ADVERTISEMENT

മനുഷ്യരുടെ ബഹിരാകാശസഞ്ചാരം മുൻപെങ്ങുമില്ലാത്ത രീതിയില്‍ കൂടാൻ പോകുകയാണ്. ഇതിനിടെയാണ് പുതിയ കണ്ടെത്തലുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. അവര്‍ പറയുന്നത്, ദീര്‍ഘകാലം ബഹിരാകാശത്തു കഴിയുന്നത് ഹൃദയം ചുരുങ്ങാന്‍ കാരണമായേക്കുമെന്നാണ്. അടുത്ത തലമുറയിലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇത് ആശങ്കയുണ്ടാക്കുമെന്നും അവർ പറയുന്നു.

ബഹിരാകാശത്തു വച്ച് വ്യായാമം നടത്തിയാല്‍ പോലും ഇത് പരിഹരിക്കാനാകില്ല. ബഹിരാകാശത്തെ ഭാരമില്ലായ്മ ഹൃദയത്തിനേല്‍പിക്കുന്ന ആഘാതം കുറയ്ക്കാന്‍ വ്യായാമത്തിനും സാധിച്ചേക്കില്ല. വിരമിച്ച ബഹിരാകാശ സഞ്ചാരിയായ സ്‌കോട്ട് കെല്ലിയുടെ ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. അദ്ദേഹം ബഹിരാകാശ നിലയത്തിൽ 2015 ലും 2016 ലുമായി ഒരു വര്‍ഷം താമസിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സ് 2026 ലും നാസ 2030 കളിലും ബഹിരാകാശ യാത്രകള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. 

സ്‌കോട്ട് കെല്ലിയില്‍ ‌നിന്നു ശേഖരിച്ച ഡേറ്റ നീന്തല്‍ വിദഗ്ധനായ ബി. ലെക്കോംടെയുടെ ഡേറ്റയുമായാണ് താരതമ്യം ചെയ്തത്. ദീര്‍ഘനേരം വെളളത്തില്‍ കിടക്കുമ്പോഴും ബഹിരാകാശത്തേതിനു സമാനമായ ഭാരമില്ലായ്മ അനുഭവപ്പെടുന്നു. ഇരുവര്‍ക്കും അവരുടെ ഹൃദയത്തിന്റെ ഇടത്തു ഭാഗത്ത് (ventricle) മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരുവരും തങ്ങളുടെ ഉദ്യമത്തിനിടെ ആവശ്യത്തിന് വ്യായാമം നടത്തിയിട്ടുമുണ്ട്. ബഹിരാകാശത്തു നിലനില്‍ക്കുന്ന സൂക്ഷ്മ ഗുരുത്വാകര്‍ഷണം (Microgravity) മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പു ചെയ്യാന്‍ ഹൃദയത്തിന് അധികം യത്‌നിക്കേണ്ടതായി വരുന്നില്ല. ഇത് പേശികൾ ചുരുങ്ങാൻ കാരണമാകുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ദീര്‍ഘകാലം ബഹിരാകാശ സഞ്ചാരവും മറ്റും നടത്തുന്നവരിൽ ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു പറയുന്നു. ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്കു പുറമെ, എല്ലുകളുടെ സാന്ദ്രത കുറയുന്നത് അവ പെട്ടെന്നു പൊട്ടാന്‍ കാരണമാകാം. മസിലുകളുടെ ശക്തി കുറയ്ക്കാനും ദീര്‍ഘകാല ബഹിരാകാശവാസം ഇടവരുത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

∙ എന്താണ് ബഹിരാകാശ വാസികള്‍ക്ക് സംഭവിക്കുന്നത്?

ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ഇല്ലെന്നതിനാല്‍ മസിലുകള്‍ക്കു കാര്യമായ ജോലിയില്ല. എന്നാല്‍, ഇതിനു പകരമായി ധാരാളം വ്യായാമം ചെയ്ത് മസിലുകളുടെ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍, ഒരോ തവണയും ബഹിരാകാശ സഞ്ചാരി എഴുന്നേറ്റു നില്‍ക്കുമ്പോള്‍ അയാളുടെ രക്തം കാലുകളിലേക്ക് വലിഞ്ഞിറങ്ങുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ പ്രവര്‍ത്തിച്ചാണ് ഹൃദയം രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ഇതുമൂലമാണ് ഹൃദയത്തിന്റെ വലുപ്പവും പ്രവര്‍ത്തനവും മാറ്റമില്ലാതെ തുടരുന്നത്. ഗുരുത്വാകര്‍ഷണം ഇല്ലാതെ വരുമ്പോള്‍ ഹൃദയത്തിന്റെ ഈ പ്രവര്‍ത്തനം കുറയുന്നു. അതിനാല്‍ ഹൃദയം ക്രമേണ ചുരുങ്ങുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഹൃദയം വളരെ പതമുള്ള ഒന്നാണ്. ഗുരുത്വാകര്‍ഷണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇതിന്റെ വ്യത്യാസം അറിയാനാകുമെന്നാണ് പഠനത്തിന്റെ മുഖ്യ ഗവേഷകനും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ പ്രെഫസറുമായ ബെഞ്ചമില്‍ ഡി. ലേവൈന്‍ പറയുന്നത്. ഗുരുത്വാകര്‍ഷണ വലയത്തിലായിരിക്കുമ്പോഴും അതില്ലാത്തപ്പോഴും ആയാസകരമല്ലാത്ത വ്യായാമമുറകള്‍ പിന്തുടരുമ്പോഴും ഇതു കാണാം. ദീര്‍ഘനേരം വ്യായാമം ചെയ്താല്‍ പോലും ഹൃദയത്തിന്റെ മസിലുകള്‍ ചുരുങ്ങുന്നത് കുറയുന്നില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

കൂടുതല്‍ സമയം ബഹിരാകാശത്തു ചെലവിടാനായി മനുഷ്യര്‍ ഇറങ്ങിത്തിരിക്കുന്ന ഇക്കാലത്ത് സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിന്റെ ഫലങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. ബഹിരാകാശ നിലയത്തിൽ ആളുകള്‍ തങ്ങുന്ന സമയംകൂടുന്നു. അതുപോലെ ബഹിരാകാശ യാത്രകള്‍ക്ക് കൂടുതല്‍ ആളുകള്‍ തയാറെടുക്കുന്നു. ഇവരുടെയെല്ലാം ആരോഗ്യത്തിന് ഉതകുന്ന രീതിയിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനായി കൂടുതല്‍ പഠനങ്ങള്‍ നടത്തണം. നാസ തങ്ങളുടെ ബഹിരാകാശ യാത്രികരെ കൂടുതല്‍ സമയം സൂക്ഷ്മ ഗുരുത്വാകര്‍ഷണ മേഖലകളില്‍ ചെലവിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു ബഹിരാകാശ സഞ്ചാരിക്ക് തന്റെ ജീവിതത്തിന്റെ മൂന്നു വര്‍ഷം വരെ നല്‍കേണ്ടതായി വരും. വെള്ളത്തില്‍ മുങ്ങിക്കിടക്കുക എന്നത് ഇതിനനുയോജ്യമായ ഒരു വ്യായാമ മുറയാണ്.

കെല്ലി 340 ദിവസമാണ് ബഹിരാകാശ നിലയത്തിൽ ചെലവിട്ടത്. അതായത് 2015 മാര്‍ച്ച് 27 മുതല്‍ 2016 മാര്‍ച്ച് 1 വരെ. അദ്ദേഹം ദിവസവും ഒന്നു രണ്ടു മണിക്കൂര്‍ വ്യായാമം ചെയ്തിരുന്നു. എക്‌സര്‍സൈസ് ബൈക്ക്, ട്രെഡ്മില്ല്, പ്രതിരോധക്ഷമത വര്‍ധിപ്പിക്കാനുള്ള മറ്റ് മുറകൾ തുടങ്ങിയവ ആഴ്ചയില്‍ ആറു ദിവസം വരെ മുടങ്ങാതെ ചെയ്തു വന്നിരുന്നു. ഡോക്ടര്‍മാര്‍ കെല്ലിയുടെ ഹൃദയത്തില്‍ വിവിധ തരം പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. കെല്ലിയുടെ ഹൃദത്തിന് ആഴ്ചയില്‍ 0.74 ഗ്രാം വച്ച് ഭാരം നഷ്ടപ്പെട്ടു എന്നാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ വലുപ്പം 2 ഇഞ്ചില്‍ നിന്ന് 1.8 ഇഞ്ചായി കുറഞ്ഞു. അദ്ദേഹം മുടങ്ങാതെ നടത്തിവന്ന വ്യായാമമുറകളൊന്നും ഗുണം ചെയ്തതുമില്ല.

∙ ഹൃദയം പഴയപടിയാക്കാൻ കഴിയുമോ?

പുതിയ കണ്ടെത്തലുകള്‍ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നവരെ സഹായിക്കാന്‍ ഉപകരിക്കുമെന്നാണ് കരുതുന്നത്. ചുരുങ്ങിപ്പോയ ഹൃദയം പഴയപടിയാക്കാനാകുമോ എന്നും പഠിച്ചു തുടങ്ങും. കൂഇത് മറ്റു വ്യക്തികള്‍ക്കും ബാധകമായിരിക്കുമോ എന്ന കാര്യത്തെക്കുറിച്ചും പഠിക്കേണ്ടിയിരിക്കുന്നു.

സൂക്ഷ്മ ഗുരുത്വാകര്‍ഷണമുള്ള സ്ഥലത്തെത്തുമ്പോള്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറുന്നു. പ്ലാസ്മ പോലെയുള്ള ദ്രാവകങ്ങള്‍ ശരീരത്തിന്റെ പല ഭാഗത്തേക്കുമായി നഷ്ടപ്പെടുന്നു. പ്ലാസ്മയിലാണ് ചുവന്ന രക്താണുക്കള്‍ ഉള്ളത്. പ്ലാസ്മ കുറഞ്ഞാല്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ വേണ്ട രക്തത്തിന്റെ അളവു കുറയുന്നു. എന്നാല്‍, വ്യായാമം ചെയ്താല്‍ പ്ലാസ്മയുടെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതായാണ് കണ്ടുവന്നിരുന്നത്. എന്തായാലും കാര്യമായി വ്യായാമത്തിലേര്‍പ്പെടുന്ന ബഹിരാകാശ സഞ്ചാരികളില്‍ കൂടുതല്‍ ചുവന്ന രക്താണുക്കള്‍ കാണുകയും ചെയ്യാം. സൂക്ഷ്മ ഗുരുത്വാകര്‍ഷണം മൂലം ഓര്‍ത്തോ സ്റ്റാറ്റിക് ഇന്റോളറന്‍സ് എന്നറിയപ്പെടുന്ന ഒരു മാറ്റവും ശരീരത്തിനു സംഭവിക്കുന്നുണ്ട്. എന്തായാലും ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ സമയോചിതമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.

English Summary: Extended Time in Space Linked With Loss in Cardiac Mass: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com