ADVERTISEMENT

സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ സ്‌പേസ് ഷിപ്പ് വഴി മനുഷ്യചരിത്രത്തില്‍ ആദ്യമായി സാധാരണ പൗരന്മാരുടെ സംഘത്തെ ബഹിരാകാശത്തേക്കയക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍സ്പിരേഷന്‍ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാവുന്ന നാല് പേര്‍ക്കും പരമാവധി ബഹിരാകാശത്തെ കാഴ്ചകള്‍ സാധ്യമാക്കും വിധമാണ് ക്രൂ ഡ്രാഗണ്‍ സ്‌പേസ് ഷിപ്പിന്റെ നിര്‍മാണം. സ്‌പേസ് ഷിപ്പിന് മുകളിലായി തുറക്കാവുന്ന പുതിയൊരു കിളിവാതിലാണ് ബഹിരാകാശ യാത്രികര്‍ക്കുവേണ്ടി കാഴ്ചയുടെ വസന്തം തീര്‍ക്കുക. 

 

ചില്ലു കൂടാരം പോലുള്ള ഈ ഡിസൈന്‍ യാത്രികര്‍ക്ക് പരമാവധി കാഴ്ച്ചകള്‍ ഉറപ്പാക്കുമെന്നാണ് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പറഞ്ഞത്. ഇന്‍സ്പിരേഷന്‍ 4 ദൗത്യസംഘത്തിലെ അവസാനത്തെ രണ്ട് പേരുടെ വിവരങ്ങള്‍ കൂടി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ഈ കിളിവാതിലിന്റെ വിവരങ്ങള്‍ കൂടി അധികൃതര്‍ അറിയിച്ചത്. പ്രതീക്ഷക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് ഫ്‌ളോറിഡയിലെ നാസയുടെ കെന്റുകി സ്‌പേസ് സെന്ററില്‍ നിന്നും ഈ ചരിത്രദൗത്യം അരങ്ങേറുകയും ചെയ്യും.

 

അരിസോണയിലെ കമ്മ്യൂണിറ്റി കോളജ് എജ്യുക്കേറ്ററായ സിയാന്‍ പ്രോക്ടറും വാഷിങ്ടണ്‍ സ്വദേശിയും മുന്‍ യുഎസ് വ്യോമസേന മിസൈല്‍മാനുമായ ക്രിസ് സെംബ്രോസ്‌കിയുമാണ് ഇന്‍സ്പിരേഷന്‍ 4 ദൗത്യത്തില്‍ അവസാനം ചേര്‍ന്ന രണ്ട് പേര്‍. ഈ ദൗത്യത്തിനായി പണം മുടക്കുന്ന ശതകോടീശ്വരനും ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനുമായ ജാര്‍ഡ് ഐസക്മാനും ടെന്നസിയിലെ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസേര്‍ച്ച് ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യനായ ഹാര്‍ലി അര്‍സനെക്‌സുമാണ് സംഘത്തിലെ മറ്റു രണ്ടുപേര്‍.

 

കുട്ടികളിലെ അര്‍ബുദ ചികിത്സയെക്കുറിച്ചുള്ള അവബോധം കൂടുതല്‍ പേരിലേക്കെത്തിക്കുകയെന്ന ദൗത്യവും ഈ ഇന്‍സ്പിരേഷന്‍ 4 യാത്രക്കുണ്ട്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കുട്ടിയായിരിക്കുമ്പോള്‍ അസ്ഥിയില്‍ അര്‍ബുദം ബാധിച്ച് ഭേദമായ ഹാര്‍ലി അര്‍സനെക്‌സിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

സാധാരണ പൗരന്മാര്‍ ആദ്യമായല്ല ബഹിരാകാശ ദൗത്യ സംഘത്തില്‍ ഉള്‍പ്പെടുന്നതെങ്കിലും പൂര്‍ണമായും സാധാരണക്കാരുടെ ഒരു സംഘം ബഹിരാകാശ ദൗത്യത്തിനായി നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ ഒൻപത് റോക്കറ്റില്‍ പറന്നുയരുന്ന നാലംഗ സംഘത്തിന്റെ നേതൃത്വം ഐസക്മാനാണ്. മൂന്ന് ദിവസമാണ് ഡ്രാഗണ്‍ ഭൂമിയെ വലംവെക്കുക. ഇതിനിടെ ഓരോ 90 മിനിറ്റിലും ഭൂമിയെ ഡ്രാഗണ്‍ ഒരു തവണ വലം വെക്കും. മണിക്കൂറില്‍ ഏതാണ്ട് 17,000 മൈല്‍ വേഗത്തിലായിരിക്കും സ്‌പേസ് ഷിപ്പിന്റെ സഞ്ചാരം. 20 അടി ഉയരവും 12 അടി വീതിയുമുണ്ട് ഡ്രാഗണ്‍ ക്യാപ്‌സ്യൂളിന്. പരമാവധി ഏഴ് പേരെ വരെ കൊണ്ടുപോകാന്‍ ഇതിനു ശേഷിയുണ്ട്. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്രത്യേക രക്ഷാമാര്‍ഗവും ഡ്രാഗണിലുണ്ട്. 

 

സഞ്ചാരികള്‍ക്ക് വേണ്ട മാസങ്ങള്‍ നീളുന്ന പരിശീലനം സ്‌പേസ് എക്‌സ് തന്നെയാകും നല്‍കുക. ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനം, ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ്, ഓര്‍ബിറ്റല്‍ മെക്കാനിക്‌സ്, ഗുരുത്വം കുറഞ്ഞ പ്രദേശത്തെ അതിജീവനം, പലവിധ സമ്മര്‍ദങ്ങളെ അതിജീവിക്കുക തുടങ്ങി പല വിഷയങ്ങളിലായിരിക്കും പരിശീലനം നല്‍കുക. മൂന്ന് ദിവസത്തെ ബഹിരാകാശ ജീവിതത്തിനൊടുവില്‍ സഞ്ചാരികള്‍ ഫ്‌ളോറിഡ തീരത്തായിരിക്കും ഇറങ്ങുക.

 

English Summary: SpaceX's Dragon spaceship is getting a domed window for its first all-civilian crew to enjoy during the Inspiration4 spaceflight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com