ADVERTISEMENT

മെക്‌സിക്കോ സിറ്റി ആഴങ്ങളിലേക്ക് ഇടിഞ്ഞു താഴുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം പ്രതിവര്‍ഷം 20 ഇഞ്ച് വെച്ചാണ് മെക്‌സിക്കോ സിറ്റിയുടെ തറനിരപ്പ് താഴേക്ക് പോയിരിക്കുന്നത്. മെക്‌സിക്കോ സിറ്റി കെട്ടിപ്പടുത്തിരിക്കുന്നത് ടെക്‌സ്‌കോകോ തടാകം നികത്തിയതിന് ശേഷമാണ്. ഇതേ നിരക്കില്‍ പോയാല്‍ വരുന്ന 150 വര്‍ഷത്തിനകം 100 അടി താഴ്ച്ചയിലേക്ക് നഗരത്തിന്റെ പലഭാഗങ്ങളും പോകുമെന്നും കരുതപ്പെടുന്നു. 

 

ഏതാണ്ട് 88 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന വടക്കേ അമേരിക്കയിലെ പടുകൂറ്റന്‍ മെട്രോപൊളിറ്റന്‍ നഗരമാണ് മെക്‌സിക്കോ സിറ്റി. ഇവിടെ താമസിക്കുന്നവരില്‍ നാലില്‍ മൂന്നു പേരും ഇപ്പോഴും കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മെക്‌സികോ സിറ്റിക്ക് കീഴിലുള്ള ഭൂഗര്‍ഭത്തില്‍ അക്വിഫര്‍ എന്ന് വിളിക്കുന്ന വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാറകള്‍ നിരവധിയുണ്ട്. ഇത്തരം പാറകളില്‍ നിന്നുള്ള വെള്ളം വലിയ തോതില്‍ വലിച്ചെടുക്കുന്നതാണ് നഗരത്തെ തന്നെ താഴേക്ക് വലിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

 

mexico-city-google-map

ഇത് ആദ്യമായല്ല മെക്‌സികോ സിറ്റി താഴേക്ക് പോകുന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. 1900ത്തില്‍ തന്നെ പ്രതിവര്‍ഷം ഏതാണ്ട് 3.5 ഇഞ്ച് മെക്‌സികോ നഗരം താഴേക്ക്‌ പോകുന്നതായി കണ്ടെത്തിയിരുന്നു. ഭൂഗര്‍ഭ ജലത്തിനായി കുഴല്‍കിണറുകള്‍ അടിക്കുന്നതിന് 1950കളോടെ മെക്‌സിക്കോ സിറ്റിയില്‍ നിയന്ത്രണം വന്നു. അപ്പോഴേക്കും ഭൂനിരപ്പ് താഴേക്ക് പോവുന്നതിന്റെ നിരക്ക് പ്രതിവര്‍ഷം 11 ഇഞ്ചായി ഉയര്‍ന്നിരുന്നു.

 

ഭൂഗര്‍ഭ ജല വിനിയോഗത്തില്‍ വന്ന നിയന്ത്രണങ്ങളെ തുടര്‍ന്ന് നഗരം താഴുന്നതിന്റെ നിരക്ക് കുറഞ്ഞു. എങ്കില്‍ പോലും താഴുന്നതിനെ പൂര്‍ണമായും അവസാനിപ്പിക്കാന്‍ സാധിച്ചതുമില്ല. ജനസംഖ്യയും നഗരവും വളരുന്നതിനനുസരിച്ച് ഈ പ്രതിഭാസവും തുടരുകയായിരുന്നു. നഗരത്തിന്റെ പൗരാണിക പ്രാധാന്യമുള്ള പ്രദേശങ്ങള്‍ അടങ്ങുന്ന ഭാഗം പ്രതിവര്‍ഷം 16 ഇഞ്ച് കണ്ട് താഴേക്ക് പോവുന്നുവെന്ന് ജെജിആര്‍ സോളിഡ് എര്‍ത്ത് ജേണലില്‍ വന്ന പഠനത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മെക്‌സിക്കോ സിറ്റിയുടെ വടക്കു കിഴക്കന്‍ പ്രദേശം പ്രതിവര്‍ഷം 20 ഇഞ്ച് കനത്തില്‍ താഴേക്ക് പോവുന്നുവെന്ന കണക്കുകള്‍ കൂടി പുറത്തുവരുന്നു. 

 

അമേരിക്കന്‍ മെക്‌സിക്കന്‍ ഗവേഷകര്‍ ഏതാണ്ട് ഒരു നൂറ്റാണ്ടിലേറെ കാലത്തെ കണക്കുകളും ജിപിഎസ് InSAR റഡാര്‍ വിവരങ്ങളും പരിശോധിച്ചാണ് പഠനം നടത്തിയത്. നൂറ്റാണ്ടിലേറെയായി പ്രദേശത്തെ ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം ജലനിരപ്പിനെ താഴ്ത്തിയതാണ് നഗരം ഇടിഞ്ഞു താഴുന്നതിന്റെ പ്രധാന കാരണം. ജലനിരപ്പ് കുറയുന്നതിനൊപ്പം ഭൂഗര്‍ഭത്തിലെ അയിരുകള്‍ വലിഞ്ഞു മുറുകുന്നതും തറ നിരപ്പിനെ ബാധിക്കുന്നുണ്ട്. മെക്‌സിക്കോ സിറ്റിക്ക് അടിയിലെ കളിമണ്‍ പാളികള്‍ മാത്രം ഏതാണ്ട് 17 ശതമാനം വലിഞ്ഞു മുറുകിയിട്ടുണ്ട്. ഇത് 30 ശതമാനം വരെയാകാമെന്നാണ് മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ വരുന്ന 150 വര്‍ഷത്തിനുള്ളില്‍ മെക്‌സിക്കോ സിറ്റി 100 അടി ആഴത്തിലേക്ക് പോകും.

 

English Summary: Mexico City sinking land depressing unstoppable rate 20 inches year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com