sections
MORE

നിയന്ത്രണംവിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്, വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വൻ നഗരങ്ങളും

china-rocket
SHARE

നിയന്ത്രണം നഷ്ടമായ 21000 കിലോഗ്രാം ഭാരമുള്ള ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് വീഴുന്നത്. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെ റോക്കറ്റ് വീഴാനിടയുള്ള പ്രദേശങ്ങളിലുണ്ട്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന 100 അടി നീളവും 16 അടി വീതിയുമുള്ള കൂറ്റന്‍ റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തും മുൻപെ കത്തി തീരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. 

ചൈനീസ് റോക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന വാനനിരീക്ഷകനായ ജൊനാഥന്‍ മക്‌ഡോവലാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവിലെ റോക്കറ്റിന്റെ സഞ്ചാര പാതവെച്ച് ഭൂമിയില്‍ ഇത് പതിക്കാനിടയുള്ള പ്രദേശങ്ങളും അദ്ദേഹം കണക്കുകൂട്ടി പറയുന്നുണ്ട്. വടക്ക് പരമാവധി ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിങ് തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെയും തെക്ക് ന്യൂസീലൻഡ്, ചിലെ എന്നിവിടങ്ങള്‍ വരെയും ഈ റോക്കറ്റ് വീണേക്കാമെന്നാണ് ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്‍ നഗരങ്ങളും ജനവാസം കുറഞ്ഞ മേഖലകളും സമുദ്രങ്ങളുമെല്ലാം ഈ മുന്നറിയിപ്പ് ലഭിച്ച പ്രദേശത്തിന്റെ പരിധിയിലുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 11.23നാണ് ചൈന ലോങ് മാര്‍ച് 5ബി റോക്കറ്റ് വിക്ഷേപിക്കുന്നത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ഈ റോക്കറ്റ് പറന്നുയര്‍ന്നത്. സ്വര്‍ഗത്തിലെ ഒത്തൊരുമ എന്നര്‍ഥം വരുന്ന ടിയാന്‍ഹെ എന്നാണ് ആദ്യഘട്ടത്തിന് ഇട്ട പേര്. സ്വര്‍ഗത്തിലെ കൊട്ടാരം അഥവാ ടിയാങ്കോങ് എന്നാണ് ചൈന തങ്ങളുടെ ബഹിരാകാശ നിലയത്തിനിട്ടിരിക്കുന്ന പേര്. 2022ഓടെ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്ന ബഹിരാകാശ നിലയത്തില്‍ ഒരേ സമയം മൂന്ന് സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. 

പണി പൂര്‍ത്തിയാവുമ്പോള്‍ ഏതാണ്ട് ഒരു ലക്ഷം കിലോഗ്രാം ഭാരം ഈ ചൈനീസ് ബഹിരാകാശ നിലയത്തിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ നാലിരട്ടിയിലേറെ ഭാരമുണ്ട് രാജ്യാന്തര ബഹിരാകാശ നിലയത്തിന്. അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്തിയായി 2030 ഓടെ മാറുകയെന്നതാണ് ചൈനയുടെ സ്വപ്നം. ഇതിനുള്ള പ്രധാന ചവിട്ടുപടിയായാണ് അവര്‍ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തെ കാണുന്നത്. 

ചൈനയെ സംബന്ധിച്ച് അമേരിക്ക അടക്കമുള്ള വന്‍ ശക്തി രാഷ്ട്രങ്ങളോടുള്ള ഒരു കണക്കു തീര്‍ക്കല്‍ കൂടിയാണ് ഈ ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം. 1998ല്‍ രാജ്യാന്തര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥാപിക്കുമ്പോള്‍ ചൈനയെ കൂടെ കൂട്ടാന്‍ അമേരിക്ക തയാറായിരുന്നില്ല. നാസ (യു‌എസ്), റോസ്‌കോസ്‌മോസ്(റഷ്യ), ജാക്‌സ (ജപ്പാന്‍), യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, സിഎസ്എ (കാനഡ) എന്നീ ബഹിരാകാശ ഏജന്‍സികളാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പങ്കാളികള്‍. ഏതാണ്ട് 30 ദൗത്യങ്ങളിലൂടെ പത്ത് വര്‍ഷമെടുത്താണ് ഐഎസ്എസിന്റെ നിര്‍മാണം പൂര്‍ണമായത്. 

സ്വന്തമായി ബഹിരാകാശ നിലയമെന്നത് ചൈനയെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമാണ്. എന്നാല്‍ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ വിക്ഷേപിച്ച ആദ്യ റോക്കറ്റ് തന്നെ ജനവാസ മേഖലയില്‍ വീണാല്‍ അത് വലിയ നാണക്കേടാവുകയും ചെയ്യും. നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ഭൂമിയില്‍ എവിടെ പതിക്കുമെന്ന ആകാംഷയിലാണ് ലോകം.

English Summary: A 21 Ton Chinese rocket tumbling earth shower debris populated areas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA