ADVERTISEMENT

ചൊവ്വയില്‍ ഒരുകാലത്ത് മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ ടിക് ടോകില്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. ആദ്യ മനുഷ്യ കോളനിയായിരുന്ന ചൊവ്വയിലുണ്ടായ ആണവയുദ്ധമാണ് അവിടം വാസയോഗ്യമല്ലാതാക്കിയതെന്നും തുടര്‍ന്നാണ് ഭൂമിയിലേക്ക് മനുഷ്യരെത്തിയതെന്നുമാണ് വിഡിയോ അവകാശപ്പെടുന്നത്. ചൊവ്വയുടെ മുഖമുദ്രയായ ചുവപ്പ് നിറത്തിന് പിന്നില്‍ ഈ ആണവയുദ്ധത്തിന്റെ ബാക്കിപത്രമാണെന്നുകൂടി ഈ വിഡിയോ പറഞ്ഞുവെക്കുന്നു. 

 

crackheadjoedtir എന്ന ടിക് ടോക് യൂസറാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങളുടെ തലപെരുക്കി കളഞ്ഞ ഗൂഢാലോചനാ സിദ്ധാന്തം എന്താണ് എന്ന മറ്റൊരു ടിക് ടോക് യൂസറുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഈ വിഡിയോ പോസ്റ്റ് ചെയ്തത്. വൈകാതെ ഇത് ക്ലിക്കാവുകയായിരുന്നു.

 

'ചൊവ്വ പ്രകൃത്യാ ചുവന്ന ഗ്രഹമല്ല. ഏതാനും ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഗ്രഹം ചുവപ്പുനിറമായെങ്കില്‍ അതിന്റെ കാരണം അറിയണോ നിങ്ങള്‍ക്ക്? ആവശ്യത്തിന് അണുബോംബുകള്‍ പൊട്ടിത്തെറിച്ചാല്‍ തുടര്‍ന്നുണ്ടാവുന്ന ന്യൂക്ലിയര്‍ വിന്റര്‍ ഇത്തരമൊരു നിറം മാറ്റത്തിന് കാരണമാകും. ആണവസ്‌ഫോടനങ്ങളെ തുടര്‍ന്നുണ്ടാവുന്ന പൊടിപടലങ്ങളും ചാരവും ദീര്‍ഘകാലത്തേക്ക് സൂര്യപ്രകാശം തടയാനും മാത്രം ശേഷിയുള്ളവയായിരിക്കും. ഇത് നൂറ് വര്‍ഷം മുതല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വരെ നീണ്ടേക്കാം. 

 

ന്യൂക്ലിയര്‍ വിന്ററിനെ തുടര്‍ന്ന് ചൊവ്വയിലെ വിഭവങ്ങളെല്ലാം നശിക്കാനും ചൊവ്വാ ഗ്രഹം തന്നെ ചുവപ്പു നിറമായി മാറാനും സാധ്യതയുണ്ട്. ചൊവ്വയിലെ എല്ലാ വിഭവങ്ങളും നശിപ്പിച്ചശേഷമാണ് മനുഷ്യര്‍ ഭൂമിയിലേക്ക് കുടിയേറിയത്' എന്നിങ്ങനെ പോകുന്നു crackheadjoedirtന്റെ സിദ്ധാന്തങ്ങള്‍. ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇല്ലെങ്കിലും ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതില്‍ പ്രചരിക്കുകയാണ്. 

 

ഇപ്പോള്‍ ചൊവ്വയിലുള്ള ജലം 300 കോടി വര്‍ഷങ്ങള്‍ക്കു മുൻപ് ഉണ്ടായതാണെന്ന് കഴിഞ്ഞ മാര്‍ച്ച് 16ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒറ്റ നോട്ടത്തില്‍ ചൊവ്വയില്‍ ജലം കാണാത്തതിന് രണ്ട് സാധ്യതകളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നത്. ഒന്നുകില്‍ ചൊവ്വയിലെ ജലം ബഹിരാകാശത്തേക്ക് ആവിയായി പോയി അല്ലെങ്കില്‍ ഇപ്പോഴും ചൊവ്വക്കുള്ളിലെ പാറക്കെട്ടുകള്‍ക്ക് കിലോമീറ്ററുകള്‍ അടിയില്‍ വെള്ളം വലിയ തോതില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്.

 

അയണ്‍ ഓക്‌സൈഡിന്റെ വര്‍ധിച്ച സാന്നിധ്യം മൂലമാണ് ചൊവ്വയുടെ നിറം ചുവന്നിരിക്കുന്നതെന്നും ശാസ്ത്രം പറയുന്നുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഈ അയണ്‍ ഓക്‌സൈഡ് പൊടി ഉയരുമ്പോഴാണ് ആകാശം പിങ്ക് നിറത്തിലും ലൈറ്റ് ഓറഞ്ച് നിറത്തിലും മാറുന്നത്. ഭൂമിയേക്കാള്‍ വലുപ്പം കുറഞ്ഞതും കുറഞ്ഞ ഗുരുത്വാകര്‍ഷണം ഉള്ളതുമായ ഗ്രഹമാണ് ചൊവ്വ. 

 

ഭൂമി നിര്‍മിക്കപ്പെട്ട കാലത്ത് ഭൂമിയിലെ വര്‍ധിച്ച ഊഷ്മാവിനെ തുടര്‍ന്ന് അയണ്‍ ഓക്‌സൈഡില്‍ വലിയൊരു ശതമാനവും ഉരുകി ഭൂമിയുടെ അകക്കാമ്പിലെത്തുകയായിരുന്നു. ചൊവ്വയില്‍ ഇത്ര ഉയര്‍ന്ന ഊഷ്മാവ് ഒരിക്കലും ഇല്ലാതിരുന്നതിനാല്‍ അയണ്‍ ഓക്‌സൈഡ് ഉപരിതലത്തില്‍ തന്നെ അവശേഷിച്ചുവെന്നും കരുതപ്പെടുന്നു. എന്നാല്‍, ഇത്തരം ശാസ്ത്രീയ ധാരണകളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് ടിക് ടോകില്‍ മനുഷ്യന്‍ വന്നത് ചൊവ്വയില്‍ നിന്നാണെന്ന ഗൂഢാലോചനാ സിദ്ധാന്തം പ്രചരിക്കുന്നത്.

 

English Summary: Viral Mars Conspiracy Theory Video Claims Humans Lived on Mars, Destroyed it in Nuclear War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com