ADVERTISEMENT

ചുവന്നതും സംസ്‌കരിച്ചതുമായ മാംസം അടങ്ങിയ ബര്‍ഗര്‍ എത്രയും വേഗം ഉപേക്ഷിക്കുന്നതാണ് ഹൃദയത്തിന്റെ ആയുസ്സിന് നല്ലതെന്ന് പഠനം. ബീഫ്, ആട്, പന്നി തുടങ്ങിയ ‘ചുവപ്പ് ഇറച്ചി’കളാണ് ഹൃദയാരോഗ്യത്തിന് മുന്നില്‍ അപകടസൂചനയുടെ റെഡ് സിഗ്നൽ കാണുക്കുന്നത്. ബ്രിട്ടിഷ് ഗവേഷകര്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനു പിന്നില്‍.

 

ഇറച്ചികൊണ്ടുള്ള ബര്‍ഗറുകള്‍ ഇഷ്ടപ്പെടുന്നവര്‍ എത്രയും വേഗത്തില്‍ മറ്റു ബര്‍ഗറുകളിലേക്ക് ഇഷ്ടം മാറ്റുന്നതാകും ഹൃദയത്തിനു നല്ലത്. ഈയൊരു മാറ്റം നമ്മുടെ പരിസ്ഥിതിക്കും ഗുണകരമാകുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. ചുവന്ന ഇറച്ചിയും ഹൃദയാരോഗ്യവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് നേരത്തെയും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചുവന്ന ഇറച്ചി അമിതമായി ഭക്ഷിക്കുന്നവരില്‍ ഹൃദയത്തിന് ഹാനികരമായ രാസവസ്തുക്കളുടെ ശരീരത്തിലെ സാന്നിധ്യം പത്തിരട്ടി വര്‍ധിപ്പിക്കുമെന്ന് 2018ല്‍ പുറത്തുവന്ന ഒരു പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

യുകെ ബയോബാങ്കിലെ 19,408 പേരിലാണ് ബ്രിട്ടിഷ് ഗവേഷകര്‍ പുതിയ പഠനത്തിനു വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്. ഭക്ഷണത്തിന് പുറമേ പ്രായം, ലിംഗം, വിദ്യാഭ്യാസം, പുകവലി, മദ്യപാനം, വ്യായാമം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ അളവ്, പ്രമേഹം, ബിഎംഐ തുടങ്ങി നിരവധി വിവരങ്ങളും പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ശേഖരിച്ചിരുന്നു. ചുവന്ന മാംസം അധികമായി കഴിക്കുന്നവരില്‍ ഹൃദയാരോഗ്യം പടിപടിയായി കുറഞ്ഞുവരുന്നതിന്റെ തെളിവുകളാണ് ഇതില്‍ നിന്നെല്ലാം ഗവേഷകര്‍ക്ക് ലഭിച്ചത്.

 

ചുവന്ന മാംസം അധികമായി കഴിക്കുന്നവരില്‍ ഹൃദയത്തിന്റെ അറ ചുരുങ്ങുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറയുക, ഹൃദയ ധമനികളുടെ ഇലാസ്തികത നഷ്ടമാവുക തുടങ്ങിയവയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. ഇത് മൂന്നും ഹൃദയാരോഗ്യം ഇല്ലാതാവുന്നതിന്റെ ലക്ഷണങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഇതിനൊപ്പം ഒമേഗ 3യും ഫാറ്റി ആസിഡും അടങ്ങിയ മത്സ്യങ്ങള്‍ അധികമായി കഴിക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കപ്പെട്ടു. ഇത്തരം മത്സ്യങ്ങള്‍ കഴിക്കുന്നവരുടെ ഹൃദയാരോഗ്യം കൂടി വരുന്നതായും ധമനികളുടെ ഇലാസ്തികത വര്‍ധിക്കുന്നതായും കണ്ടെത്തി. 

 

ചുവന്ന മാംസത്തെ പോലെ തന്നെ സംസ്‌ക്കരിച്ച മാംസവും ഹൃദയാരോഗ്യം തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. രാസവസ്തുക്കള്‍ക്കൊപ്പം ഉപ്പ് ഉപയോഗിച്ചും പ്രത്യേക അന്തരീക്ഷത്തില്‍ പുകയിട്ടുമാണ് മാംസങ്ങള്‍ സംസ്‌ക്കരിച്ചെടുക്കുന്നത്. ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാനാവുമെന്നതാണ് ഇത്തരം രീതികൊണ്ടുള്ള മെച്ചം. എന്നാല്‍ ഈ കച്ചവട ഗുണം മനുഷ്യഹൃദയത്തിന് ദോഷമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ചുവന്ന മാംസത്തിന്റെയും സംസ്‌ക്കരിച്ച മാംസത്തിന്റേയും അമിത ഉപയോഗം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയില്‍ ഏതിനെങ്കിലും കാരണമാവുകയും അത് ഹൃദയത്തിന്റെ ആയുസ്സ് കുറയ്ക്കുകയും ചെയ്യുകയാണ്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഓണ്‍ലൈന്‍ സയന്റിഫിക് കോണ്‍ഗ്രസിലാണ് ഗവേഷകര്‍ ഈ പഠനഫലം അവതരിപ്പിച്ചത്.

 

English Summary: Eating red and processed meat increases your risk of heart disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com