ADVERTISEMENT

കോവിഡിനെ പ്രതിരോധിക്കാനുള്ള ഓക്‌സ്‌ഫഡ് അസ്ട്രസെനെക വാക്‌സീന്‍ ശരീരത്തിൽ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ചിത്രങ്ങളെടുത്ത് ശാസ്ത്രജ്ഞര്‍. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ ശരീരത്തിലെ കോശങ്ങളെ കൊറോണ വൈറസീന് സമാനമായ സ്‌പൈക്ക് പ്രോട്ടീനുകളാക്കി മാറ്റുന്ന ഫാക്ടറികളാക്കുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം സ്‌പൈക്ക് പ്രോട്ടീനുകള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പ്രതികരിക്കുകയും ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതോടെ ഭാവിയില്‍ കൊറോണ വൈറസ് ബാധിച്ചാലും ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഫലപ്രദമായി നേരിടാനാകും.

 

പാര്‍ശ്വഫലങ്ങളുടെ പേരില്‍ അസ്ട്രസെനെക വാക്‌സീന്‍ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരുടെ രക്തം കട്ടപിടിക്കുന്നുണ്ടെന്നാണ് പ്രധാന വിമര്‍ശനം. അതേസമയം, കോവിഡ് 19നെതിരായ പ്രതിരോധത്തില്‍ വാക്‌സീന്‍ അതീവ ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടിഷ് സര്‍ക്കാര്‍ പത്ത് കോടി ഡോസ് വാക്‌സീനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.

 

വൈറോളജിയിലെ വിദഗ്ധനായ സൗത്താംപ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മാക്‌സ് ക്രിസ്പിനുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ തങ്ങളുടെ വാക്‌സീന്റെ പ്രവര്‍ത്തനത്തിന്റെ സൂഷ്മ ചിത്രങ്ങളെടുത്തത്. കൊറോണ വൈറസിന്റെ സ്‌പൈക്കുകളെ അനുകരിക്കുന്ന കോശങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഓക്‌സ്‌ഫോഡ് വാക്‌സീന്‍ എത്രത്തോളം ഫലപ്രദമാണെന്നതിന്റെ തെളിവുകളായി മാറുകയാണ് ഈ ചിത്രങ്ങള്‍. അസ്ട്രാസെനെക വാക്‌സീന്‍ നല്‍കിയ ലബോറട്ടറിയിലെ മനുഷ്യ കോശങ്ങളെ രണ്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. കൊറോണ വൈറസിന്റേതിന് സമാനമായ പ്രോട്ടീന്‍ സ്‌പൈക്കുകളുടെ രൂപവും എണ്ണവുമാണ് പരിശോധിച്ചത്.

spike-protection

 

ക്രയോ ഇലക്ട്രോണ്‍ മൈക്രോസ്‌കോപി (cryoEM) എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. കോശങ്ങളുടെ ആയിരക്കണക്കിന് ചിത്രങ്ങള്‍ എടുക്കുകയും അവ ചേര്‍ത്ത് വെച്ച് പരിശോധിക്കുകയുമാണ് ഈ സാങ്കേതികവിദ്യയില്‍ ചെയ്യുന്നത്. ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ പ്രൊഫ. പെയ്ജുന്‍ സാങാണ് ചിത്രങ്ങളെടുക്കുന്ന പ്രവൃത്തിക്ക് നേതൃത്വം നല്‍കിയത്.

ഓക്‌സ്‌ഫഡ് വാക്‌സീന്‍ എടുത്തവരുടെ ശരീരത്തിലെ കോശങ്ങളില്‍ കൊറോണ വൈറസിന്റെ സ്‌പൈക്കിന് സമാനമായ പ്രോട്ടീന്‍ സ്‌പൈക്കുകള്‍ നിര്‍മിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് പകര്‍ത്താനായി. പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ പല കോശങ്ങളും ഇത്തരം പ്രോട്ടീന്‍ സ്‌പൈക്ക് നിര്‍മാണ ഫാക്ടറികളായി മാറുന്നുവെന്നും കണ്ടെത്തി. ഇത് വാക്‌സീന് മികച്ച ഫലപ്രാപ്തി നല്‍കാന്‍ സഹായിക്കുന്നതാണ്. പിന്നീട് കൊറോണ വൈറസുമായി സമ്പര്‍ക്കമുണ്ടായാലും അതിനെ നേരിടാന്‍ വാക്‌സീന്‍ എടുത്തവരുടെ പ്രതിരോധ സംവിധാനം സജ്ജമായിരിക്കും. 

 

'ഓക്‌സ്‌ഫഡ് അസ്ട്രസെനെക വാക്‌സീന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിവ് ജനങ്ങള്‍ക്ക് നല്‍കാന്‍ ഈ ചിത്രങ്ങള്‍ ഉപകരിക്കും' എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫ. മാക്‌സ് ക്രിസ്പിന്‍ പ്രതികരിച്ചത്. എസിഎസ് സെന്‍ട്രല്‍ സയന്‍സ് ജേണലിലാണ് പഠനഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Incredible images reveal cells exposed Astrazenecas vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com