ADVERTISEMENT

ചൈന സ്വന്തമായി നിര്‍മിക്കുന്ന ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെയും ചില സാറ്റലൈറ്റുകളുടേയും യന്ത്രക്കൈകളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് അമേരിക്ക. യുഎസ് സൈനിക വൃത്തങ്ങള്‍ തന്നെയാണ് ചൈന പണിതുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയത്തിലേയും ചില സാറ്റലൈറ്റുകളിലേയും യന്ത്രക്കെ അപകടമാണെന്ന മുന്നറിയിപ്പ് നല്‍കുന്നത്. മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ നശിപ്പിക്കാനായി ചൈന ഈ ബഹിരാകാശ നിലയത്തിലെ യന്ത്രക്കൈ ഉപയോഗിച്ചേക്കുമെന്നാണ് ആരോപണം.

 

കഴിഞ്ഞ മാസമാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് യുഎസ് സ്‌പേസ് കമാന്റിന്റെ കമാന്‍ഡറായ ജെയിംസ് ഡിക്കിന്‍സണ്‍ ഈ ചൈനീസ് യന്ത്രക്കൈ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഷിജിയാന്‍ 17 സാറ്റലൈറ്റിന്റെ ഭാഗമായുള്ള യന്ത്ര കയ്യിനെക്കുറിച്ചാണ് ജെയിംസ് ഡിക്കിന്‍സന്റെ മുന്നറിയിപ്പ്. 'ഷിജിയാന്‍ 17 ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ ചൈനീസ് സാറ്റലൈറ്റിന് ശക്തമായ ഒരു യന്ത്രക്കൈ ഉണ്ട്. മറ്റു രാജ്യങ്ങളുടെ സാറ്റലൈറ്റുകളെ ആക്രമിക്കുന്നതിന് അടക്കം ഇത് ഭാവിയില്‍ ഉപയോഗിച്ചേക്കാം' എന്നാണ് ജെയിംസ് ഡിക്കിന്‍സണ്‍ കോണ്‍ഗ്രസിനെ ധരിപ്പിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.

 

അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ വിമര്‍ശനം അസ്ഥാനത്താണെന്നാണ് ചൈനീസ് അധികൃതരുടെ പ്രതികരണം. ഇത്തരം യന്ത്രക്കൈകള്‍ ബഹിരാകാശത്ത് സാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിന് അടക്കം ഇത്തരം യന്ത്രക്കൈ ഉണ്ട്. അമേരിക്കയുടേത് അടക്കം അഞ്ച് ബഹിരാകാശ ഏജന്‍സികള്‍ ചേര്‍ന്ന് നിര്‍മിച്ച രാജ്യാന്തര ബഹിരാകാശ നിലയത്തിന് 17 മീറ്റര്‍ നീളമുള്ള യന്ത്രക്കൈ ഉണ്ട്. നിലയത്തിന്റെ അറ്റകുറ്റ പണികള്‍ക്കും നിര്‍മാണത്തിനും ഇത് സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നു. 1990കളില്‍ തന്നെ നാസ ആദ്യത്തെ യന്ത്രക്കൈ ഉള്ള സാറ്റലൈറ്റ് വിക്ഷേപിച്ചിരുന്നു. പല ചൈനീസ് സാറ്റലൈറ്റുകള്‍ക്കും ഈ യന്ത്രക്കൈ ഉണ്ട്. 

 

അമേരിക്ക, റഷ്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ചേര്‍ന്നാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചിരിക്കുന്നത്. ഐഎസ്എസില്‍ ചൈനയെ ഉള്‍പ്പെടുത്താന്‍ അമേരിക്ക അനുവദിച്ചിരുന്നില്ല. 2028ഓടെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ കാലാവധി അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിനകം 2022നകം ചൈന തങ്ങളുടെ സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നുണ്ട്. 

 

തങ്ങളുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കെത്തുന്ന ശൂന്യാകാശ വാഹനങ്ങളെ എളുപ്പത്തില്‍ ഘടിപ്പിക്കാനാണ് ഈ യന്ത്രക്കൈ നിര്‍മിച്ചതെന്നാണ് ചൈനയുടെ വിശദീകരണം. ഏതാണ്ട് പത്ത് മീറ്റര്‍ വരെ നീട്ടാന്‍ സാധിക്കുന്നതാണ് ഈ ചൈനീസ് സാറ്റലൈറ്റിന്റെ യന്ത്രക്കൈ. ഇതുപയോഗിച്ച് 20 ടണ്‍ (ഏതാണ്ട് 18100 കിലോഗ്രാം) വരെ ഭാരമുള്ള സാറ്റലൈറ്റുകളേയും ബഹിരാകാശ പേടകങ്ങളേയും വരെ വലിച്ചെടുക്കാനും സാധിക്കും.

 

English Summary: Space Command fears giant Robot Arms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com