ADVERTISEMENT

രാജ്യം ഒന്നടങ്കം കൊറോണവൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ വൻ പ്രതിസന്ധികൾ നേരിടുകയാണ്. മിക്ക സംസ്ഥാനങ്ങളിലെയും ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഓക്സിജൻ, കിടക്കകൾ, വാക്സീൻ, മരുന്നുകൾ എന്നിവയുടെ ക്ഷാമവും വ്യാപകമായി നേരിടുന്നുണ്ട്. എന്നാൽ രണ്ടാം തരംഗത്തിന് പിന്നാലെ മൂന്നാം തരംഗവും വന്നാൽ രാജ്യത്ത് വൻ ദുരന്തമാകും സംഭവിക്കുക എന്നാണ് മിക്ക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.

 

കോവിഡിന്റെ ആദ്യ വരവിൽ പ്രായമായവരെയാണ് കാര്യമായി ബാധിച്ചിരുന്നത്. എന്നാൽ രണ്ടാം തരംഗത്തിൽ യുവാക്കളെയാണ് ബാധിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ അടുത്ത തംരംഗത്തിൽ 15 വയസ്സിന് താഴെയുള്ളവരെ ആയിരിക്കും ബാധിച്ചേക്കുക എന്നും മുന്നറിയിപ്പുണ്ട്. കുട്ടികൾക്കും വൈകാതെ തന്നെ വാക്സീൻ ലഭ്യമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.

 

നിലവിലെ വ്യാപനം രൂക്ഷമായാൽ രാജ്യം മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞത്. രാജ്യം നേരിടുന്ന വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ മുന്നിലുള്ളത് മൂന്ന് വഴികളാണ്. ഈ മൂന്നു കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കിയാൽ വരാനിരിക്കുന്ന ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാം. ഒന്ന് രാജ്യത്തെ ഒന്നടങ്കം ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക. രണ്ടാമത് കോവിഡ് വ്യാപന കേസുകളുടെ എണ്ണം അടിയന്തരമായി കുറയ്ക്കാൻ സംവിധാനമുണ്ടാക്കുക. മൂന്നാമത് വാക്സീനുകളുടെ വിതരണം അതിവേഗത്തിലാക്കുക.

 

ആളുകളുമായുള്ള സമ്പർക്കം കുറച്ച് രോഗവ്യാപനം അടിയന്തരമായി തടയണം. രാജ്യം ഒന്നടങ്കം അടച്ചിടുന്നതിനു പകരം മറ്റു വഴികൾ തേടുന്നതാണ് നല്ലതെന്നും നിർദേശമുണ്ട്. മഹാമാരിയുടെ വ്യാപന ശൃംഖല തകർക്കണം. സമ്പർക്കം കുറഞ്ഞാൽ കേസുകൾ ഗണ്യമായി കുറഞ്ഞേക്കുമെന്നും റൺദീപ് ഗുലേറിയ പറഞ്ഞു.

 

English Summary: India may see 3rd Covid-19 wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com