ADVERTISEMENT

പതിവിനു വിപരീതമായി ആകാശത്ത് എന്തുകണ്ടാലും ഭീതിയാണ്. ഉൽക്കമഴയുടെയും മറ്റു അപൂർവ പ്രതിഭാസങ്ങളുടെയും വാർത്ത വായിച്ചവർക്ക് ഇത്തരം ദൃശ്യങ്ങൾ കാണുമ്പോൾ ഭീതികൂടും. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ ഇത്തരമൊരു സംഭവമുണ്ടായി. കണ്ടവർ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ചർച്ചയായി. മുൻനിര മാധ്യമങ്ങളിലും വാർത്ത വന്നതോടെ അറിയാത്തവരും അറിഞ്ഞു. തീഗോളം എങ്ങനെ വന്നു ? വിമാനം തകർന്നുവീണതോ ? അതോ വീണത് ഉൽക്കയോ, ഛിന്നഗ്രഹമോ ?

 

ആകാശത്ത് കണ്ട തീഗോളത്തെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് കുറഞ്ഞത് 230 റിപ്പോർട്ടുകളെങ്കിലും ലഭിച്ചുവെന്നാണ് അമേരിക്കൻ മെറ്റിയർ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. ആകാശത്ത് കണ്ട തീഗോളത്തിനു പിന്നിൽ ഉൽക്ക തന്നെയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

 

ഫ്ലോറിഡയുടെ തെക്കുകിഴക്കൻ തീരത്ത് ജാക്സൺവില്ലെ മുതൽ മിയാമി വരെ അതിവേഗത്തിൽ ഒരു തിളക്കമുള്ള വസ്തു പോകുന്നത് കാണാമായിരുന്നു. പിന്നാലെ അത് പൊട്ടിത്തെറിച്ച് ഇല്ലാതാകുന്നതും ദൃശ്യങ്ങളിൽ കാണാം. ഭൂമിയിലേക്ക് വരുന്ന പ്രകാശമുള്ള വസ്തു സെക്കൻഡുകൾക്കുള്ളിൽ തന്നെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ പൊട്ടിത്തെറിക്കുന്നതാണ് മിക്ക ദൃശ്യങ്ങളിലും കാണുന്നത്.

 

വളരെ ഉച്ചത്തിലും വ്യക്തമായും ഒരു സോണിക് ബൂം ശബ്ദം കേൾക്കാമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ ചിലർ പറഞ്ഞത്. അവരിൽ പലരും ഈ വിചിത്ര പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. ചിലർ പ്രദേശത്തെ സിസിടി ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്‌.

 

തീഗോളത്തിന്റെ വേഗവും സവിശേഷതകളും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ഇതൊരു ഛിന്നഗ്രഹത്തിന്റെ ഭാഗമാണെന്നാണ് അമേരിക്കൻ മെറ്റിയർ സൊസൈറ്റിയുടെ ഓപ്പറേഷൻസ് മാനേജർ മൈക്ക് ഹാൻകി പറഞ്ഞത്. 30 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ബഹിരാകാശ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നത്. ചെറിയ വസ്തുക്കളെ ഉൽക്കാശിലകൾ എന്നാണ് വിളിക്കുന്നത്.

 

English Summary: Watch Fireball Explode, Light Up Sky Over Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com