ADVERTISEMENT

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ഉച്ചി മുതല്‍ ഉള്ളംകാല്‍ വരെ നീണ്ടുകിടക്കുന്ന ത്വക്ക് വഴിയാണ് പുറം ലോകത്തെ നമ്മള്‍ പലവിധം അടുത്തറിയുന്നത്. എന്നാല്‍ ഇതില്‍ തന്നെ നമ്മുടെ വിരലുകളിലെ ത്വക്ക് നേരത്തെ കരുതിയതിലും ഏറെ സംവേദന ക്ഷമതയുള്ളതാണെന്നാണ് ഇപ്പോള്‍ ശാസ്ത്രം തിരിച്ചറിയുന്നത്. അതായത് മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രഹസ്യ ആയുധം കൂടിയാണ് വിരൽത്തുമ്പുകൾ എന്നും പറയാം.

 

സ്വീഡനിലെ ഉമേയ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. വിരലുകളില്‍ പ്രത്യേകമായി ഘടിപ്പിച്ച റിസപ്റ്ററുകള്‍ വഴിയാണ് തൊട്ടറിയലും സമ്മര്‍ദവും വേദനയും വിറയലും അടക്കമുള്ള നിരവധി സംവേദനങ്ങള്‍ തിരിച്ചറിഞ്ഞത്. നമ്മുടെ കൈവിരലുകളില്‍ മാത്രം ഇത്തരം സംവേദനങ്ങളെ തിരിച്ചറിയാന്‍ വേണ്ട പതിനായിരക്കണക്കിന് ന്യൂറോണുകളാണുള്ളത്. 

ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 12 മനുഷ്യരിലാണ് പഠനം നടത്തിയത്. കൈവിരലുകള്‍ ചലിപ്പിക്കാനാവാത്തവിധം പരത്തി വെച്ച ശേഷം വൃത്താകൃതിയിലുള്ള ഒരു ചെറുയന്ത്രം വിരലുകള്‍ക്ക് മുകളിലൂടെ ചലിപ്പിച്ചു. ആ സമയം വിരലുകളിലെ ന്യൂറോണുകളുടെ പ്രതികരണം പരീക്ഷണവിധേയരായവരുടെ കൈകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോഡുകള്‍ വഴി ശേഖരിക്കുകയായിരുന്നു.

 

ഓരോ വിരല്‍ തുമ്പുകളിലും പ്രത്യേകം ഭാഗങ്ങള്‍ കൂടുതല്‍ സംവേദനക്ഷമത കാണിക്കുന്നതായും കണ്ടെത്തി. വേഗത്തിലും സാവധാനത്തിലും ദിശമാറ്റിയും ഈ വൃത്താകൃതിയിലുള്ള യന്ത്രം ചലിപ്പിച്ചെങ്കിലും വിരലുകളിലെ സംവേദനക്ഷമത കൂടുതലുള്ള മാറ്റങ്ങള്‍ സ്ഥിരമായി കാണപ്പെട്ടു. ഇതില്‍ നിന്നും ഈ പ്രത്യേക ഭാഗങ്ങളാണ് വിരലുകളെ തൊട്ടറിയാന്‍ സഹായിക്കുന്നതെന്നും ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു.

 

വിരലുകളുടെ തുമ്പുകളിലെ ഈ അതി സംവേദനത്വമുള്ള ഭാഗങ്ങള്‍ക്ക് ഏതാണ്ട് 0.4 മില്ലിമീറ്റര്‍ അകലം വരെ തിരിച്ചറിയാനാകും. ഈ അകലം നമ്മുടെ ഹസ്ത രേഖകള്‍ തമ്മിലുള്ള അകലത്തോളം ചെറുതാണ്. വിരല്‍ തുമ്പുകളിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ തലച്ചോറിലേക്ക് അയക്കുകയും അതുവഴി സംവേദനം സാധ്യമാക്കുകയുമാണ് ചെയ്യുന്നത്. ന്യൂറോ സയന്‍സ് ജേണലിലാണ് പഠനഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: The Sensitivity of Human Fingertips Is Greater Than We Ever Imagined

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com