ADVERTISEMENT

രാജ്യാന്തര ബഹിരാകാശ നിലയത്തിലും ഭാവിയില്‍ ചൊവ്വയിലേക്കുള്ള യാത്രയിലുമെല്ലാം മാസങ്ങളായിരിക്കും മനുഷ്യര്‍ ബഹിരാകാശത്ത് കഴിയുക. മറ്റു പ്രവര്‍ത്തികള്‍ പോലെ തന്നെ ലൈംഗികമായ യാത്രികരുടെ ആവശ്യങ്ങളെ പൂര്‍ണമായും തള്ളിക്കളയാനാവുമോ? ബഹിരാകാശത്ത് മനുഷ്യര്‍ തമ്മിലുള്ള ലൈംഗിക ബന്ധം സാധ്യമാണോ? ഗര്‍ഭിണിയായാല്‍ സംഭവിക്കുന്നതെന്ത്? ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബഹിരാകാശ യാത്രികര്‍ വ്യക്തമായ ഉത്തരം ഇതുവരെ നല്‍കിയിട്ടുമില്ല.

∙ ബഹിരാകാശത്തെ ലൈംഗികത

നാസയുടെ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. കിറ ബാകല്‍ പറയുന്നത് ബഹിരാകാശത്തെ ലൈംഗിക ബന്ധം സാധ്യമാണെന്ന് തന്നെയാണ്. അതേസമയം, ഭൂമിയിലേതുപോലെയായിരിക്കില്ല ബഹിരാകാശത്തെ ലൈംഗികബന്ധം. ഇതിനു ശാരീരികവും അല്ലാത്തതുമായ നിരവധി വെല്ലുവിളികള്‍ മറികടക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്ന് ഗുരുത്വാകര്‍ഷണം ബഹിരാകാശത്ത് വളരെ കുറവാണെന്നതാണ്.

ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണം വളരെ കുറഞ്ഞ അവസ്ഥയില്‍ നിങ്ങളെ ഞാന്‍ തള്ളിയാല്‍ രണ്ട് പേരും വിരുദ്ധദിശയിലേക്കായിരിക്കും പോവുക. ഒരാളെ കെട്ടിയിട്ടശേഷം തള്ളിയാലും തള്ളുന്നയാള്‍ പിന്നോട്ട് പോവുകയെന്നതാവും സ്വാഭാവിക ഫലമെന്നും ഡോ. കിറ ബാകല്‍ പറയുന്നു. അതേസമയം, ഭാരമില്ലായ്മ പരിചയമാവുകയും ശരീരചലനങ്ങളില്‍ വ്യക്തമായ നിയന്ത്രണം വരുകയും ചെയ്താല്‍ ഈ ന്യൂനതയേയും മറികടക്കാനാവും. ഇതിനായി പരിശീലനവും ബോധപൂര്‍വമായ ശ്രമങ്ങളും ആവശ്യമാണെന്ന് മാത്രം. ലൈംഗികബന്ധത്തെ തുടര്‍ന്ന് ശരീരത്തില്‍ നിന്നുവരുന്ന ശ്രവങ്ങള്‍ യാത്രികര്‍ സഞ്ചരിക്കുന്ന പേടകത്തിലും ബഹിരാകാശ നിലയത്തിലും പറന്നു നടക്കാനും സാധ്യതയുണ്ട്.

ബഹിരാകാശത്തെത്തുന്ന മനുഷ്യര്‍ക്ക് ശാരീരികമായി ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ബഹിരാകാശത്തെ ലൈംഗികബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ തന്നെ നടത്തിയിട്ടുള്ള നോട്ടിങ്ഹാം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആദം വാറ്റ്കിന്‍സ് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബഹിരാകാശത്തെത്തുമ്പോള്‍ മനുഷ്യരുടെ ഹൃദയം ഭൂമിയിലുള്ളതിനേക്കാള്‍ കുറഞ്ഞ വലുപ്പത്തിലാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം നമ്മുടെ പേശികള്‍ക്കും രക്തക്കുഴലുകള്‍ക്കുമെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. ഈ ശാരീരിക മാറ്റങ്ങള്‍ ഉദ്ധാരണത്തെ പോലും ബാധിക്കാനിടയുണ്ടെന്നും ഡോ. ആദം വാറ്റ്കിന്‍സ് പറയുന്നു.

∙ ബഹിരാകാശത്ത് ഗര്‍ഭിണിയായാല്‍

സാധാരണഗതിയിലുള്ള ബഹിരാകാശ യാത്രകളെല്ലാം തന്നെ ഓരോ നിമിഷവും ആസൂത്രണം ചെയ്തിട്ടുള്ളതാവും. ഒഴിവുസമയമായി യാത്രികര്‍ക്ക് അധികം ലഭിക്കുകയില്ല. ഇനി അങ്ങനെ ലഭിച്ചാല്‍ പോലും ഇഷ്ടപ്പെട്ട പങ്കാളികളെ ലഭിക്കുകയെന്നത് ഇത്തരം യാത്രകളില്‍ അസംഭവ്യമാവുകയും ചെയ്യും. ബഹിരാകാശത്തെ ജീവികളുടെ വംശവര്‍ധനവിനെക്കുറിച്ച് 2010-11കാലത്ത് നാസ പരീക്ഷണം നടത്തിയിരുന്നു. എലികളെ ഉപയോഗിച്ച് നടത്തിയ ഈ പരീക്ഷണം പരാജയമായിരുന്നു. ബഹിരാകാശ നിലയത്തിലെത്തിച്ച പെണ്‍ എലികളില്‍ അണ്ഡം ഉണ്ടാവുന്ന പ്രക്രിയ അവസാനിക്കുകയാണുണ്ടായത്. സമാനമായ സാഹചര്യം മനുഷ്യരിലുണ്ടാവുമോ എന്ന ആശങ്കയുമുണ്ട്.

സ്വാഭാവിക ലൈംഗിക ബന്ധത്തിലൂടെയല്ലാതെ കൃത്രിമ മാര്‍ഗങ്ങളിലൂടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും സാധ്യതകളുണ്ട്. അതേസമയം, ഭൂമിയെ അപേക്ഷിച്ച് ബഹിരാകാശത്ത് സഞ്ചാരികള്‍ കൂടുതല്‍ റേഡിയേഷന്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് വസ്തുതയാണ്. ഭ്രൂണമായിരിക്കുന്ന അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ റേഡിയേഷന്‍ അനുഭവിക്കേണ്ടിവരുന്നത് പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് ബഹിരാകാശത്ത് ഗര്‍ഭിണിയാവുകയെന്നത് അത്ര നല്ല ആശയമല്ലെന്ന് കരുതുന്ന വിദഗ്ധരും കുറവല്ല.

∙ സ്‌പേസ് ടൂറിസവും സെക്‌സും

ഭാവിയില്‍ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന ലക്ഷ്യം നമുക്ക് മുന്നിലുണ്ട്. ഇത്തരം ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാവുമ്പോള്‍ ബഹിരാകാശത്തെ ലൈംഗികബന്ധം സ്വാഭാവികമാവുമെന്നും കരുതപ്പെടുന്നു. ഭൂമിക്ക് പുറത്ത് മനുഷ്യര്‍ തമ്മില്‍ ബന്ധങ്ങളുണ്ടാവാനും കുഞ്ഞുങ്ങള്‍ ജനിക്കാനുമുള്ള സജീവ സാധ്യതകളുണ്ട്. ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ചിന്തിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുകഴിഞ്ഞു.

ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികള്‍ തമ്മില്‍ ബന്ധമുണ്ടാവുന്നുണ്ടെങ്കില്‍ ബന്ധം വേര്‍പിരിയലുകള്‍ക്കും സാധ്യതയുണ്ട്. വളരെ കുറച്ച് അംഗങ്ങള്‍ മാത്രമായിരിക്കും ഒരു ബഹിരാകാശ ദൗത്യത്തില്‍ ഉണ്ടാവുക. അങ്ങനെയെങ്കില്‍ ബന്ധം പിരിഞ്ഞ ശേഷവും ഇവര്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നേക്കും. ഇത്തരം സംഭവങ്ങള്‍ നിര്‍ണായക ദൗത്യങ്ങളെ പോലും ബാധിക്കും. നീണ്ടു നില്‍ക്കുന്ന ദൗത്യങ്ങളില്‍ യാത്രികര്‍ക്കിടയില്‍ ലൈംഗിക ബന്ധം അടക്കമുള്ളവ സംഭവിക്കുമെന്നാണ് ഡോ.ആദം വാട്ട്കിന്‍സ് വിശ്വസിക്കുന്നത്. വിമാനങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തുറന്നു സമ്മതിച്ചവരുണ്ട്. ഭാവിയില്‍ ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന സഞ്ചാരികളില്‍ ലൈംഗിബന്ധവും സ്വാഭാവികമായി മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English Summary: Sex in Space: Why Do Astronauts Keep It on Hush-Hush and Will It Become New Normal?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com