sections
MORE

ബഹിരാകാശ നിലയത്തിൽ പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചു

spacewalk-spacestation
Photo: NASA TV
SHARE

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പുത്തന്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ചു. ബഹിരാകാശ സഞ്ചാരികളുടെ സ്യൂട്ടിനുണ്ടായ തകരാര്‍ അടക്കമുള്ള പ്രതിസന്ധികള്‍ വിജയകരമായി പരിഹരിച്ച ശേഷമാണ് ഈ നേട്ടം. ഫ്രഞ്ച് സഞ്ചാരി തോമസ് പെസ്‌ക്വറ്റും നാസയുടെ ഷേന്‍ കിംബ്രോയും ചേര്‍ന്നാണ് 63 അടി വലുപ്പമുള്ള ആദ്യഘട്ട സൗരോര്‍ജ പാനല്‍ നിലയത്തിനു പുറത്ത് സ്ഥാപിച്ചത്.

മടക്കിവച്ചിരുന്ന സൗരോര്‍ജ പാനല്‍ പത്തു മിനിറ്റോളമെടുത്താണ് പൂര്‍ണമായും നിവർത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ക്യാമറകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഏതാണ്ട് ആറര മണിക്കൂര്‍ ബഹിരാകാശ നിലയത്തിനു പുറത്തിറങ്ങി രണ്ടു സഞ്ചാരികളും നടത്തിയ ബഹിരാകാശ നടത്തത്തിനൊടുവിലാണ് പാനല്‍ സ്ഥാപിക്കാനായത്. മൂന്ന് മക്കളുടെ പിതാവായ കിംബ്രോ, മിഷന്‍ കണ്‍ട്രോളിലെ അംഗങ്ങള്‍ക്ക് ഫാദേഴ്‌സ് ഡേ ആശംസകള്‍ നേരാനും മറന്നില്ല.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നിലയത്തിലെ ആദ്യ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബഹിരാകാശ സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടിലും മറ്റും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. വൈദ്യുതാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനായി, സൂര്യവെളിച്ചം എത്താത്ത ഭാഗത്തേക്ക് നിലയം എത്തിയപ്പോഴാണ് പാനൽ സ്ഥാപിച്ചത്.

ഇനി അഞ്ച് പുതിയ സൗരോര്‍ജ പാനലുകള്‍ കൂടി ബഹിരാകാശ നിലയത്തിൽ സ്ഥാപിക്കാനുണ്ട്. സൗരോര്‍ജ പാനലുകള്‍ മാറ്റി സ്ഥാപിക്കുന്നതോടെ ബഹിരാകാശ നിലയത്തിന് ആവശ്യമായ ഊര്‍ജം മുടക്കമില്ലാതെ ലഭിക്കും. ഓരോ സൗരോര്‍ജ പാനലിനുമായി രണ്ട് വീതം ബഹിരാകാശ നടത്തങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് വെള്ളിയാഴ്ച പെസ്‌ക്വറ്റും കിംബ്രോയും ശ്രമിക്കും. ഈ മാസം ആദ്യം സ്‌പേസ് എക്‌സ് പേടകമാണ് ഈ സൗരോര്‍ജ പാനല്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കെത്തിച്ചത്.

ഇരുപത് വര്‍ഷത്തോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച ശേഷമാണ് നിലയത്തിലെ സൗരോര്‍ജ പാനലുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാച്ചത്. പുതിയ സൗരോര്‍ജ പാനലുകള്‍ പഴയതിനെ അപേക്ഷിച്ചു ചെറുതാണെങ്കിലും ഊര്‍ജ ഉത്പാദനത്തില്‍ മുന്നിലാണ്. 2024 ല്‍ കാലാവധി അവസാനിക്കുമെങ്കിലും പത്തു വര്‍ഷം കൂടിയെങ്കിലും രാജ്യാന്തര ബഹിരാകാശ നിലയത്തെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമാകുന്നതാണ് പുതിയ സൗരോര്‍ജ പാനലുകള്‍.

വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാര ഇനത്തിലും വിവിധ പരീക്ഷണങ്ങളുടെ പേരിലും ബഹിരാകാശ നിലയത്തില്‍നിന്നു വലിയ വരുമാനവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കകം ഒരു റഷ്യന്‍ സിനിമാ സംഘം ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നുണ്ട്. പണക്കാരായ വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിന്റെ ദൗത്യവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

English Summary: Space Station gets fresh lease of life: Spacewalking astronauts install new solar panels

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA