ADVERTISEMENT

പലതരത്തിലുള്ള ചിക്കന്‍ വിഭവങ്ങള്‍ നമ്മളെല്ലാവരും കേട്ടിരിക്കും. എന്നാല്‍ വെറുതേ അടിച്ചടിച്ച് കോഴിയിറച്ചി പാചകം ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് യുട്യൂബറായ ലൂയിസ് വെയ്‌സ്. ഏതാണ്ട് രണ്ട് മാസത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമൊടുവിലാണ് അടിച്ചടിച്ച് കോഴിയിറച്ചി വേവിച്ചെടുക്കുന്നതില്‍ ലൂയിസ് വെയ്‌സ് വിജയിച്ചിരിക്കുന്നത്. 

 

രണ്ട് കാര്യങ്ങളാണ് വെയ്‌സ് തന്റെ പരീക്ഷണത്തില്‍ പ്രധാനമായും ശ്രദ്ധിച്ചത്. അടിയുടെ വേഗവും അടികൊള്ളുന്ന ഇറച്ചി ചൂടാവാന്‍ മാത്രം ശേഷിയുണ്ടോ അടിക്ക് എന്നുള്ളതും. ഇത്തരത്തില്‍ യന്ത്രക്കൈകൊണ്ടുള്ള അടികൊണ്ട് ഇറച്ചി ചൂടാവുമ്പോള്‍ ആ ചൂട് നഷ്ടമാവില്ലെന്നും വെയ്‌സ് ഉറപ്പുവരുത്തിയിരുന്നു.

 

2019ല്‍ റെഡ്ഡിറ്റിലെ ഒരു യൂസര്‍ സമാനമായ ഒരു വാദം ഉന്നയിച്ചിരുന്നു. ചലനോര്‍ജത്തെ താപോര്‍ജ്ജമാക്കി മാറ്റിക്കൊണ്ട് കോഴിയിറച്ചി പാചകം ചെയ്യാനാകുമെന്നായിരുന്നു ഭൗതികശാസ്ത്ര വിദ്യാര്‍ഥിയുടെ വാദം. അന്ന് പക്ഷേ ഒരൊറ്റ അടികൊണ്ട് എങ്ങനെ കോഴിയിറച്ചി വേവിച്ചെടുക്കാമെന്നാണ് പറഞ്ഞത്. ഒരു സെക്കൻഡില്‍ 1666 മീറ്റര്‍ വേഗത്തിലുള്ള അടി ഒന്നുകിട്ടിയാല്‍ കോഴിയിറച്ചി വെന്തുപാകമാവുമെന്നായിരുന്നു ശാസ്ത്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി വിശദീകരിച്ചത്.

 

ഇത്രയും വേഗത്തില്‍ അടിക്കുക പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വെയ്‌സ് തന്റേതായ രീതിയില്‍ തുടര്‍ച്ചയായി അടിച്ചുകൊണ്ട് കോഴിയിറച്ചി പാകം ചെയ്യാന്‍ തീരുമാനിക്കുന്നത്. യന്ത്ര സഹായത്തോടെയായിരുന്നു വെയ്‌സിന്റെ ഈ പാചകം. ഏതാണ്ട് 55-60 ഡിഗ്രി സെല്‍ഷ്യസ് വരെ തുടര്‍ച്ചയായി അടിക്കുമ്പോള്‍ കോഴിയിറച്ചി ചൂടാവുകയും ഇത് ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്താല്‍ സംഭവം വിജയിക്കുമെന്നായിരുന്നു വെയ്‌സിന്റെ കണക്കുകൂട്ടല്‍. കുറഞ്ഞ സമയം ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുമ്പോള്‍ നശിക്കുന്ന ബാക്ടീരിയകളെല്ലാം തന്നെ ഇങ്ങനെ അടിച്ചു ചൂടാക്കിയെടുക്കുമ്പോഴും ഇല്ലാതാവുന്നുവെന്നും വെയ്‌സ് കണ്ടെത്തി. 

 

എത്ര വേഗത്തില്‍ അടിക്കുന്നുവെന്നും എത്ര ഊഷ്മാവ് ഉണ്ടാവുന്നുവെന്നും അറിയാനുള്ള സംവിധാനങ്ങളും വെയ്‌സ് ഒരുക്കി. പരീക്ഷണത്തിനിടെ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വെയ്‌സിന്റെ അടിച്ചടിച്ചുള്ള പാചകം പലപ്പോഴായി തടസപ്പെട്ടു. എങ്കിലും തോല്‍വി സമ്മതിക്കാതെ മുന്നോട്ടുപോയ വെയ്‌സ് ലക്ഷ്യം കാണുക തന്നെ ചെയ്തു. 

 

ഏതാണ്ട് എട്ട് മണിക്കൂര്‍ 1.35 ലക്ഷം തവണ അടിച്ചതോടെയാണ് വെയ്‌സിന്റെ കോഴി പാകമായി കിട്ടിയത്. ഇതിനായി 7500 വാട്ട് ഹവേഴ്‌സ് ഊര്‍ജ്ജം ഉപയോഗിക്കേണ്ടി വന്നു. സാമ്പ്രദായികമായി കോഴി പാചകം ചെയ്യുമ്പോള്‍ ആവശ്യമായതിന്റെ മൂന്നിരട്ടി വരുമിത്. എങ്കില്‍ പോലും അടിച്ചടിച്ചുകൊണ്ട് കോഴിയിറച്ചി പാചകം ചെയ്യാനാകുമെന്ന് തെളിയിക്കാന്‍ വെയ്‌സിനായി. തന്റെ വിചിത്ര പാചകത്തിന്റെ വിശദ വീഡിയോ അദ്ദേഹം യുട്യൂബില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

English Summary: This Guy on YouTube Actually Cooked Meat by Slapping It... a Lot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com