ADVERTISEMENT

ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമുള്ള കോവിഡ് പ്രതിരോധ വാക്‌സീന്‍ എത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതിനിടെയാണ് കിഴക്കനാഫ്രിക്കന്‍ ദ്വീപുരാഷ്ട്രമായ സീഷെല്‍സ് തങ്ങളുടെ 61.4 ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കി വേറിട്ടു നല്‍ക്കുന്നത്. വാക്‌സീന്‍ വലിയ തോതില്‍ നല്‍കിയിട്ടും സീഷെല്‍സിലെ കോവിഡ് വ്യാപനം അടുത്തിടെയായി കുതിച്ചുയരുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. എങ്കിലും കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയിലും വാക്‌സീന്‍ തീര്‍ത്ത പ്രതിരോധത്തിന്റെ അനുഭവമാണ് ഈ കൊച്ചു ദ്വീപുരാഷ്ട്രത്തിന് ലോകത്തോട് പങ്കുവെക്കാനുള്ളത്. 

 

ആകെ 98000ത്തിനോട് അടുത്ത് മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സീഷെല്‍സിലെ ജനസംഖ്യ. ഇവിടെ ഇപ്പോള്‍ 2700ഓളം കോവിഡ് രോഗികളുണ്ട്. ഒരു മാസത്തിന് മുൻപാണ് സീഷെല്‍സ് കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത്. വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിയുന്ന സീഷെല്‍സിന് മുന്നില്‍ ഇതല്ലാതെ കാര്യമായ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. 

 

സീഷെല്‍സില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 72 ശതമാനവും വരുന്നത് വിനോദസഞ്ചാരമേഖലയില്‍ നിന്നാണ്. ജനസംഖ്യയിലെ 30 ശതമാനം പേരുടേയും വരുമാനമാര്‍ഗവും ഇതു തന്നെ. കഴിഞ്ഞ മാസം വരെ ആകെ 3800 കോവിഡ് പോസിറ്റീവ് കേസുകളും 16 മരണങ്ങളുമായിരുന്നു സീഷെല്‍സില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവിടെ കോവിഡ് രോഗ നിരക്ക് കുത്തനെ ഉയര്‍ന്നത്. 

 

ചൈനീസ് നിര്‍മിത സിനോഫാമും ഇന്ത്യയില്‍ നിര്‍മിച്ച അസ്ട്രാസെനെക വാക്‌സീന്‍ കോവിഷീല്‍ഡുമാണ് സീഷെല്‍സ് തങ്ങളുടെ ജനങ്ങള്‍ക്ക് നല്‍കിയത്. വാക്‌സീന്‍ സ്വീകരിച്ചതില്‍ 18നും 60നും ഇടക്കുള്ള 57 ശതമാനത്തിന് സിനോഫാമും ബാക്കിയുള്ള 60 വയസിനു മുകളില്‍ പ്രായമുള്ള 43 ശതമാനം പേര്‍ക്ക് കോവിഷീല്‍ഡുമാണ് ലഭിച്ചത്. ആശുപത്രികളില്‍ കോവിഡിനെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 20 ശതമാനം പേര്‍ വാക്‌സീന്‍ എടുത്തതാണ്. ഇതില്‍ പ്രധാനപ്പെട്ട കാര്യം വാക്‌സീന്‍ എടുത്തവരില്‍ കോവിഡ് 19 മാരകമാകുന്നില്ല എന്നതാണ്. വാക്‌സീനെടുത്ത ഒരാള്‍ പോലും സീഷെല്‍സില്‍ കോവിഡ് മരണത്തിന് കീഴടങ്ങിയിട്ടുമില്ലെന്നത് അതിനേക്കാള്‍ പ്രധാനവുമാണ്. 

 

കോവിഡ് വാക്‌സീനുകള്‍ അവയുടെ ധര്‍മം നിറവേറ്റുന്നുവെന്ന് തന്നെയാണ് ഇതു തെളിയിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതിക്ക് ശേഷമാണ് എല്ലാ കോവിഡ് വാക്‌സീനുകളും വിതരണം ചെയ്യുന്നത്. രോഗം വരില്ലെന്ന് 100 ശതമാനം ഉറപ്പ് ഒരു വാക്‌സീനും നല്‍കുന്നില്ല. കോവിഷീല്‍ഡ് എടുക്കുന്ന 76 ശതമാനം പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ കാണിക്കുന്നില്ലെന്നാണ് അസ്ട്രാസെനെക അവകാശപ്പെടുന്നത്. തങ്ങളുട വാക്‌സീന്‍ എടുത്തവര്‍ക്ക് ആര്‍ക്കും കോവിഡ് ഗുരുതരമാവുകയോ മരണം സംഭവിക്കുകയോ ഇല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം സിനോഫാമിന്റെ കോവിഡ് വാക്‌സീന്‍ എടുക്കുന്ന 79 ശതമാനം പേര്‍ക്കും ആശുപത്രിവാസമോ മരണമോ സംഭവിക്കില്ലെന്നാണ് കരുതപ്പെടുന്നത്. 

 

സീഷെല്‍സില്‍ വിപുലമായ തോതില്‍ വാക്‌സീന്‍ നല്‍കിയ ശേഷവും കോവിഡ് പടര്‍ന്നു പിടിക്കുന്നത് കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള പ്രധാന പാഠങ്ങള്‍ പലതും പഠിപ്പിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ ജനസംഖ്യയില്‍ വലിയ ശതമാനത്തിനും എടുത്താല്‍ പോലും പൊതു സമൂഹം തുടരേണ്ട ജാഗ്രതയെ കൂടി സീഷെല്‍സ് ഓര്‍മിപ്പിക്കുന്നു. പരമാവധി പേരിലേക്ക് കോവിഡ് വാക്‌സീന്‍ എത്തുന്നതുവരെ സാമൂഹ്യ അകലം പാലിക്കലും മാസ്‌ക് ധരിക്കലും കൈകഴുകുന്നതുമെല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കണമെന്ന പാഠമാണ് ഈ കിഴക്കനാഫ്രിക്കന്‍ ദ്വീപുരാഷ്ട്രം ലോകത്തിനു നല്‍കുന്നത്.

 

English Summary: Seychelles is 60% vaccinated, but still infections are rising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com