sections
MORE

തകാബൂതിയെ കൊന്നത് കോടാലി കൊണ്ട്... ചുരുളഴിയുന്ന മമ്മിക്കൊലപാതകം

Takabuti
Photo: wikimedia.org
SHARE

രണ്ടര സഹസ്രാബ്ദങ്ങൾക്കു മുൻപ് തീബ്‌സിലുള്ള കൊട്ടാരസദൃശ്യമായ തന്റെ വീട്ടിൽ നിൽക്കുകയായിരിക്കണം യുവതിയായ തകാബൂതി. അപ്പോഴാകാം അവൾക്കുള്ള അന്ത്യവിധിയുമായി കൊലയാളി കടന്നുവന്നത്. കൊലയാളിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ അവൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരിക്കണം. എന്നാൽ പിന്തുടർന്ന കൊലയാളി കൈയിലിരുന്ന കോടാലി കൊണ്ട് അവളുടെ ഇടതുതോളിൽ കഴുത്തിനു സമീപം തന്നെ വെട്ടി. പിടഞ്ഞുവീണ തകാബൂതി അതോടെ ഓർമയായി...

നെപ്പോളിയനിക് യുദ്ധങ്ങളുടെ അവസാനം യൂറോപ്പിൽ, വിശിഷ്യാ ബ്രിട്ടനിൽ ഈജിപ്തിൽ നിന്നുള്ള മമ്മികളുടെ കച്ചവടം പൊടിപൊടിച്ചിരുന്നു. ഈജിപ്തിൽ തമ്പടിച്ച കൊളോണിയൽ സാഹസികൻമാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും വലിയ നിധി ഈജ്പിതിലെ കല്ലറകളിലുറങ്ങുന്ന മമ്മികളാണെന്നു തിരിച്ചറിഞ്ഞ നാളുകൾ. ചരിത്രാതീത കാലത്ത് അന്ത്യനിദ്ര പൂണ്ട ഈജിപ്തിലെ രാജാക്കൻമാരുടെയും പ്രഭുക്കൻമാരുടെയും മമ്മിരൂപങ്ങൾ വിലപേശി സ്വന്തമാക്കാൻ പല ധനികരും യൂറോപ്പിൽ നിന്നു വിസ്മയങ്ങളുടെ നാടായ ഈജിപ്തിലെത്തി.

∙ അയർലൻഡിലെത്തിയ മമ്മി

അത്തരത്തിലൊരു ധനികനായിരുന്നു തോമസ് ഗ്രെഗ്. ധനികനായ ഒരു വടക്കൻ അയർലൻഡുകാരൻ. 1834 ൽ ഗ്രെഗ് ഒരു മമ്മിയെ വാങ്ങി. ഈജിപ്തിൽ നിന്ന് ആ മമ്മിരൂപത്തെ ഐറിഷ് നഗരമായ ബെൽഫാസ്റ്റിലെത്തിച്ചു. ഐറിഷ് മേഖലയിൽ ആദ്യമായെത്തിയ മമ്മിയായിരുന്നു അത്.

എന്നാൽ, പൊങ്ങച്ചക്കാരനായിരുന്നില്ല ഗ്രെഗ്. മമ്മികളെക്കുറിച്ചും ഈജിപ്തിനെക്കുറിച്ചും അക്കാദമികമായ താത്പര്യം നിലനിർത്തിയ ആളായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അക്കാലത്ത് അയർലൻഡിലെ പ്രശസ്തനായ ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ എഡ്വേഡ് ഹിങ്ക്‌സിന് മമ്മിയെ പഠിക്കാനായി അദ്ദേഹം വിട്ടുകൊടുത്തത്. അപാരമായ കൗതുകത്തോടെ പഠനമാരംഭിച്ച ഹിങ്ക്‌സ് മമ്മിയെ അടക്കിയിരുന്ന പെട്ടിയോടൊപ്പമുള്ള ഹീറോഗ്ലിഫിക്‌സ് എഴുത്തുകൾ വായിക്കാൻ ശ്രമം നടത്തി. ഒടുവിൽ ആ മമ്മിയുടെ പേര് ഹിങ്ക്‌സ് കണ്ടുപിടിച്ചു... തകാബൂതി.

∙ തീബ്‌സിലെ സുന്ദരി

ഹീറോഗ്ലിഫിക്‌സ് വിവരണങ്ങൾ മറ്റുചില വിവരങ്ങൾ കൂടി ഹിങ്ക്‌സിനും അതുവഴി ലോകത്തിനും നൽകി. ഈജിപ്തിലെ വിശ്വവിഖ്യാതമായ പൗരാണിക നഗരമായ തീബ്‌സിലായിരുന്നു തകാബൂതി ജീവിച്ചിരുന്നത്. മരിക്കുമ്പോൾ ഇരുപതുകൾ പിന്നിട്ടിട്ടില്ലാത്ത അവൾ , ഈജിപ്തിലെ അമുൻ ദേവന്റെ പുരോഹിതനായിരുന്ന ഒരാളുടെ മകളാണ്. ബിസി 660 ആയിരുന്നു തകാബൂതിയുടെ ജീവിതകാലം, ഈജിപ്തിൽ 25ാം സാമ്രാജ്യം നിലനിൽക്കുമ്പോഴായിരുന്നു ആ ജീവിതം.

വിവാഹം കഴിച്ചിരുന്നു തകാബൂതി. ഈജിപ്തിലെ ധനികനും പ്രബലനുമായ ഒരാളായിരുന്നു അവളുടെ ഭർത്താവ്. തീബ്‌സിൽ കൊട്ടാരസദൃശ്യമായ ഒരു വീടും അതിനെച്ചുറ്റി വലിയ വസ്തുവകകളുമുള്ള അവൾ ധനികയും സമൂഹത്തിൽ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവളുമായ ഒരു പ്രഭ്വിയായിരുന്നു.

∙ പടുമരണം... ദുരൂഹതകൾ

തകാബൂതിയുടെ മമ്മിശരീരം പിൽക്കാലത്ത് അത്യാധുനിക ശാസ്ത്ര പരീക്ഷണങ്ങൾക്കു വിധേയമാക്കിയിരുന്നു. എക്‌സ് റേ, സിടി സ്‌കാനുകൾ, ഹെയർ അനാലിസിസ്, റേഡിയോ കാർബൺ ഡേറ്റിങ്, ഡിഎൻഎ പരിശോധന എന്നിവയെല്ലാം.

ദുരൂഹമായ ഒട്ടേറെ വസ്തുതകളാണ് പരിശോധനകൾ വെളിവാക്കിയത്. തകാബൂതിക്ക് ശാരീരികമായ ചില പ്രത്യേകതളുണ്ടായിരുന്നു. സാധാരണ കാണപ്പെടുന്ന 32 പല്ലുകൾ കൂടാതെ മുപ്പത്തിമൂന്നാമതായി ഒരെണ്ണം കൂടി അവൾക്കുണ്ടായിരുന്നു. അവളുടെ നട്ടെല്ലിൽ സാധാരണ കാണുന്നതിനേക്കാൾ ഒരെല്ലും കൂടുതലായിരുന്നു.

ഡിഎൻഎ പരിശോധന മറ്റൊരു കാര്യം കൂടി വെളിവാക്കി. അവൾക്ക് യൂറോപ്യൻ പാരമ്പര്യമുണ്ടായിരുന്നു എന്നതായിരുന്നു അത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വിവരം പുറത്തു വന്നത് എല്ലാവരെയും ഞെട്ടിച്ചു. തകാബൂതി ഒരു കൊലപാതകശ്രമത്തിനു വിധേയായെന്നും ഇടതുതോളിൽ കിട്ടിയ വെട്ട് അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ശ്വാസകോശത്തെ താറുമാറാക്കിയെന്നും അതാണു തകാബൂതിയുടെ മരണകാരണമെന്നും തെളിഞ്ഞു. കത്തികൊണ്ടോ വാൾകൊണ്ടോ ആയിരിക്കാം ആക്രമണം എന്നാണ് ഇതുവരെ കരുതിയിരുന്നത്.

മറ്റൊരു ശ്രദ്ധേയമായ സവിശേഷത കൂടിയുണ്ടായിരുന്നു. തകാബൂതിയുടെ മമ്മിക്കുള്ളിൽ അവളുടെ ഹൃദയം സ്ഥിതി ചെയ്തിരുന്നു. സാധാരണ ഗതിയിൽ, അക്കാലത്തെ ഈജിപ്ഷ്യൻ രീതിയനുസരിച്ച് മരിച്ചയാളുടെ ഹൃദയം നിർബന്ധമായി നീക്കം ചെയ്തിരുന്നു. എന്തുകൊണ്ടിത് ചെയ്തില്ലെന്നത് ഇന്നും ദുരൂഹം.

∙ കൊന്നത് കോടാലി

ഇപ്പോൾ അയർലൻഡിലെ ഉൾസ്റ്റർ മ്യൂസിയത്തിലാണ് തകാബൂതിയുടെ മമ്മിയുള്ളത്. ബെൽഫാസ്റ്റ് സർവകലാശാലയിലെ പ്രഫസർമാരായ റോസലി ഡേവിഡും എലീൻ മർഫിയും നീണ്ടകാലമായി ഇതിൽ ഗവേഷണം ചെയ്യുന്നു. ഇവരാണ് തകാബൂതിയുടെ മുറിവിൽ വിവിധ സങ്കീർണ പരിശോധനകൾ നടത്തിയ ശേഷം കൊന്നത് കത്തിയും വാളും കൊണ്ടല്ല, മറിച്ച് കോടാലി കൊണ്ടാണെന്നു തെളിയിച്ചത്. വെറും കോടാലിയല്ല, അന്നത്തെ പട്ടാളക്കാർ ഉപയോഗിച്ചിരുന്ന അത്യന്തം മൂർച്ചയുള്ള അപകടകാരിയായ കോടാലി.

ആരായിരിക്കാം, എന്തിനായിരിക്കാം തകാബൂതിയെ കൊലപ്പെടുത്തിയത്. ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം ആയിട്ടില്ല. തകാബൂതി ജീവിച്ചിരുന്ന 25 ാം സാമ്രാജ്യത്തിന്റെ കാലഘട്ടം ഈജിപ്തിന്റെ പൗരാണിക ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമയമാണ്.ഈ കാലഘട്ടത്തിൽ ഏഷ്യാമൈനറിലെ അസീറിയൻ സാമ്രാജ്യം വലിയ ശക്തി പ്രാപിക്കുകയും ഈജിപ്തിൽ നിരവധി ആക്രമണങ്ങൾ നടത്തുകയും ചെയ്തു. അസീറിയൻ രാജാവായ അശുർബാനിപാലും ഈജിപ്തിലെ തഹർക്ക, ടാന്‌റമനി തുടങ്ങിയ രാജാക്കൻമാരുമായുള്ള യുദ്ധങ്ങൾ ഒട്ടേറെ പ്രഭുകുടുംബങ്ങളുടെയും ജനങ്ങളുടെയും കൊലപാതകങ്ങൾക്ക് ഇടവരുത്തിയിരുന്നു.

തകാബൂതിയുടെ വീടാക്രമിച്ച അസീറിയൻ പടയാളികളോ അല്ലെങ്കിൽ ഈർഷ്യ മൂത്ത ഏതെങ്കിലും ഈജിപ്ഷ്യൻ സ്വന്തക്കാരോ ആയിരിക്കാം തകാബൂതിയെ വെട്ടിയതെന്ന് ഗവേഷകർ പറയുന്നു. ചുരുളുകൾ അഴിയുന്നെങ്കിലും തകാബൂതിയും അവളുടെ കൊലപാതകവും ഇന്നും ഒരു പിടികിട്ടാ സമസ്യയായി ഗവേഷകർക്കിടയിൽ അവശേഷിക്കുന്നു.

English Summary: Famous female Mummy died stabbed Axe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA