ADVERTISEMENT

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ കടല്‍കൊള്ളയുടെ ചുരുളഴിയുന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും കുപ്രസിദ്ധനായിരുന്ന കടല്‍കൊള്ളക്കാരന്‍ എങ്ങനെയാണ് എല്ലാവരേയും പറ്റിച്ച് രക്ഷപ്പെട്ടതെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ മെക്കയിലെ തീര്‍ഥാടനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന തീര്‍ഥാടകരെ കൂട്ടക്കൊല ചെയ്യുകയും കപ്പലിലെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

 

ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ചരിത്രാന്വേഷകനും മെറ്റല്‍ ഡിറ്റക്ടറിസ്റ്റുമായ ജിം ബെയ്‌ലി പറഞ്ഞു. അമേരിക്കയില്‍ നിന്നും ജിം ബെയ്‌ലി കണ്ടെത്തിയ ചില നാണയങ്ങളാണ് പുതിയ തെളിവുകളായിരിക്കുന്നത്. ക്യാപ്റ്റന്‍ ഹെന്റി എവരി എന്ന ഇംഗ്ലിഷ് കടല്‍ക്കൊള്ളക്കാരന്‍ എങ്ങനെയാണ് കപ്പല്‍കൊള്ളക്കുശേഷം അപ്രത്യക്ഷനായി എന്നത് ഈ നാണയങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

 

1695 സെപ്റ്റംബര്‍ അഞ്ചിനാണ് ക്യാപ്റ്റന്‍ ഹെന്റിയുടെ കൊള്ളക്കപ്പലായ ഫാന്‍സിയുടെ നേതൃത്വത്തില്‍ ഒരു കവർച്ച നടത്തിയത്. അക്കാലത്ത് ഇന്ത്യയിലെയും ലോകത്തെ തന്നെയും ശക്തനായ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഔറംഗസീബിന്റെ ഉടമസ്ഥതയിലുള്ള ഗഞ്ജ് ഇ സവായ് എന്ന കപ്പലായിരുന്നു കൊള്ളക്കിരയായത്. മെക്കയില്‍ നിന്ന് തീര്‍ഥാടനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കൊപ്പം കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും കപ്പലിലുണ്ടായിരുന്നു. ഇതായിരുന്നു കടല്‍ക്കൊള്ളക്കാരെ ഈ കപ്പലിലേക്ക് ആകര്‍ഷിച്ചതും.

 

ഹെന്റിയുടെ നേതൃത്വത്തിലെത്തിയ കടല്‍കൊള്ളക്കാര്‍ കപ്പലിലുണ്ടായിരുന്ന എല്ലാ പുരുഷന്മാരേയും വധിക്കുകയും സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. അതിനുശേഷം മോഷണമുതലുമായി അക്കാലത്ത് കടല്‍ക്കൊള്ളക്കാരുടെ സ്വര്‍ഗമെന്ന് അറിയപ്പെട്ടിരുന്ന ബഹാമാസിലേക്ക് രക്ഷപ്പെട്ടുവെന്നുമാണ് കരുതിയിരുന്നത്. ഈ കണ്ണില്‍ചോരയില്ലാത്ത കൊള്ളയുടെ വാര്‍ത്തകള്‍ അതിവേഗം പരക്കുകയും ഇന്ത്യയില്‍ നിന്നും ഔറംഗസേബില്‍ നിന്നുമുള്ള സമ്മര്‍ദം വലിയ തോതിലാവുകയും ചെയ്തതോടെ ഇംഗ്ലിഷ് രാജാവ് കിങ് വില്യം മൂന്നാമന്‍ തന്നെ ഈ കടല്‍കൊള്ളക്കാരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ഹെന്റിയുടെ തലക്ക് വലിയ തുകയിടുകയും ചെയ്തതോടെ ഈ കടല്‍കൊള്ളക്കാര്‍ക്കായി വലിയ തോതില്‍ തിരച്ചില്‍ ആരംഭിച്ചു.

arbian-coin

 

ലോകം മുഴുവന്‍ തിരഞ്ഞിട്ടും പിന്നീട് ഈ കടല്‍ക്കൊള്ളക്കാരെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 1696ല്‍ ഈ കടല്‍കൊള്ളക്കാര്‍ അയര്‍ലൻഡിലേക്ക് പലായനം ചെയ്തുവെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, അത് തെറ്റാണെന്നും അവര്‍ പോയത് അമേരിക്കയിലേക്കാണെന്നുമാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയില്‍ നിന്നും ബെയ്‌ലി കണ്ടെത്തിയ നാണയങ്ങളാണ് ഇതിനുള്ള തെളിവാകുന്നത്. 

 

2014ല്‍ മിഡില്‍ടൗണിലെ സ്വീറ്റ് ബെറി ഫാമില്‍ നിന്നാണ് ഈ ഗണത്തില്‍ പെട്ട ആദ്യ നാണയം കണ്ടെത്തുന്നത്. ഇതിനും രണ്ട് വര്‍ഷം മുൻപ് ഈ പ്രദേശത്തു നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഷൂവിന്റെ കൊളുത്തും മറ്റും കണ്ടെത്തിയതോടെയാണ് ബെയ്‌ലി ഇവിിടെ മെറ്റല്‍ ഡിറ്റക്ടറുമായി കൂടുതല്‍ തിരച്ചില്‍ ആരംഭിക്കുന്നത്. 1693ല്‍ യെമനില്‍ നിര്‍മിച്ച നാണയങ്ങള്‍ ഈ തിരച്ചിലിനൊടുവില്‍ ബെയ്‌ലി കണ്ടെത്തുകയും ചെയ്തു. 

 

അക്കാലത്ത് അമേരിക്കന്‍ കോളനികളും പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി സജീവ വ്യാപാര ബന്ധമുണ്ടായിരുന്നില്ല. പിന്നെങ്ങനെ ഈ നാണയങ്ങള്‍ അമേരിക്കയിലെത്തി എന്നതായി ചോദ്യം. അങ്ങനെയാണ് കുപ്രസിദ്ധനായ ഇംഗ്ലിഷ് കടല്‍ക്കൊള്ളക്കാരന്‍ ഇന്ത്യന്‍ തീര്‍ഥാടകരെ വധിച്ച് നടത്തിയ കടല്‍കൊള്ളക്കൊടുവില്‍ അമേരിക്കന്‍ കോളനികളിലേക്കാണ് പോയതെന്ന വാദം ഉയരുന്നത്. അടിമവ്യാപാരികളായാണ് കടല്‍കൊള്ളക്കാര്‍ അമേരിക്കയിലേക്കെത്തിയത്. അക്കാലത്ത് അമേരിക്കയില്‍ അടിമവ്യാപാരം വലിയ തോതില്‍ തഴച്ചുവളരുകയും ചെയ്യുന്നുണ്ടായിരുന്നു. 

 

ബഹാമാസില്‍ നിന്ന് കുറച്ച് അടിമകളേയും കൊണ്ടായിരുന്നു ഇവര്‍ അമേരിക്കയിലെ ന്യൂപോര്‍ട്ടിലും റോഡ് ദ്വീപുകളിലും എത്തിയത്. കടല്‍കൊള്ളക്കാര്‍ അടിമവ്യാപാരികളായി വേഷം മാറിയതോടെയാണ് ഇവരെ പിന്നീട് കണ്ടെത്താനാവാതെ വന്നതെന്നും ബെയ്‌ലി പറയുന്നു. റോഡ് ഐലന്റ് സര്‍വകലാശാലയില്‍ നിന്നും നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുള്ള ബെയ്‌ലിയുടെ പഠനം അമേരിക്കന്‍ ന്യുമിസ്മാറ്റിക് സൊസൈറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Mystery over pirate robbery dubbed ‘most heinous in history’ may finally be solved after 17th Century coins found in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com