sections
MORE

നാസയുടെ ഒസിരിസ് പേടകം ഭൂമിയിലേക്ക് വരുന്നു, ആകാംക്ഷയോടെ ഗവേഷകർ

bennu-nasa
SHARE

ഛിന്നഗ്രഹം ബെന്നുവില്‍ ഇറങ്ങിയ നാസയുടെ ഒസിരിസ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഈ യാത്രക്കിടെ ഏതാണ്ട് 225 കോടി കിലോമീറ്റര്‍ ദൂരമാണ് ഒസിരിസ് മറികടക്കുക. ഭൂമിക്ക് പുറത്തെ ഒരു ഛിന്നഗ്രഹത്തില്‍ ഇറങ്ങുകയും അവിടെ നിന്നും സാംപിളുകള്‍ ശേഖരിക്കുകയും ചെയ്ത ആദ്യത്തെ മനുഷ്യ ദൗത്യമാണ് ഒസിരിസിന്റേത്. 

2020 ഒക്ടോബറിലാണ് ഒസിരിസ് ബെന്നുവില്‍ ഇറങ്ങി തുരക്കുന്ന നിര്‍ണായക ദൗത്യം നിര്‍വഹിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നാസ ഒസിരിസ് ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ച വിവരം സ്ഥിരീകരിക്കുന്നത്. 2023 സെപ്റ്റംബര്‍ 24ന് ഒസിരിസ് നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലിറങ്ങുമെന്നാണ് നിലവിലെ നാസയുടെ കണക്കുകൂട്ടല്‍. 

അപ്പോളോ ദൗത്യത്തിന് ശേഷം ആദ്യമായാണ് ഭൂമിക്കു പുറത്തു നിന്നും വസ്തുക്കള്‍ ഇങ്ങോട്ടേക്കെത്തിക്കുന്നത്. 1969 മുതല്‍ 1972 വരെയുള്ള കാലയളവില്‍ പല അപ്പോളോ ദൗത്യങ്ങളിലായി ചന്ദ്രനില്‍ നിന്നും നിരവധി വസ്തുക്കള്‍ ഭൂമിയിലേക്കെത്തിച്ചിട്ടുണ്ട്. 

asteroid-bennu

'എന്റെ മകള്‍ ഡയപ്പര്‍ ഇട്ട് നടക്കുന്ന കാലത്താണ് ഛിന്നഗ്രഹത്തില്‍ ഇറങ്ങി വസ്തുക്കള്‍ ശേഖരിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവുന്നത്. അവള്‍ ഇപ്പോള്‍ കോളജില്‍ പഠിക്കുകയാണ്. ഇതൊരു നീണ്ട യാത്രയാണെന്ന് പറയാന്‍ വേറെന്തുവേണം' എന്നാണ് നാസയുടെ പ്രൊജക്ട് സയന്റിസ്റ്റായ ജാസണ്‍ വര്‍കിന്‍ ഒസിരിസ് ദൗത്യത്തെക്കുറിച്ച് പ്രതികരിച്ചത്. 'ബെന്നുവിന്റെ ചിത്രങ്ങളും അവിടെ നിന്നും ശേഖരിച്ച വസ്തുക്കളും പരിശോധിക്കാമെന്ന ആവേശത്തിലാണ് ഞങ്ങള്‍' എന്നും ജാസണ്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ഭൂമിയുടേയും ചൊവ്വയുടേയും ഭ്രമണപഥത്തിനിടയിലാണ് ബെന്നു ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ബെന്നുവില്‍ നിന്നും ഭൂമിയിലേക്ക് ഒസിരിസിന് എളുപ്പവഴികളില്ല. സൂര്യനു ചുറ്റും രണ്ട് തവണ കറങ്ങിക്കൊണ്ടാണ് ഒസിരിസ് ഭൂമിയിലേക്കെത്തുക. ഇതിനിടെയാണ് 225 കോടി കിലോമീറ്റര്‍ ഒസിരിസ് മറികടക്കുക. ഭൂമിയില്‍ നിന്നും ഏതാണ്ട് 10,000 കിലോമീറ്റര്‍ അകലത്തിലേക്ക് ഒസിരിസിനെ എത്തിക്കുകയാണ് ആദ്യ ലക്ഷ്യം. പിന്നീട് ഒസിരിസ് പിടിച്ചുവെച്ചിരിക്കുന്ന ബെന്നുവില്‍ നിന്നും ശേഖരിച്ച വസ്തുക്കളുടെ പിടിവിടുവിക്കും. 

bennu

ഒസിരിസ് ശേഖരിച്ച അമൂല്യ വസ്തുക്കള്‍ നഷ്ടമാകാനുള്ള സാധ്യത പരമാവധി കുറക്കുകയാണ് നാസയുടെ ലക്ഷ്യം. അതിനുവേണ്ടി പരമാവധി കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാണ് ഒസിരിസ് ഭൂമിയിലേക്ക് യാത്ര ചെയ്യുന്നത്. ഇനി ഒസിരിസിന് ബെന്നുവില്‍ നിന്നുള്ള വസ്തുക്കളെ വിടുവിക്കാന്‍ സാധിച്ചില്ലെങ്കില്‍ 2025ല്‍ ഒരിക്കല്‍ കൂടി ശ്രമിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. 

2016ല്‍ വിക്ഷേപിച്ച ഒസിരിസ് 2018ലാണ് ഛിന്നഗ്രഹമായ ബെന്നുവില്‍ ഇറങ്ങുന്നത്. ഈ ഛിന്നഗ്രഹത്തില്‍ രണ്ടര വര്‍ഷത്തോളം കഴിയുകയും ആവശ്യത്തിന് സാംപിളുകള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഒസിരിസ് തിരിച്ചുള്ള യാത്ര ആരംഭിച്ചത്. ഏതാണ്ട് 1.16 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 8500 കോടിരൂപ) ചെലവിട്ടാണ് ഒസിരിസ് 60 ഗ്രാം ഭാരം വരുന്ന വസ്തുക്കള്‍ ബെന്നുവില്‍ നിന്നും ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചിരിക്കുന്നത്. ഈ വസ്തുക്കള്‍ വിജയകരമായി ഭൂമിയിലെത്തിക്കാനായാല്‍ ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സൗരയൂഥത്തിന്റെ പരിണാമത്തെക്കുറിച്ചുമെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

English Summary: NASA's Osiris Rex mission leave asteroid Bennu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA