sections
MORE

സൂര്യനെ ഭാഗികമായി മറയ്ക്കാനുള്ള ബില്‍ഗേറ്റ്‌സിന്റെ പദ്ധതിക്ക് തിരിച്ചടി

billgates-sun-
SHARE

സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് കാലാവസ്ഥാ മാറ്റത്തെ തടയാനുള്ള ബില്‍ഗേറ്റ്‌സിന്റെ പദ്ധതിക്ക് തിരിച്ചടി. സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർ‌ടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ ജിയോ എൻജിനീയറിങ് പരീക്ഷണത്തിനുള്ള അനുമതി സ്വീഡിഷ് സ്‌പേസ് കോര്‍പറേഷൻ റദ്ദാക്കി. SCoPEx പരീക്ഷണത്തിനെതിരെ നിരവധി ശാസ്ത്രജ്ഞരില്‍ നിന്നു തന്നെ വ്യാപകമായ എതിര്‍പ്പുകളുണ്ടായ സാഹചര്യത്തിലാണ് നടപടി.

സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞുകൊണ്ട് ആഗോളതാപനത്തെ ചെറുക്കുക എന്നതാണ് SCoPEx എന്ന പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കാല്‍സ്യം കാര്‍ബണേറ്റ് ബലൂണ്‍ അയച്ച് പ്രാഥമിക പരീക്ഷണം നടത്താനും പദ്ധതിയുണ്ടായിരുന്നു. അന്തരീക്ഷത്തിലെത്തുന്ന കാല്‍സ്യം കാര്‍ബണേറ്റിന്റെ സൂഷ്മകണികകള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍, എതിർപ്പുകളെ തുടര്‍ന്ന് സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍ വിവാദ പരീക്ഷണത്തിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. 'അടുത്ത് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബലൂണ്‍ പരീക്ഷണം അടക്കമുള്ള ജിയോ എൻജിനീയറിങ് പരീക്ഷണങ്ങളെ ഒരുവിഭാഗം ശാസ്ത്രസമൂഹം വലിയ തോതില്‍ എതിര്‍ക്കുന്നുണ്ട്. ഈ പരീക്ഷണം എത്രത്തോളം ആവശ്യമാണെന്ന് വസ്തുതകള്‍ നിരത്തി തെളിയിക്കാനും സാധിച്ചിട്ടില്ല എന്നാണ് എസ്എസ്‌സിയുടെ വാദം.

വരുന്ന ജൂണിലാണ് ആര്‍ട്ടികിലെ കിരൂണയിലുള്ള എസ്‌റാഞ്ച് സ്‌പേസ് സെന്ററില്‍ നിന്നും ബലൂണ്‍ പരീക്ഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. സൂര്യപ്രകാശം തടഞ്ഞ് ആഗോളതാപനം ചെറുക്കുക എന്ന ആശയം നടപ്പിലാക്കാന്‍ വേണ്ട ചില വിവരങ്ങള്‍ ശേഖരിക്കുക മാത്രമായിരുന്നു ഈ പരീക്ഷണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വലിയ തോതിലുള്ള എതിര്‍പ്പുകളാണ് ഈ ബലൂണ്‍ പരീക്ഷണത്തിനടക്കം നേരിടേണ്ടിവന്നത്. ശാസ്ത്രജ്ഞര്‍ക്കൊപ്പം പരിസ്ഥിതി സംഘടനകളും പരീക്ഷണത്തിനെതിരെ പരസ്യമായി എതിര്‍പ്പുന്നയിച്ചിരുന്നു.

2010ല്‍ നടത്തിയ ഒരു ടെഡ് ടോക്കിലാണ് ബില്‍ഗേറ്റ്‌സ് സൂര്യപ്രകാശത്തെ ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ചുകൊണ്ട് ആഗോളതാപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും ചെറുക്കാമെന്ന ആശയം അവതരിപ്പിച്ചത്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന ചെറുസൂഷ്മകണികകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ വിതറിയാണ് ഇത് സാധ്യമാക്കുക. ഭൂമിക്കായി മനുഷ്യര്‍ എടുക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണിതെന്നായിരുന്നു ബില്‍ഗേറ്റ്‌സ് വിശേഷിപ്പിച്ചിരുന്നത്.

ഹാര്‍വാഡ് സര്‍വകലാശാലയുടെ സോളാര്‍ ജിയോഎൻജിനീയറിങ് ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ പുരോഗമിച്ചത്. എന്നാല്‍ ഇതിനിടെ ഉയര്‍ന്ന കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് സ്വീഡിഷ് സ്‌പേസ് കോര്‍പറേഷന്‍ തന്നെ അനുമതി നിഷേധിച്ചതോടെ സൂര്യപ്രകാശം തടഞ്ഞ് ആഗോള താപനത്തെ ചെറുക്കാനുള്ള ബില്‍ഗേറ്റ്‌സിന്റെ ആശയം പ്രാവര്‍ത്തികമാക്കാനുള്ള കാത്തിരിപ്പ് നീളുമെന്നുറപ്പ്.

English Summary: Sweden Aborts Bill Gates-Funded Experiment Aiming to Blot Out the Sun to Fight Climate Change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA