ADVERTISEMENT

‘This time too shall pass’ ( ഈ സമയവും കടന്നു പോകും) എന്ന ആപ്തവാക്യം കോവിഡ് മഹാമാരിയുടെ കെട്ട കാലത്തും മനസ്സിൽ സൂക്ഷിച്ച് ശുഭാപ്തിവിശ്വാസവും സന്തോഷവും നിലനിർത്തുന്ന വ്യക്തിത്വമുള്ളവരാണോ നിങ്ങൾ? ആണെങ്കിൽ അത്തരക്കാർക്കു സന്തോഷിക്കാൻ പുതിയൊരു കാരണം കൂടിയുണ്ട്. കോവിഡ് വാക്സീൻ അവിടെ ശരീരത്തിൽ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. വളരെ പോസിറ്റീവായ മനോനിലയും സ്നിഗ്ദമായ സൗഹൃദങ്ങളും സാമൂഹ്യബന്ധങ്ങളും സൂക്ഷിക്കുന്നവരിൽ പ്രതിരോധ കുത്തിവെയ്പ് വഴി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയുടെ അളവ് കൂടുതലായിരിക്കുമെന്നും തന്മൂലം രോഗപ്രതിരോധ സംവിധാനം നന്നായി പ്രതികരിക്കുമെന്നാണ് പഠനങ്ങൾ ആധാരമാക്കി ശാസ്ത്രഞ്ജർ നൽകുന്ന സൂചനകൾ. പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ മനശാസ്ത്രവിദഗ്ധയായ അന്നാ മാർസ് ലാൻഡിന്റെ  അഭിപ്രായത്തിൽ മാനസികമായ സ്വഭാവഗുണങ്ങളും പ്രതിരോധ കുത്തിവെയ്പിന്റെ ഫലപ്രാപ്തിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

∙ പോസിറ്റീവാണോ നിങ്ങൾ?

മേൽപറഞ്ഞ വിഷയവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പഠനം 2006-ൽ മാർസ് ലാൻഡും സഹപ്രവർത്തകരും ചേർന്ന് നടത്തിയിരുന്നു. തങ്ങൾ ഊർജ്ജസ്വലരാണെന്നും സന്തോഷചിത്തരാണെന്നും സ്വസ്ഥമ രാണെന്നും സ്വയം വിശേഷിപ്പിച്ചവർക്ക് വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് ബി തടയാനുള്ള വാക്സീൻ നൽകിയപ്പോൾ ലഭിച്ചത് 73 ശതമാനത്തിലധികം  ആന്റിബോഡി അളവായിരുന്നു. ക്രോധം, മാനസികസമ്മർദം, വികാരവിക്ഷോഭം  എന്നിവയൊക്കെ കാരണം അസ്വസ്ഥരായിരുന്നവരെയാണ് പോസിറ്റീവ് മനസ്സുകാർ പിന്നിലാക്കിയത്. പിന്നീടങ്ങോട്ട് നിരവധി പഠനങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. മറ്റൊരു പഠനഫലമനുസരിച്ച്, വാക്സീൻ  സ്വീകരിക്കുന്ന ദിവസം നിങ്ങളുടെ മൂഡ് എങ്ങനെയായിരുന്നു എന്നതു പോലും കുത്തിവെയ്പിന്റെ ഫലപ്രാപ്തിയെ സ്വാധീനിക്കാൻ കഴിവുള്ളതാകുന്നു. 138 വൃദ്ധൻമാരിൽ ഫ്ളൂ വാക്സീൻ നൽകിയപ്പോൾ നടത്തിയ നിരീക്ഷണമനുസരിച്ച് കുത്തിവെയ്പിന്റെ ദിവസം പോസിറ്റീവായ മൂഡിലായിരുന്നവരിൽ 16 ആഴ്ചക്കാലത്തോളം അധികപ്രതിരോധശേഷി നൽകാൻ വാക്സീന് സാധിച്ചത്രേ!. എന്നാൽ ഉറക്കം, ശാരീരികാധ്വാനം എന്നിവയ്ക്ക് കാര്യമായ സ്വാധീനം കണ്ടെത്താനുമായില്ല. ശുഭാപ്തിചിന്തകൾ പ്രതിരോധ കുത്തിവെയ്പിന്റെ ഫലപ്രാപ്തിയെ സഹായിച്ചപ്പോൾ മാനസിക വിക്ഷോഭം പ്രതിരോധത്തെ ദുർബലപ്പെടുത്തുകയാണുണ്ടായത്.

 

∙ ചങ്ങാതി നന്നായാൽ...

 

നല്ല സൗഹൃദങ്ങളും സാമൂഹികബന്ധങ്ങളും വാക്സീന്റെ ഫലപ്രാപ്തിയിൽ വർധനവുണ്ടാക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഫ്ളൂ വാക്സീൻ സ്വീകരിച്ച 83 വിദ്യാർഥികളിൽ നടത്തിയ പഠനം നോക്കുക. തങ്ങളുടെ അടുത്ത പരിചയക്കാരിൽ 20 പേരുടെ പേരുകൾ പറയാനും, അവയിൽ എത്രപേരുമായി മാസത്തിൽ ഒരു തവണയെങ്കിലും ആശയ വിനിമയം നടത്താറുണ്ടെന്നുമുള്ള വിവരം കുട്ടികളിൽ നിന്ന് ശേഖരിച്ചു. ഒരു മാസത്തിനും നാലു മാസത്തിനും ശേഷം നടത്തിയ പരിശോധയിൽ 13 സുഹൃത്തുക്കളിൽ താഴെയുള്ളവരിൽ ആന്റിബോഡിയുടെ അളവ് താരതമ്യേന കുറവായിരുന്നുവെന്ന് കണ്ടെത്തി. ഹെപ്പറ്റൈറ്റിസ് ബി വാക്സീന്റെ കാര്യത്തിലും സമാനമായ തെളിവുകൾ പഠനഫലം നൽകുകയുണ്ടായി. തങ്ങളെ കേൾക്കാനും സഹായിക്കാനും ഉറ്റമിത്രങ്ങളുണ്ടെന്ന വിശ്വാസമുണ്ടായിരുന്നവരിൽ വാക്സീൻ കൂടുതൽ മെച്ചപ്പെട്ട പ്രതിരോധം തീർത്തിരുന്നു.

vaccine

 

∙ പ്രണയം ഔഷധമാകുമ്പോൾ...

THAILAND-HEALTH-VIRUS-VACCINE

 

വൈകാരികമായ പ്രണയവും വാക്സീനേഷന്റെ ഫലത്തിൽ പോസിറ്റീവായ സഹായം നൽകുമെന്നും പഠനങ്ങളുണ്ട്. യുകെയിലെ ബിർമിങ്ഹാം സർവകലാശാലയിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തിയതെന്തെന്ന് കാണുക. ജീവിതപങ്കാളിയോടൊപ്പം അല്ലെങ്കിൽ ഒന്നിച്ചു താമസിക്കുന്നയാളിനൊപ്പം സംതൃപ്ത ജീവിതം നയിക്കുന്ന വൃദ്ധജനങ്ങളിൽ പത്തു ശതമാനത്തോളം അധികം ആന്റിബോഡി ഉത്പാദനം ഫ്ളൂ വാക്സീൻ നൽകിയപ്പോൾ ഉണ്ടായതായി ഗവേഷകർ മനസ്സിലാക്കി. ഒറ്റയ്ക്കു താമസിക്കുന്നവരിലും അസംതൃപ്തബന്ധങ്ങളിൽ തളച്ചിടപ്പെടുന്നവരിലും മേൽപറഞ്ഞ മെച്ചം കാണാനായിരുന്നില്ല.

 

∙ വികാരങ്ങളും രോഗപ്രതിരോധ സംവിധാനവും

 

ലോസാഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സ്റ്റീവ് കോളിന്റെ അഭിപ്രായത്തിൽ വികാരങ്ങളും ബന്ധങ്ങളും ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് പരിണാമത്തിന്റെ വീക്ഷണകോൺ ഉപയോഗിച്ച് മനസ്സിലാക്കാവുന്നതാണ്. പൊതുവിൽ പറഞ്ഞാൽ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധവ്യവസ്ഥ അടിസ്ഥാനപരമായി രണ്ടു തരത്തിൽ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഒന്ന് വൈറസിനെതിരായതും രണ്ടാമത്തേത് ബാക്ടീരിയക്കെതിരായതും. മനുഷ്യ പരിണാമത്തിന്റെ നാൾവഴികളിൽ സംഭവിച്ചിരിക്കാവുന്നത് എന്തായിരിക്കുമെന്ന് സ്റ്റീവ് വിവരിക്കുന്നു. കൂട്ടം കൂടി ജീവിതം കഴിച്ചിരുന്ന മനുഷ്യർക്ക് വൈറസായിരുന്നു പ്രധാന ശത്രുവെന്ന് പറയാം. എന്നാൽ വിശാലമായ പുൽമേടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവനാകട്ടെ അപകടങ്ങളിൽനിന്നും ശത്രുജീവികളിൽ നിന്നും മുറിവുകളേൽക്കാനുള്ള സാധ്യതയാണ് ഏറെയുണ്ടാവുക. ഇത്തരം മുറിവുകളിൽ ബാക്ടീരിയക്കെതിരായ പ്രവർത്തനമാണ് അവശ്യമായത്. പരിധിയില്ലാത്ത വിഭവങ്ങൾ പ്രതിരോധ സംവിധാനത്തിന് ഇല്ലാത്തതിനാൽ അത് ആവശ്യമനുസരിച്ച് വിഭവങ്ങൾ രണ്ടു സംവിധാനത്തിനും മാറിമാറി നൽകുന്ന രീതിയിൽ വികസിക്കപ്പെട്ടു.

 

വർത്തമാനകാല മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ശത്രുക്കളിൽ നിന്ന് മുറിവേൽക്കാനുള്ള സാധ്യത വിരളമായേ നിലനിൽക്കുന്നുള്ളൂ. എന്നാൽ സാമ്പത്തിക ചിന്തകളും ജോലിഭാരവുമൊക്കെ നൽകുന്ന സമ്മർദ്ദം നമ്മുടെ കൂടപ്പിറപ്പാകുന്നു. ദീർഘമായ സമ്മർദ്ദവും, ഏകാന്തതയും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ വൈറസിനെതിരായ സന്നിവേശത്തിൽനിന്ന് ബാകീടിരിയാവിരുദ്ധ രീതിയിലേക്ക് മാറ്റാനിടയാക്കുന്നു. സ്റ്റീവ് കോളിന്റെ നിഗമനമനുസരിച്ച് പോസിറ്റീവായ മാനസികനിലയുള്ളവരിൽ ഇത്തരമൊരു മാറ്റം ഉണ്ടാവുകയില്ല. ദയയും ശുഭാപ്തി വിശ്വാസവും സൗഹൃദങ്ങളും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ജീനുകളെ ബാക്ടീരിയക്കെതിരായല്ല, വൈറസിനെതിരായി പൊരുതാനുള്ള രീതിയിൽ സംവിധാനം ചെയ്യുന്നുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. കോവിഡ് വാക്സീന്റെ കാര്യത്തിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസികസമ്മർദ്ദം ഗുണകരമാവില്ലായെന്നു തന്നെയാണ് വിദഗ്ധമതം. കോവിഡ് മഹാമാരി നൽകുന്ന ഏറ്റവും വലിയ ആഘാതം മനുഷ്യനിലേൽപിക്കുന്ന ഒറ്റപ്പെടലും മാനസിക സമ്മർദ്ദവുമാണെന്നത് ഓർക്കുക. എന്തായാലും ഒരു കാര്യം നമുക്ക് ചെയ്യാം. കോവിഡ് വാക്സീൻ എടുക്കാനിറങ്ങുന്നതിനു മുൻപ് ഏറ്റവും പ്രിയപ്പെട്ടവരുമായി സംസാരിച്ച് നല്ല മൂഡിൽ പോവുക. അത് ഏതു വിധത്തിലും ഗുണകരമാകുമെന്ന് തീർച്ച.

 

English Summary: How staying positive on the day of your vaccination might help your level of immunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com