ്ഞതായും പറയുന്നു. സ്റ്റാര്‍ഷിപ് പ്രൊജക്ടിനെ ഒരു സിദ്ധാന്ത ഘട്ടമായി കണ്ടാല്‍ പോലും അടുത്ത പല വര്‍ഷങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ സ്വപ്‌നങ്ങള്‍ ഫലം കണ്ടേക്കാമെന്നു കരുതുന്നവരും ഉണ്ട്.

 

English Summary: SpaceX to land Starship rockets on Mars well before 2030, says Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com