sections
MORE

ഭൂമിയ്ക്കും 'ഹൃദയമിടിപ്പ്’! ഇത് മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കും പ്രതിഭാസം?

schumann-resonances
Photo: Shutterstock
SHARE

ഭൂമിയ്ക്ക് 'ഹൃദയമിടിപ്പ്' ഉണ്ടെന്നും മനുഷ്യന്റെ സ്വഭാവത്തില്‍ വരെ ആ ഹൃദയമിടിപ്പ് സ്വാധീനിക്കാറുണ്ടെന്നും എത്രപേര്‍ക്കറിയാം? ഓരോ നിമിഷവും ഏതാണ്ട് 50 മിന്നലുകള്‍ ഭൂമിയിലെത്താറുണ്ട്. തുടര്‍ച്ചയായ ഈ മിന്നലുകളുടെ പ്രവാഹം ഭൂമിയില്‍ കുറഞ്ഞ തരംഗദൈര്‍ഘ്യത്തിലുള്ള ഒരു വൈദ്യുത കാന്തിക ചലനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ ചലനങ്ങളെയാണ് ഷുമാന്‍ മാറ്റൊലി അഥവാ ഭൂമിയുടെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിക്കുന്നത്. 

1960കളിലാണ് ഈ പ്രതിഭാസം ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. ഏതാണ്ട് 7.83 Hz ഫ്രീക്വന്‍സിയില്‍ ഏറിയും കുറഞ്ഞും ഊര്‍ജ തരംഗങ്ങള്‍ സംഭവിക്കുന്നു എന്നായിരുന്നു കണ്ടെത്തല്‍. ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ വിന്‍ഫ്രെയ്ഡ് ഒട്ടോ ഷുമാന്റെ ബഹുമാനാര്‍ഥം ഈ പ്രതിഭാസത്തിനു ഷുമാന്‍ മാറ്റൊലി എന്ന് പേരിടുകയും ചെയ്തു.

ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഭാഗമായ അയണോസ്ഫിയറിലുണ്ടാവുന്ന മാറ്റങ്ങളെ തുടര്‍ന്നാണ് ഈ വൈദ്യുത കാന്തിക ചലനങ്ങള്‍ ഏറിയും കുറഞ്ഞും സംഭവിക്കുന്നത്. സൂര്യനില്‍ നിന്നുള്ള ഊര്‍ജം വലിച്ചെടുക്കുന്നതിനനുസരിച്ച് വലുപ്പം കൂടുകയും കുറയുകയും ചെയ്യുന്ന അന്തരീക്ഷ മേഖലയാണിത്. രാത്രി സമയത്ത് അയണോസ്ഫിയറിന്റെ കനം കുറഞ്ഞും പകല്‍ സമയത്ത് കനം കൂടിയുമാണ് കാണപ്പെടുന്നത്. ഇടിമിന്നല്‍ ഹോട്ട്‌സ്‌പോട്ടുകളായി കരുതപ്പെടുന്ന പ്രദേശങ്ങളിലെ മിന്നലുകളുടെ ശേഷിയിലുള്ള വര്‍ധനവും ഈ ഭൂമിയുടെ ഹൃദയമിടിപ്പിന്റെ ഏറ്റക്കുറച്ചിലിനു കാരണമാകാറുണ്ട്.

ഭൂമിയുടെ ഈ ഹൃദയമിടിപ്പിനു മനുഷ്യരുടെ സ്വഭാവത്തില്‍ വരെ സ്വാധീനം ചെലുത്താനാകുമെന്ന് നേരത്തെ പുറത്തുവന്ന പഠനങ്ങള്‍ പറഞ്ഞിരുന്നു. നമ്മുടെ തലച്ചോറിലെ ചലനങ്ങളും ഭൂമിയുടെ ഹൃദയമിടിപ്പും ഏതാണ്ട് 6 ഹെട്‌സിനും 16 ഹെട്‌സിനും ഇടയ്ക്കുള്ള തരംഗങ്ങളാണെന്നാണ് 2006ല്‍ പുറത്തിറങ്ങിയ പഠനത്തില്‍ പറഞ്ഞത്. 2016ല്‍ കാനഡയിലെ ലോറന്‍ഷ്യന്‍ സര്‍വകലാശാലയിലെ ബിഹേവിയറല്‍ ന്യൂറോസയന്‍സ് ലബോറട്ടി മറ്റൊരു വിശദമായ പഠനവും നടത്തിയിരുന്നു. ഇതില്‍ 184 വ്യക്തികളെ ഏതാണ്ട് മൂന്നര വര്‍ഷക്കാലത്തോളം തുടര്‍ച്ചയായി പഠനവിധേയരാക്കി. ഈ പഠനവും മനുഷ്യന്റെ തലച്ചോറിലേയും ഭൂമിയുടെ ഹൃദയമിടിപ്പിന്റേയും വൈദ്യുത കാന്തികതരംഗങ്ങളുടെ സാമ്യതയാണ് എടുത്തുകാണിക്കപ്പെട്ടത്. 

ഭൂമിയുടെ ഹൃദയമിടിപ്പായി കണക്കാക്കപ്പെടുന്ന 7.83 ഹെട്‌സ് ശേഷിയുള്ള തരംഗത്തെ ചിലര്‍ മനുഷ്യനിലെ ഹിപ്‌നോസിസുമായും ധ്യാനവുമായും മനുഷ്യരിലെ വളര്‍ച്ചാ ഹോര്‍മോണുകളുമായി വരെ താരതമ്യപ്പെടുത്തി. എന്നാല്‍, ഇതിന് ഇന്നുവരെ ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യന്റെ ബോധാവസ്ഥയെ വരെ സ്വാധീനിക്കാന്‍ ഭൂമിയുടെ ഹൃദയമിടിപ്പിനു സാധിക്കുമെന്ന് കരുതുന്നവരുമുണ്ട്. ആശങ്കപ്പെടുത്തുന്ന ഇത്തരം നിരീക്ഷണങ്ങളെ തല്‍ക്കാലത്തേക്ക് നമുക്ക് വെറുതേവിടാം. പ്രത്യേകിച്ചും ശാസ്ത്രം അതിന് വേണ്ട തെളിവുകള്‍ കണ്ടെത്തും വരെയെങ്കിലും.

English Summary: Earth Has A 'Heartbeat' Of 7.83 Hz, And It Could Affect Human Behaviour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA