ADVERTISEMENT

കോവിഡ് രോഗത്തെ കീഴടക്കാനുള്ള ഏറ്റവും നിർണായക ആയുധമായ വാക്സീൻ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ലോകജനത. ഒഴിവുകഴിവുകൾ പറഞ്ഞ് വാക്സീൻ കൃത്യസമയങ്ങളിൽ എടുക്കാതിരിക്കുന്ന വളരെ ചെറിയ പക്ഷവുമുണ്ട്. വാക്സീനെ പഴിപറയാൻ ഓരോരുത്തർക്കും ഓരോ കാരണവുമുണ്ടാകാം. രണ്ടു ഡോസ് വാക്സീനെടുത്തവർക്കും രോഗം വരുന്നുണ്ടല്ലോയെന്ന ചോദ്യമാണ് വാക്സീൻ എടുക്കാൻ മടിയുള്ളവരുടെ പ്രധാന ന്യായവാദം. അതിനവർ വാക്സീനെടുത്തവരിൽ രോഗബാധയുണ്ടായതായി മാധ്യമങ്ങളിൽ വന്ന അപൂർവം ചില വാർത്തകൾ ചൂണ്ടിക്കാണിക്കുകയും ചെയ്‌തേക്കാം. കോവിഡ് വാക്സീൻ കൃത്യസമയത്തും ക്രമത്തിലും സ്വീകരിച്ച വളരെ ചുരുക്കംപേരിൽ രോഗബാധ ഉണ്ടായിട്ടുണ്ടാകാം. 'ബ്രേക്ക്ത്രൂ രോഗബാധ' ( breakthrough infection) എന്നാണ് ഇത്തരം രോഗാവസ്ഥ അറിയപ്പെടുന്നത്. കൂടാതെ ഒരു പ്രാവശ്യം രോഗം വന്നവരിൽ വീണ്ടും രോഗബാധ (reinfection ) യുണ്ടാകുന്ന സന്ദർഭങ്ങളുമുണ്ടാകാം. വാക്സീനേഷന്റെ വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചായതിനാൽ ഒരു വാക്സീനും 100 ശതമാനം ഫലപ്രദമെന്നു പറയാനാവില്ല. പക്ഷേ വാക്സീനേഷൻ നൽകുന്ന വലിയ സംരക്ഷണം വച്ചു നോക്കുമ്പോൾ വളരെ ചെറിയ എണ്ണം വാക്സീനാനന്തര രോഗബാധകൾ വാക്സീനേഷൻ ഒഴിവാക്കാനുള്ള കാരണമേ ആകുന്നില്ലായെന്നത് ഓർക്കുക.

1200-pfizer-vaccine

 

∙ വാക്സീൻ ബ്രേക്ക്ത്രൂ ഇൻഫക്ഷൻ: നിർവചനവും കാരണങ്ങളും

 

ഒരു നിശ്ചിത രോഗത്തിനെതിരെ പ്രതിരോധകുത്തിവെയ്പ്  (vaccine) എടുത്തിട്ടും ആ രോഗബാധയുണ്ടാകുന്ന അവസ്ഥയാണ് ബ്രേക്ക്ത്രൂ ഇൻഫക്ഷൻ. Centers for Disease Control and Prevention ( CDC ) കോവിഡ് - 19 വാക്സീൻ ബ്രേക്ക്ത്രൂ ഇർഫക്ഷന് കൃത്യമായ നിർവചനം നൽകിയിട്ടുണ്ട് .USFDA അംഗീകരം നൽകിയ വാക്സീൻ നിർദേശിക്കപ്പട്ടപ്രകാരം സ്വീകരിച്ച ഒരു വ്യക്തിയിൽ, പതിനാലാം ദിവസത്തിലോ അതിനുശേഷമോ സാർസ്-കോവ് - 2 ആർഎൻഎ അല്ലെങ്കിൽ ആന്റിജൻ ശ്വാസകോശ സാംപിളിൽ കണ്ടെത്തുന്ന അവസ്ഥയാണ് ബ്രേക്ക് ത്രൂ കേസ് എന്നു വിളിക്കപ്പെടേണ്ടത്. വാക്സീൻ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ കീഴടക്കി രോഗാണു നേടുന്ന നിർണായകമായ മുന്നേറ്റമെന്നൊക്കെ രോഗകാരിയുടെ കണ്ണിൽക്കൂടി നോക്കിയാൽ പറയാവുന്ന കേസാണിത്. 

 

വാക്സീൻ ലഭ്യമായ പല രോഗങ്ങളുടെ കാര്യമെടുത്താലും ബ്രേക്ക്ത്രൂ കേസുകൾ സാധാരണമാണ്. ചിക്കൻപോക്സ്, മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. എന്നാൽ വാക്സീനെടുത്തവരിൽ രോഗം വരുമ്പോൾ  വാക്സീനെടുക്കാത്തവരിൽ വരുന്ന സ്വാഭാവികരോഗാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ അത് തീവ്രതകുറഞ്ഞ രൂപത്തിലായിരിക്കുമെന്നു മാത്രമല്ല, രോഗദൈർഘ്യം ഹ്രസ്വമായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്സീന്റെ ഗുണമേന്മ, വാക്സീൻ സൂക്ഷിക്കുന്നതിലും കുത്തിവെയ്ക്കുന്നതിലും വന്നേക്കാവുന്ന അപര്യാപ്തതകൾ, രോഗാണുവിന്റെ ജനിതകമാറ്റം മൂലമുണ്ടാകുന്ന വകഭേദങ്ങളുടെ സാന്നിധ്യം, വാക്സീൻ സ്വീകർത്താവിന്റെ രോഗപ്രതിരോധ ശാരീരിക സവിശേഷതകൾ തുടങ്ങി ഘടകങ്ങൾ വാക്സീൻ നൂറുശതമാനം വിജയത്തിലെത്തുന്നതിന് തടസ്സമാകാം. വാക്സീൻ സ്വീകരിക്കുന്ന വ്യക്തിയുടെ പ്രായം, അമ്മയിൽ നിന്നുള്ള ആന്റിബോഡികളുടെ സാന്നിധ്യം, മെമ്മറി ബി കോശങ്ങളുടെ ആയുർദൈർഘ്യം എന്നിവയ്ക്കൊപ്പം രോഗാണുവിനുണ്ടായേക്കാവുന്ന പരിണാമങ്ങളും വാക്സീനേഷന്റെ ഫലപ്രാപ്തി കുറയ്ക്കാൻ കാരണമാകുന്നു.

1200-covid-vaccine

 

∙ കോവിഡ് വാക്സീനും ബ്രേക്ക്ത്രൂ ഇൻഫക്ഷനുകളും

 

സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ( CDC) 2021 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾപ്രകാരം ഏകദേശം 75 ദശലക്ഷം അമേരിക്കക്കാർ കൃത്യമായ വാക്സീൻ ഡോസുകൾ സ്വീകരിച്ചപ്പോൾ, അവരിൽ 5814 പേരിലാണ് രോഗം പിന്നീട് പ്രത്യക്ഷപ്പെട്ടത്. അതിൽ 74 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നൽകുന്ന വിവരമനുസരിച്ച് രാജ്യത്തെ ബ്രേക്ക്ത്രൂ രോഗനിരക്ക് പതിനായിരത്തിൽ രണ്ട് മുതൽ നാലുവരെ എന്നതാണ്. സ്വാഭാവികമായി രോഗം വന്നവരിൽ വീണ്ടും രോഗം വന്നതാകട്ടെ 4.5 ശതമാനമെന്ന നിരക്കിലുമാണ് എന്നതും ഓർക്കുക. 

 

വാക്സീനെടുത്തിട്ടും, ഒരിക്കൽ രോഗം വന്നിട്ടും രോഗബാധ ഒഴിവാകാത്തത് പൊതുസമൂഹത്തിൽ ആശങ്കയുളവാക്കുമെന്നതിൽ സംശയമില്ല. പക്ഷേ ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരം രോഗബാധകൾ അപൂർവ്വവും അപ്രതീക്ഷിതവുമായി കണക്കാക്കാന്നവയാണ്. മാത്രമല്ല കൃത്യമായി വാക്സീൻ സ്വീകരിച്ചവരിൽ ലക്ഷണങ്ങളില്ലാത്ത അല്ലെങ്കിൽ തീവ്രത കുറഞ്ഞ രോഗാവസ്ഥയാണ് പ്രത്യക്ഷപ്പെടുന്നതെന്ന ആശ്വാസവുമുണ്ട്. അപ്പോഴും വാക്സീന്റെ സംരക്ഷണം ഭാഗികമായാണെങ്കിലും കൂട്ടിനുണ്ടാവുന്നു എന്നത് ഏറെ പ്രധാനമാകുന്നു.

 

∙ വൈറസ് വകഭേദങ്ങളാണ് പ്രധാന കാരണം

 

കേരളത്തിലെ ആരോഗ്യ പ്രവർത്തകരിൽ നടത്തിയ ആദ്യത്തെ പഠനഫലമനുസരിച്ച് വൈറസിന്റെ വകഭേദങ്ങളാണ് അവരിൽ വാക്സീനേഷൻ സ്വീകരിച്ചതിനുശേഷമുള്ള രോഗബാധയുടെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. B.1.1.7, E484K, S477N എന്നിവയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകരിലുണ്ടായ വാക്സീനാനന്തര രോഗകാരണമായി കണ്ടെത്തിയത്. വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കുശേഷം രോഗമുണ്ടായവരിലാണ് വൈറസ് വകഭേദങ്ങളുടെ ജനിതകഘടനാ പഠനം നടത്തപ്പെട്ടത്. കോവിഷീൽഡ് വാക്സീൻ 28 ദിവസത്തെ ഇടവേളയിൽ എടുത്താൽ ലഭിക്കുന്ന തീവ്ര രോഗബാധയിൽ നിന്നുള്ള സംരക്ഷണ നിരക്ക് 76 ശതമാനമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും മനസ്സിലാക്കുക. അപ്പോഴും ഒരു കാര്യം മറക്കാതിരിക്കുക. വാക്സീൻ എടുക്കുന്നതുമൂലം രോഗാണു ഏഴയലത്തുപോലും വരില്ലായെന്നു ചിന്തിക്കുന്നതിനു പകരം, വാക്സീൻ രോഗം തടയാൻ ഫലപ്രദമാണെന്നും എന്നിരുന്നാലും ചുരുക്കം പേരിൽ രോഗം വരാമെന്നും, വന്നാൽ തന്നെ രോഗം കഠിനമാക്കില്ലെന്നും കരുതുന്നതാണ് യുക്തിസഹം. സമൂഹത്തിലെ ബഹുഭൂരിപക്ഷം രോഗപ്രതിരോധശേഷി ( herd inmmunity) കൈവരിക്കുന്നതോടെ വാക്സീനേഷനു ശേഷം രോഗം വരുന്ന നിരക്ക് ഇനിയും കുറയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ കൃത്യമായ വാക്സീനേഷൻ തന്നെയാണ് കോവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാന ആയുധങ്ങളിലൊന്ന് എന്നത് മറക്കാതിരിക്കുക.

 

English Summary: What’s a COVID-19 Breakthrough Infection?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com