ADVERTISEMENT

വാക്‌സീന്‍ ക്ഷാമത്തിനൊപ്പം മറ്റൊന്നുകൂടി ജനങ്ങളുടെ കോവിഡ് ആധിയെ വര്‍ധിപ്പിക്കുന്നുണ്ട്. ആദ്യ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് യഥാസമയം രണ്ടാം ഡോസ് വാക്‌സീന്‍ ലഭിക്കുമോ എന്നതാണത്. രണ്ടാം ഡോസ് കുത്തിവെപ്പിന്റെ പേരില്‍ അധികം ആശങ്കപ്പെടേണ്ടതില്ലെന്ന ആശ്വാസ വിവരമാണ് ഇപ്പോള്‍ ഗവേഷകര്‍ നല്‍കുന്നത്. 

ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട വാക്‌സീനുകളില്‍ രണ്ടാം ഡോസ് പലര്‍ക്കും എടുക്കാന്‍ സാധിക്കാതെ വരുന്നത് ആദ്യ സംഭവമല്ല. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സീനുകള്‍ എടുത്ത 70 മുതല്‍ 80 ശതമാനം പേര്‍ മാത്രമാണ് രണ്ട് കുത്തിവെപ്പുകളും പൂര്‍ത്തിയാക്കിയത്. കോവിഡ് 19 ലോകത്തെ ആരോഗ്യ സംവിധാനങ്ങളെ മുഴുവന്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാക്കിയതോടെ ഇപ്പോഴത്തെ വാക്‌സീന്‍ സാഹചര്യം തികച്ചും വ്യത്യസ്തമാണെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

രണ്ട് ഡോസിലും ഒരേ വാക്‌സീന്‍ തന്നെയാണ് ഉപയോഗിക്കുക. എന്നാല്‍, വാക്‌സീന്‍ എടുക്കുന്നവരുടെ രോഗപ്രതിരോധ സംവിധാനം രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ആദ്യ ഡോസോടു കൂടി തന്നെ ശരീരത്തിന് കോവിഡ് 19 രോഗാണുവിനെ തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കും. ആദ്യ ഡോസില്‍ ടി സെല്ലുകളെയാണ് വാക്‌സീന്‍ ഉത്തേജിപ്പിക്കുക. സാര്‍സ് കോവ് 2 വൈറസിനെതിരെ പോരാടാനുള്ള ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്ന ബി സെല്ലുകളെ ഉത്തേജിപ്പിക്കുക രണ്ടാം ഡോസിലാണ്. ആദ്യ ഡോസ് വാക്സീനേഷനെ അപേക്ഷിച്ച് രണ്ടാം ഡോസില്‍ പാര്‍ശ്വഫലങ്ങള്‍ കൂടുമെന്നതു മൂലം രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാതിരിക്കുന്നവരും ഉണ്ട്.

ഇന്ത്യയില്‍ ഭൂരിഭാഗം പേരും എടുത്ത കോവിഷീല്‍ഡ് വാക്‌സീന്‍ ആദ്യ ഡോസിന് ശേഷം 4-6 ആഴ്ച മുതല്‍ 6-8 ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്നാണ് മാര്‍ച്ചില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. ഇടവേള നീണ്ടാല്‍ ആദ്യ ഡോസിന്റെ ഫലം നഷ്ടമാകുമെന്നും പറഞ്ഞിരുന്നു. ഇത് എത്രയും നേരത്തെ രണ്ടാം ഡോസ് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ വലിയൊരു വിഭാഗത്തെ പ്രേരിപ്പിച്ചു. എന്നാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് രണ്ടാം ഡോസ് ഉറപ്പിക്കാനായത്.

 

രണ്ടാം ഡോസ് വാക്‌സീനായി അമിത തിരക്ക് കൂട്ടേണ്ടതില്ലെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ബ്രിട്ടനും കാനഡയുമെല്ലാം കോവിഷീല്‍ഡ് രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചക്കുള്ളില്‍ എടുത്താല്‍ മതിയെന്ന നിര്‍ദേശം നല്‍കി കഴിഞ്ഞു. അതായത് ആദ്യ ഡോസ് എടുത്ത് 84 മുതല്‍ 112 ദിവസത്തിനിടെ രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന്. ഇനി കുറച്ചു ദിവസങ്ങള്‍ കൂടി അങ്ങോട്ട് നീണ്ടുപോയാലും ധൈര്യമായി രണ്ടാം ഡോസ് എടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. 

 

കോവിഡിനെതിരെ ഒരു വാക്‌സിനും 100 ശതമാനം സുരക്ഷ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍, ഒരു ഡോസെങ്കിലും വാക്‌സീന്‍ എടുത്തവരില്‍ കോവിഡ് വരാനും ഗുരുതരാവസ്ഥയിലാവാനുമുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രധാന ഗുണം. കൂടുതല്‍ പേരിലേക്ക് ദീര്‍ഘകാലത്തേക്ക് രോഗം പകരുമ്പോഴാണ് ജനിതക മാറ്റത്തിലൂടെ രോഗകാരിയായ വൈറസ് കൂടുതല്‍ അപകടകാരിയായി മാറുന്നത്. വാക്‌സീനേഷനിലൂടെ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കാന്‍ നമുക്കാകും. ഫലത്തില്‍ വൈറസിന്റെ ജനിതക മാറ്റത്തിനുള്ള സാധ്യത കൂടിയാണ് അടയുന്നത്.

 

പാര്‍ശ്വഫലം കൂടുമന്ന് പേടിച്ച് രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാതിരിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പനി, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടാം ഡോസിലും കുത്തിവെപ്പെടുക്കുന്നവര്‍ അനുഭവിക്കാറുണ്ട്. എല്ലാവര്‍ക്കും ലക്ഷണങ്ങല്‍ കണ്ടുകൊള്ളണമെന്നുമില്ല. ലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ ഭൂരിഭാഗം പേരിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അസ്വസ്ഥതകള്‍ അവസാനിക്കുകയും ചെയ്യും. ഇനി ആര്‍ക്കെങ്കിലും ദീര്‍ഘകാലത്തേക്ക് പാര്‍ശ്വഫല ലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഡോക്ടറെ കാണിക്കുകയാവും നല്ലതെന്നും മറ്റേതെങ്കിലും അസുഖത്തിന്റെ സൂചനകളാകാം അതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

English Summary: Second vaccine dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com