ADVERTISEMENT

പുരാതന റോമില്‍ 'നരകത്തിലേക്കുള്ള വാതില്‍' എന്നു പേരുകേട്ട ഒരിടമുണ്ടായിരുന്നു. പാതാളത്തിലേക്കുള്ള വാതിലെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഇതിലൂടെ കടന്നു പോയ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പൊടുന്നനെ ജീവന്‍ നഷ്ടമായി. അതേസമയം, അവയെ മരണത്തിലേക്ക് നയിച്ച പുരോഹിതര്‍ക്ക് പോറല്‍ പോലുമേറ്റില്ല. സഹസ്രാബ്ദങ്ങള്‍ക്കിപ്പുറം ആ നരക വാതിലിന് പിന്നില്‍ മറഞ്ഞിരുന്ന രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം.

 

2200 വര്‍ഷങ്ങള്‍ക്ക് മുൻപ് സജീവമായിരുന്നുവെന്ന് കരുതപ്പെടുന്ന ഈ റോമന്‍ നരകവാതിലിന്റെ ഭാഗങ്ങള്‍ 2011ലാണ് പുരാവസ്തുഗവേഷകര്‍ കണ്ടെത്തുന്നത്. ഇപ്പോള്‍ തുര്‍ക്കിയിലുള്ള ഹീറപോളിസ് എന്ന പ്രദേശത്താണ് ഇത് കണ്ടെത്തിയത്. പാതാള ദേവനായിരുന്ന പ്ലൂട്ടോക്ക് ബലികൊടുക്കാന്‍ വേണ്ടിയായിരുന്നു മൃഗങ്ങളെ പുരോഹിതരുടെ അകമ്പടിയില്‍ ഇങ്ങോട്ടേക്കെത്തിച്ചിരുന്നത്. നിരവധി പേര്‍ നോക്കി നില്‍ക്കെ കൂറ്റന്‍ കാളകളും മറ്റു ബലി മൃഗങ്ങളും ഈ നരകവാതില്‍ കടക്കുന്നതോടെ പിടഞ്ഞു വീഴുകയുമായിരുന്നു പതിവ്. പുരോഹിതര്‍ക്ക് പോറല്‍ പോലുമേല്‍ക്കാതിരുന്നത് അവരുടെ അതീന്ദ്രിയ ശക്തിയുടെ തെളിവുകളായും പ്രചരിക്കപ്പെട്ടു.

 

'ഈ പ്രദേശം മുഴുവനായും പുകയും നീരാവിയും കൊണ്ട് നിറഞ്ഞിരുന്നു. അവ്യക്തമായി മാത്രമേ തറ കാണാന്‍ സാധിച്ചിരുന്നുള്ളൂ. പുക നിറഞ്ഞ ഈ വാതിലിലൂടെ കടക്കുന്ന ഏതൊരു മൃഗവും ഉടനേ ചത്തുവീണു. എന്റെ കയ്യിലുണ്ടായിരുന്ന ഒരു കുരുവിയെ ഇതുവഴി പറത്തി വിട്ടു. അതും തറയില്‍ പിടഞ്ഞു വീണ് അന്ത്യശ്വാസം വലിക്കുകയാണുണ്ടായത് എന്നാണ് ഗ്രീക്ക് ചരിത്രകാരനായിരുന്ന സ്ട്രാബോ (ബിസി 64 - സിഇ 24) വിവരിക്കുന്നത്. 

 

ഈ നരക വാതിലിനെക്കുറിച്ച് പ്രചരിച്ചിരുന്ന കഥകളും ചരിത്ര രേഖകളിലെ പരാമര്‍ശങ്ങളുമൊക്കെയായിരുന്നു പുരാവസ്തു ഗവേഷകരെ ഈ ഗുഹ തിരഞ്ഞു പിടിക്കാന്‍ പ്രേരിപ്പിച്ചത്. 2011ല്‍ ഈ ഗുഹ വീണ്ടെടുത്ത ശേഷം നടത്തിയ നിരീക്ഷണത്തിലും ഞെട്ടിക്കുന്ന ഒരു കാര്യം ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗുഹാമുഖത്തോട് താഴ്ന്ന് പറക്കുന്ന പക്ഷികള്‍ ഇപ്പോഴും ചത്തു വീഴുന്നു. ഇതോടെയാണ് ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്. 

 

ഒടുവില്‍ കുറ്റവാളിയെ കയ്യോടെ പിടികൂടുകയും ചെയ്തു. ഭൂമിക്കടിയിലെ ഭൗമപാളികളുടെ ചലനം മൂലം പുറത്തുവരുന്ന വാതകങ്ങളാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് പിന്നിലെന്നാണ് ജര്‍മന്‍ വോള്‍ക്കാനോളജിസ്റ്റ് ഹാര്‍ഡി ഫന്‍സ് പറയുന്നത്. 2018ല്‍ ഈ 'നരകവാതില്‍' ഗുഹയിലേക്കുപോയ പര്യവേഷണ സംഘത്തിലെ അംഗമായിരുന്നു ഹാര്‍ഡി ഫന്‍സ്. മേഖലയിലെ ഭൂമിക്കടിയില്‍ നിന്നും പുറത്തേക്ക് വരുന്ന വോള്‍ക്കാനിക് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് മരണകാരണമാകുന്നതെന്നാണ് കണ്ടെത്തല്‍. 

 

തറനിരപ്പില്‍ നിന്നും ഏതാണ്ട് 40 സെന്റി മീറ്റര്‍ വരെ ഉയരത്തില്‍ ഭൂമിക്കടിയില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പ്രവാഹങ്ങള്‍ ശക്തമായിരിക്കും. സൂര്യ വെളിച്ചം വരുമ്പോള്‍ ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്നിധ്യം കുറയുകയും ചെയ്യും. തറനിരപ്പിനോട് ഏറ്റവും ചേര്‍ന്ന ഭാഗത്ത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കേന്ദ്രീകരണം 50 ശതമാനത്തോളമായിരിക്കും. പത്ത് സെന്റിമീറ്ററിന് മുകളില്‍ ഇത് 35 ശതമാനമായി കുറയും. 40 സെന്റി മീറ്ററിന് മുകളില്‍ ഈ അപകട വാതകത്തിന്റെ സാന്നിധ്യം വളരെയധികം കുറയും. 

 

പകല്‍ സമയത്ത് പോലും ഈ നരകവാതിലിനോട് ചേര്‍ന്നുള്ള തറ നിരപ്പില്‍ നിന്നും 5 സെന്റിമീറ്റര്‍ വരെ ഉയരമുള്ള ഭാഗം അപകടം തന്നെയാകും. ഗുഹക്ക് ഉള്‍ഭാഗത്താകട്ടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കേന്ദ്രീകരണം 86 മുതല്‍ 91 ശതമാനം വരെയെന്ന അപകടകരമായ നിലയിലെത്തും. പോത്തുകളും കാളകളും പോലുള്ള വലിയ മൃഗങ്ങളെ ഇവിടെ പുരോഹിതരാണ് ബലി കൊടുത്തിരുന്നത്. ഈ നരക വാതിലിലൂടെ ഉള്ളലേക്ക് കടക്കുന്നതോടെ മൃഗങ്ങള്‍ പിടഞ്ഞു വീഴും. ഈ മൃഗങ്ങളുടെ മൂക്കിന്റെ ഭാഗം പരമാവധി 60 മുതല്‍ 90 സെന്റിമീറ്റര്‍ ഉയരത്തിലായിരിക്കും. നിവര്‍ന്നു നില്‍ക്കുന്ന പുരോഹിതരെ ഈ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബാധിക്കുകയുമില്ല. 

 

കൂറ്റന്‍ കാളകള്‍ നരകവാതില്‍ കടന്ന് ഗുഹയിലേക്കെത്തുമ്പോഴേക്കും പിടഞ്ഞു വീഴുന്നതും തൊട്ടടുത്ത് നില്‍ക്കുന്ന പുരോഹിതര്‍ക്ക് ഒന്നും സംഭവിക്കാത്തതും അന്ന് ഒരു മായക്കാഴ്ചയായിരുന്നു. ദൈവത്തോട് ഏറ്റവും അടുത്തവരാണ് തങ്ങളെന്ന പുരോഹിതരുടെ അവകാശവാദങ്ങള്‍ക്ക് അടിവരയിടുന്നതായിരുന്നു ഈ കാഴ്ചകള്‍. മൃഗ ബലിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന കാര്യത്തിലും അക്കാലത്തെ പുരോഹിതര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിന് വേണ്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള പ്രഭാതവും സായാഹ്നവുമായിരുന്നു ബലി നടത്താനായി തെരഞ്ഞെടുത്തിരുന്നത്. ആര്‍ക്കിയോളജിക്കല്‍ ആൻഡ് ആന്ത്രോപോളജിക്കല്‍ സയന്‍സസ് ജേണലിലാണ് ഗവേഷണഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചുവന്നിരിക്കുന്നത്.

 

English Summary: Ancient roman gate to hell killed victims with its deadly lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com