ADVERTISEMENT

കോവിഡ് - 19 ചികിൽസയിൽ കോർട്ടികോസ്റ്റീറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ അഭിപ്രായങ്ങൾ മഹാമാരിയുടെ തുടക്കത്തിൽ ആരോഗ്യവിദഗ്ധർ പ്രകടിപ്പിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കംമുതൽ തന്നെ നമ്മുടെ രാജ്യത്തുള്ള പല ഡോക്ടർമാരും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഡെക്സാമെഥസോൺ പോലെയുള്ള കോർട്ടികോസ്റ്റീറോയിഡ്സ് നൽകിയിരുന്നു. എന്നാൽ 2020 സെപ്റ്റംബറിൽ മാത്രമാണ് ലോകാരോഗ്യസംഘടന (WHO) ഇവയുടെ ഉപയോഗം സംബന്ധിച്ച ശുപാർശ  നൽകിയത്. കോർട്ടികോസ്റ്റീറോയിഡ് രോഗികളെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സ്റ്റീറോയ്ഡ് ഉപയോഗം സഹായിച്ചെന്ന  ക്ലിനിക്കൽ പഠനഫലം യുകെയിൽനിന്ന് പുറത്തുവന്നതോടെയാണ് WHO ഇത്തരമൊരു നിർദ്ദേശം നൽകിയത്.

 

∙ എന്താണ് കോർട്ടികോസ്റ്റീറോയ്ഡ്സ് ചെയ്യുന്നത്

antigen-test-covid-1200

 

ഡെക്സാമെഥസോൺ (Dexamethasone) പോലെയൊരു കോർട്ടികോസ്റ്റീറോയ്ഡ് ( Corticosteroid) മരുന്നിന്റെ സാധാരണ നിലയിലുള്ള ഉപയോഗം ആന്റിഇൻഫ്ളമേറ്ററി (Antiinflammatory) എന്ന നിലയിലാണ്. അതായത് ശരീരത്തിലെ ഇൻഫ്ളമേറ്ററി പ്രവർത്തനത്തിനെതിരായ പ്രവർത്തനം നടത്തുന്ന ജോലി. ഇൻഫ്ളമേഷൻ ( കോശജ്വലനം ) എന്നാലെന്തെന്ന് ഇനി നോക്കാം. ശരീരത്തിൽ  രോഗാണുക്കൾ പ്രവേശിക്കുമ്പോഴോ, ശരീരത്തിനോ ശരീരഭാഗങ്ങൾക്കോ  ഹാനികളുണ്ടാകുന്ന സമയത്തോ രക്തത്തിൽ നിന്ന് ഉടലെടുക്കുന്ന സങ്കീർണമായ ജൈവപ്രതികരണമാണിത്. രോഗാണുക്കളെ പുറന്തള്ളാനും, ശരീരകലകളിലെ കേടുപാടുകളും മുറിവുകളും പരിഹരിക്കാനുമുള്ള പ്രയോജനകരമായ പ്രതികരണം. കോശജ്വലനം നടക്കുന്ന ഭാഗങ്ങളിൽ കാതലായ 5 ലക്ഷണങ്ങൾ കാണപ്പെടാം. ചുവപ്പുനിറമാകുക, ചൂട് കൂടുക, നീര്, വേദന, കോശ പ്രവർത്തനം നഷ്ടമാകൽ എന്നിവയാണത്. ശരീരത്തിന്റെ സ്വാഭാവിക പ്രവൃത്തിയാണെങ്കിലും പല സന്ദർഭങ്ങളിലും അതിതീവ്ര കോശജ്വലനം ശരീരകോശങ്ങളേയും പ്രവർത്തനങ്ങളേയും ബാധിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ കോശജ്വലനത്തെ തടയുന്ന കോർട്ടികോ സ്റ്റീറോയ്ഡ്സ് ഉപയോഗിക്കപ്പെടുന്നു. ഉദാഹരണത്തിന് അലർജി, ആസ്തമ, സന്ധിവാതം, ചർമ്മ രോഗങ്ങൾ, ക്ഷയം, മസ്തിഷ്കവീക്കം, നേത്രശസ്ത്രക്രിയ കഴിഞ്ഞുണ്ടാകുന്ന കണ്ണുവേദന തുടങ്ങിയ അസുഖാവസ്ഥകളിൽ ഡോക്ടർമാർ ഉചിതമായ ഘട്ടങ്ങളിൽ ഡെക്സാ മെഥസോൺ ഉപയോഗിക്കുന്നു. അതായത് കോശജ്വലനം ശരീരത്തിന് ഉപയോഗപ്രദമാണെങ്കിലും, ചില സന്ദർഭങ്ങളിൽ അതിനു നിയന്ത്രണം ആവശ്യമാകുന്നുവെന്ന് മനസ്സിലായല്ലോ?

 

∙ കോവിഡും കോർട്ടികോസ്റ്റീറോയ്ഡും

 

അണുബാധയുടെ ഫലമായി അതിനെതിരെ ശരീരത്തിലുണ്ടാകുന്ന കോശജ്വലനമെന്ന സ്വാഭാവിക പ്രതികരണത്തെക്കുറിച്ച് വായിച്ചല്ലോ? സാർസ് -കോവ് -2 വൈറസ് ശരീരത്തിൽ പ്രവേശിച്ചു കഴിയുമ്പോഴും കോശജ്വലനം നടക്കുന്നു. വൈറസിനെ ശരീരത്തിൽനിന്നും പുറന്തള്ളാനുള്ള പ്രതികരണമാണ് അത്. എന്നാൽ ധാരാളം കോവിഡ് രോഗികളിൽ ഈ പ്രതികരണം 'സൈറ്റോകൈൻ സ്റ്റോം' ( Cytokine storm) എന്ന അതിതീവ്ര രോഗപ്രതിരോധ പ്രവർത്തനമായി മാറുന്നു. ശ്വാസകോശത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയിൽ എത്തുകയും രോഗി മരണമടയുകയും ചെയ്തേക്കാം. ഇത്തരം രോഗികളിൽ അവരുടെ രോഗപ്രതിരോധ സംവിധാനത്തെ ശാന്തമാക്കി, ശാരീരികാവയവങ്ങളുടെ നാശം ഒഴിവാക്കാൻ ഡെക്സാമെഥസോൺ ഉപയോഗിക്കപ്പെടുന്നു. അങ്ങനെ കോവിഡ്- 19 നോട് യുദ്ധം ചെയ്യാനുള്ള പ്രധാന ആയുധമായി കോർട്ടികോസ്റ്റീറോയ്ഡ്സ് മാറുന്നു. പക്ഷേ കോവിഡിന്റെ ഏതു ഘട്ടത്തിൽ, അവസ്ഥയിൽ, എത്ര ഡോസിൽ, എത്ര സമയത്തേക്ക് സ്റ്റീറോയ്ഡ് ഉപയോഗം വേണമെന്നു തീരുമാനിക്കാനുള്ള വിവേചനം ഡോക്ടർമാർ കൈവരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

 

∙ കോർട്ടികോസ്റ്റീറോയ്ഡ് പ്രശ്നക്കാരനോ?

 

കോവിഡ് വൈറസ് ശരീരത്തിൽ പ്രവേശനം നേടുന്ന പ്രാരംഭ ഘട്ടത്തിൽ സ്റ്റീറോയ്ഡ് ഉപയോഗം തുടങ്ങുന്നത് ഉചിതമല്ലായെന്ന വാദമുണ്ട്. കാരണം കോശങ്ങളിൽ വൈറസ് പെരുകുന്ന ഈ സമയത്ത് അവയെ പുറന്തള്ളാൻ സഹായിക്കുന്ന ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രവർത്തനമായ കോശജ്വലനത്തെ മരുന്നുപയോഗം തടയുന്നു. എന്നാൽ കോശജ്വലനം സൈറ്റോ കൈൻ സ്റ്റോം ഘട്ടമാകുമ്പോൾ മരുന്ന് ആവശ്യമായും വരാം. സ്റ്റീറോയ്ഡ് ഉപയോഗം നടത്തേണ്ടതിന്റെ സമയം തീരുമാനിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ WHO നൽകിയിട്ടുണ്ട്. രോഗിയുടെ വിശ്രമാവസ്ഥയിലെ ഓക്സിജൻ സാച്ചുറേഷൻ അളവ് 94 ശതമാനത്തിൽ താഴുകയും, ശ്വസനനിരക്ക് മിനിറ്റിൽ 24ന് മുകളിലാവുകയും ചെയ്യുമ്പോൾ കോർടി കോർട്ടികോസ്റ്റീറോയ്ഡ് ഉപയോഗിക്കുന്നത് ഡോക്ടർമാർക്ക് ചിന്തിക്കാമെന്നാണ് നിർദ്ദേശം. ആറു മിനിറ്റ് നേരത്തെ തുടർച്ചയായ നടത്തത്തിനു ശേഷമുള്ള ഓക്സിജൻ നിലയും ഡോക്ടർമാർ പരിഗണിക്കുന്നു. ഇത് 93 ശതമാനത്തിൽ താഴെ അല്ലെങ്കിൽ സാധാരണയിൽ ( നടപ്പിനുമുൻപ് ) നിന്ന് 3 ശതമാനം കുറഞ്ഞാൽ മരുന്നുപയോഗം ആലോചിക്കപ്പെടും.

 

സ്റ്റീറോയ്ഡ് മരുന്നുകൾ എത്ര ഡോസ് എത്ര ഇടവേളയിൽ, എത്ര കാലത്തേക്ക് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഏറെ പ്രധാനമാണ്. രോഗത്തിന്റെ തുടക്കത്തിൽ സ്റ്റീറോയ്ഡ് ഉപയോഗിച്ചാൽ അതു വൈറസ് പെരുക്കത്തെ സഹായിക്കുന്നതായും, ഓക്സിജൻ അളവ് കുറയാൻ ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി കോവിഡ് ബാധിച്ച രോഗികളിലെ ദീർഘകാല സ്റ്റീറോയ്ഡ് ഉപയോഗം പ്രശ്നങ്ങളുണ്ടാക്കാം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവിലുള്ള വർധനവാണ് മുഖ്യം. ഇൻസുലിൻ ഉപയോഗിച്ച് നിയന്ത്രിക്കപ്പെടാത്ത ഷുഗർ നില രോഗപ്രതിരോധശേഷിയെ ദുർബലമാക്കും. തൽഫലമായി ബാക്ടീരിയ, ഫംഗസ് രോഗങ്ങൾക്ക് സാധ്യതയേറുകയും ചെയ്യുന്നു.

 

English Summary: Corticosteroids for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com