sections
MORE

സൂക്ഷിക്കുക! ഉപ്പ് അധികമായാൽ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വെള്ളം കുടിക്കും

salt-covid
SHARE

കോവിഡ് കാലത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി എന്നത്. മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനുള്ള പല വിധ മാർഗങ്ങളേക്കുറിച്ചുള്ള വിവരങ്ങളാണ് പരമ്പരാഗത, നവ മാധ്യമങ്ങളിൽ നിറയുന്നത്. സാധാരണയായി ഉപ്പിന്റെ അധിക ഉപയോഗത്തെ ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെടുത്തിയാണ് നാം മനസ്സിലാക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ അധികം ഉപ്പ് കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും പണി കൊടുക്കുമെന്ന രീതിയിലുള്ള ഗവേഷണഫലങ്ങൾ പുറത്തു വന്നിരിക്കുന്നു. കോവിഡിന്റെ ഭീഷണി അതിവേഗം ഉയരുന്ന ഈ സമയത്ത് ഉപ്പിന്റെ ഉപയോഗത്തിലും ഡോക്ടർമാർ നിർദ്ദേശിക്കുന്ന മിതത്വം പാലിക്കണമെന്ന് ചുരുക്കം.

ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം ഉയർത്തുന്നതോടൊപ്പം രോഗപ്രതിരോധ കോശങ്ങളിലെ ഊർജ്ജത്തിന്റെ സമീകൃത നിലയെ ഭംഗപ്പെടുത്തുകയും തൽഫലമായി അവയുടെ ജോലി നല്ല നിലയിൽ നടക്കാതെ വരികയും ചെയ്യുന്നു. രക്തത്തിലെ ഉയർന്ന നിലയിലുള്ള സോഡിയത്തിന്റെ അളവു മൂലം ശരീരത്തിൽ ജാഗ്രതയോടെ റോന്തു ചുറ്റുന്ന മോണോസൈറ്റ് (monocytes) രക്തകോശങ്ങളുടെ ഉത്തേജനവും പ്രവർത്തനവും ഭംഗപ്പെടുമെന്ന് 2015-ൽ ഗവേഷകർ കണ്ടെത്തിയിരുന്നു. 

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ മുന്നണി പോരാളികളായ മാക്രോഫേജുകളുടെ മുൻഗാമികളാണ് മോണ സൈറ്റുകൾ എന്നോർക്കുക. ഉപ്പിന്റെ ഉയർന്ന അളവിന്റെ സാന്നിധ്യത്തിൽ രോഗ പ്രതിരോധകോശങ്ങളിലെ  ഉപാപചയ പ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നുവെന്ന നിരീക്ഷണം ലബോറട്ടറി അന്തരീക്ഷത്തിൽ നടത്തിയ ഗവേഷകർക്ക് കേവലം മൂന്നു മണിക്കൂറിനുളളിൽ പ്രകടമായ മാറ്റങ്ങൾ ദർശിക്കാനായി. കോശങ്ങളിൽ നടക്കുന്ന ശ്വസന പ്രക്രിയയുടെ ശൃംഖല തകരുന്നതുമൂലം രോഗപ്രതിരോധ കോശങ്ങൾ കുറച്ചമാത്രം ഓക്സിജൻ ഉപയോഗിക്കുകയും, കോശശ്വസനം വഴിയുണ്ടാകേണ്ട ATP തന്മാത്രകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്ന് ഗവേഷകസംഘം കണ്ടെത്തി. ശരീരത്തിലെ എല്ലാ കോശങ്ങളുടേയും ഇന്ധനമായി പ്രവർത്തിക്കുന്ന തന്മാത്രയാണ് ATP ( അഡിനോസിൻ ട്രൈഫോസ്ഫേറ്റ്). ശരീരത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജത്തിന്റെ സ്രോതസ്റ്റാണ് ATP. കോശങ്ങളുടെ ' പവർ പ്ലാന്റ് ' എന്നറിയപ്പെടുന്ന മൈറ്റോക്കോൺഡ്രിയയിലാണ് ( mitochondria ), ATP ഉത്പാദിപ്പിക്കപ്പെടുന്നത്. കോശശ്വസനശൃംഖല എന്നറിയപ്പെടുന്ന സങ്കീർണമായ ജൈവരാസ പ്രവർത്തനങ്ങളിലൂടെയാണ് മേൽപറഞ്ഞ ATP ഉത്പാദനം സാധ്യമാകുന്നത്. ഈ രാസ പ്രവർത്തനകണ്ണിയിലെ കോംപ്ലക്സ് II നെയാണ്, ഉപ്പ് പ്രത്യേകമായി തടസ്സപ്പെടുത്തുന്നത്. തൽഫലമായി മോണോസൈറ്റ് കോശങ്ങൾക്ക്  ഊർജലഭ്യത കുറയുകയും പൂർണവികാസം പ്രാപിക്കുന്നതിൽ വ്യതിയാനങ്ങളുണ്ടാവുകയും ചെയ്യുന്നു. രോഗാണുക്കളെ തിരിച്ചറിഞ്ഞ്, അവയെ പുറന്തള്ളുക എന്ന ജോലി നിർവഹിക്കുന്ന മാക്രോഫേജുകൾ കൂടുതൽ ഭംഗിയായി ആ ജോലി നിർവഹിക്കുമെങ്കിലും, അതിനൊപ്പം ശരീരത്തിൽ രോഗാണുബാധയ്ക്കെതിരായി സൃഷ്ടിക്കപ്പെടുന്ന ഇൻഫ്ളമേഷൻ ( inflammation) പ്രക്രിയയെ കൂടി വർധിപ്പിക്കുകയും ചെയ്യും. ഇത്തരമൊരു സ്ഥിതി ഹൃദയരക്തധമനി സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതാണ്.

ലബോറട്ടറി പരീക്ഷണങ്ങൾക്ക് ശേഷം ആരോഗ്യമുള്ള പുരുഷൻമാരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലേക്കാണ് ഗവേഷകർ തിരിഞ്ഞത്. ദിവസവും സാധാരണ കഴിക്കുന്ന ഭക്ഷണത്തിനൊപ്പം 6 ഗ്രാം ഉപ്പിന്റെ ടാബ്‌ലറ്റുകൾ 14 ദിവസത്തേക്ക് അവർക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പഠനത്തിലാകട്ടെ, ഒരു ഇറ്റാലിയൻ റെസ്റ്റോറന്റിൽ നിന്നുള്ള പിസയാണ് പഠനത്തിൽ പങ്കെടുക്കുന്നവർക്ക് അധികം നൽകിയത്. മേൽപറഞ്ഞ പരീക്ഷണങ്ങളുടെ ഫലങ്ങൾ ഇപ്രകാരമായിരുന്നു. ദീർഘനാളത്തെ ഉപ്പിന്റെ ഉയർന്ന ഉപഭോഗം കൊണ്ടല്ല, ഒറ്റയൊരു തവണ പിസ കഴിക്കുന്നതിലൂടെ, അതും കൂടുതലായി 3 മണിക്കൂറിനുള്ളിൽ, ഉപ്പ് അതിന്റെ മോശം ഫലമുണ്ടാക്കുന്നു. പിസയിൽ 10 ഗ്രാമായിരുന്നു ഉപ്പിന്റെ അളവെന്നോർക്കുക. ഭക്ഷണത്തിലടങ്ങിയതുൾപ്പെടെ പ്രതിദിന ഉപ്പിന്റെ ഉപഭോഗം 5-6 ഗ്രാം എന്നത് പരമാവധിയാണെന്നാണ് പോഷണ വിദഗ്ധർ പറയുന്നത്. സംസ്ക്കരിച്ച ഭക്ഷണ സാധനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പിന്റെ അളവും ഇതിലുൾപ്പെടുന്നു.

Salt-Crystal-Photo-Credit-Krasula

സോഡിയം അയൺ എന്ന ഒരു ചെറിയ കണികയ്ക്കു പോലും കോശശ്വസനത്തിലെ ഒരു നിർണായക ജൈവരാസത്വരകത്തെ (enzyme) ഭംഗപ്പെടുത്താൻ കഴിയുമെന്ന ഉൾക്കാഴ്ചയാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്. ഉപ്പിന്റെ അധിക ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത ഗവേഷകർ അർഥശങ്കയില്ലാതെ സ്ഥിരീകരിക്കുന്നു. രക്തസമ്മർദവും ഹൃദ്രോഗവും എന്നതിനപ്പുറം രോഗപ്രതിരോധ കോശങ്ങളെ പല വിധത്തിൽ അതു ബാധിക്കുന്നു. ശരീരത്തിലെ സുപ്രധാനമായ കോശ ശ്വസനം എന്ന പ്രക്രിയ ദീർഘകാലത്തേയ്ക്ക് തടസ്സപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് രക്തക്കുഴലുകൾ, സന്ധികൾ എന്നിവിടങ്ങളിലെ വീക്ക രോഗത്തിനും ( inflammation), ഓട്ടോ ഇമ്യൂൺ (autoimmune) അസുഖങ്ങൾക്കും വഴിവെയ്ക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

English Summary: One Major Side Effect of Eating Too Much Salt, New Study Says

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA