ADVERTISEMENT

അശ്ലീല ഉള്ളടക്കങ്ങളും കുറ്റകൃത്യങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് ഒരുകൂട്ടം ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അശ്ലീല ദൃശ്യങ്ങൾ അമിതമായി കാണുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് നയിച്ചേക്കാം. അശ്ലീല വിഡിയോകൾക്ക് അടിമകളായവര്‍ അതാണ് ശരിയെന്ന വികലമായ കാഴ്ചപ്പാടിലേക്കും തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളിലേക്കും മാറുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് അമിതമായി പോൺ കാണുന്നവരെ ജീവിതത്തിൽ കാത്തിരിക്കുന്നത് വൻ ദുരന്തമാണ് എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

അമിതമായി അശ്ലീല ഉള്ളടക്കങ്ങൾ കാണുന്നത് ജീവിതത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടിനിടയാക്കും. അത് വ്യക്തികളുടെ ലൈംഗിക ജീവിതത്തെ പോലും തകിടം മറിക്കുമെന്നും ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിലെ മാനസികാരോഗ്യവിഭാഗം തലവന്‍ സമീര്‍ പരീഖ് പറഞ്ഞു. പ്രത്യേകിച്ചും ചെറുപ്രായത്തില്‍ തന്നെ അമിതമായി പോൺ കാണുന്നവരില്‍ ഇതുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ വികലമാക്കാനും വ്യക്തികളെ സ്വഭാവവൈകല്യമുള്ളവരാക്കാനും ഇത് മാത്രം മതിയാകും.

 

പല അശ്ലീല ദൃശ്യങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. പോൺ വിഡിയോകളിൽ കാണുന്നതാണ് സ്ത്രീ പുരുഷ ബന്ധമെന്ന തെറ്റിദ്ധാരണ മൂലം പലരും ലൈംഗിക കുറ്റകൃത്യങ്ങളിലും അകപ്പെടുന്നുണ്ടെന്നാണ് ന്യൂഡല്‍ഹി എയിംസിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസര്‍ നന്ദ കുമാര്‍ പറയുന്നത്. ദീര്‍ഘ സമയം ഇത്തരം വിഡിയോകൾ കാണുന്നവരുടെ പെരുമാറ്റത്തിലും വാക്കുകളിൽ പോലും അമിത ലൈംഗികതയുടെ സ്വാധീനം കണ്ടുവരാറുണ്ടെന്നതും വിവിധ പഠനങ്ങളിൽ പറയുന്നുണ്ട്.

 

എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അമിത ലൈംഗികതയുമായി ബന്ധമുണ്ടെന്ന് പറയുന്നത് വിഡ്ഢിത്തരമാകും. എന്നാല്‍, മറ്റു പല ഘടകങ്ങളെ പോലെ തന്നെ കുറ്റകൃത്യങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ പോൺ അമിതമായി കാണുന്ന ശീലങ്ങള്‍ കാരണമാകുന്നുണ്ട്. പ്രത്യേകിച്ചും ഗാര്‍ഹിക പീഢനങ്ങളിലും ബലാത്സംഗങ്ങളിലും മറ്റും. 

 

അമിതമായി പോൺ കാണുന്നവരുടെ ദൈനംദിന പ്രവൃത്തികളെ പോലും ഇത് ബാധിക്കാറുണ്ട്. വ്യക്തികളുടെ ഉറക്കം, ജോലി, പഠനം, സാമൂഹ്യമായ ഇടപെടലുകള്‍ എന്നിവയെല്ലാം ഈയൊരു ദുശീലം കൊണ്ട് താറുമാറാകാം. ഇത് സ്വയം തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. പോൺ കാണുന്നത് നിര്‍ത്തണമെങ്കില്‍ ആ വ്യക്തികള്‍ തന്നെയാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. മറ്റു കാര്യങ്ങളിലേക്കും വിനോദങ്ങളിലേക്കും ബോധപൂര്‍വം സമയം കണ്ടെത്തുന്നതും വിദഗ്ധരുടെ സഹായം തേടുന്നതുമെല്ലാം ഈ ദുശീലത്തെ ഫലപ്രദമായി മറികടക്കാന്‍ സഹായിക്കും. 

 

അതേസമയം, പോൺ നിരോധിക്കുക എന്നത് ഇതിനൊരു പരിഹാരമല്ലെന്നാണ് സമീര്‍ പാരിക്ക് വ്യക്തമാക്കുന്നത്. നിരോധനം വന്നാല്‍ ഇതിന് അടിപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിക്കും. ഇതിന് പകരമായി ചെറുപ്രായം മുതല്‍ തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. യാഥാര്‍ഥ്യവും തട്ടിപ്പും തമ്മില്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

English Summary: Excessive pornography linked to sexual aggression: Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com