ADVERTISEMENT

ഏറെ പ്രതീക്ഷയോടെയാണ് ഗവേഷകരും നിക്ഷേപകരും ക്യൂർവാക്കിന്റെ (CureVac ) കോവിഡ്- 19 വാക്സീന്റെ ഫലപ്രാപ്തിയേക്കുറിച്ചുള്ള പഠനഫലങ്ങൾക്കായി കാത്തിരുന്നത്. ജർമൻ കമ്പനിയായ ക്യൂർവാക് വികസിപ്പിച്ചെടുത്ത mRNA വാക്സീന്റെ അത്ഭുതകരമാംവിധം ദയനീയമായ പ്രകടനത്തേക്കുറിച്ചുള്ള വിവരങ്ങൾ ഈയാഴ്ചയാണ് പുറത്തുവന്നത്. ഒരേസമയം നിരാശപ്പെടുത്തുകയും ശാസ്ത്രീയ വിശദീകരണം നൽകാൻ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതാണ് വാക്സീൻ ട്രയലിന്റെ ഫലങ്ങൾ. ഏറെ പ്രതീക്ഷ പുലർത്തപ്പെട്ട വാക്സീന് എന്താണ് സംഭവിച്ചതെന്നതു സംബന്ധിച്ച സൂചനകൾ ആശങ്കയുണ്ടാക്കുന്നതാണ്. വൈറസിന് അതിവേഗം ജനിതക പരിണാമം മൂലമാണ് വാക്സീന്റെ ഫലപ്രാപ്തി കുറഞ്ഞതെന്നാണ് നിർമാതാക്കൾ പറയുന്നത്. മറ്റു ചില ഗവേഷകർ സംശയിക്കുന്നത് വാക്സീന്റെ രൂപഘടനയിലെ പിഴവിനെയാണ്.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലെ ഏറ്റവും ശക്തമായ പുതിയ ആയുധങ്ങളിലൊന്നായിരിക്കുമെന്നു കരുതപ്പെട്ട വാക്സീനായിരുന്നു ക്യൂർവാക്കിന്റേത്. സാർസ് -കോവ്-2 വൈറസിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന സ്പൈക്ക് പ്രോട്ടീനുകൾ സങ്കലനം ചെയ്യാനുള്ള ജനിതക കോഡുകളായ മെസഞ്ചർ റൈബോ ന്യൂക്ലിക് അമ്ലങ്ങൾ  ( mRNA ) അടങ്ങിയ വാക്സീനുകളിലൊന്നാണിത്. ക്ലിനിക്കൽ ട്രയലുകളിൽ 90 ശതമാനത്തോളം ഫലപ്രാപ്തി കാണിച്ച ഫൈസർ, മൊഡേണ വാക്സീനുകളിൽ ഉപയോഗിച്ച പുത്തൻ mRNA വാക്സീൻ സാങ്കേതികവിദ്യയാണ് ക്യൂർവാകും ഉപയോഗിച്ചത്. വാക്സീൻ ഗതാഗത സൂക്ഷിപ്പുകാര്യങ്ങളിൽ മേൽ പറഞ്ഞ രണ്ടു വാക്സീനുകളേക്കാൾ പ്രായോഗികമായി കൂടുതൽ മെച്ചം പുതിയ വാക്സീനുണ്ടായിരുന്നു. എന്നാൽ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഫലത്തെ സംബന്ധിച്ചു ലഭിച്ച പ്രാഥമിക വിവരങ്ങളനുസരിച്ച് ക്യൂർവാക് വാക്സീന്റെ ഫലപ്രാപ്തി കേവലം 47 ശതമാനം മാത്രമാണ്. ഇനി വരാനുള്ള ഫലങ്ങളും ഇത്തരത്തിൽ വളരെ താഴെയാണെങ്കിൽ വാക്സീൻ ഉപയോഗത്തിനാവശ്യമായ അനുമതിയും ലഭിച്ചേക്കില്ല.

 

ഏകദേശം 40,000 ആളുകളാണ് വാക്സീൻ പരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 75 ശതമാനം ലാറ്റിൻ അമേരിക്കയിൽ നിന്നുള്ളവരും 25 ശതമാനം യൂറോപ്പുകാരുമായിരുന്നു. ഇവരിൽ കോവിഡ്- 19 രോഗത്തിന്റെ ഒരു ലക്ഷണമെങ്കിലും കാണിച്ച 134 രോഗികളെ വിലയിരുത്തിയതിൽ നിന്നു ലഭിച്ച ഇടക്കാല ഫലമാണിത്. കമ്പനി പുറത്തുവിട്ട വിവരങ്ങളനുസരിച്ച് വാക്സീൻ സ്വീകരിച്ചവരിൽ 46 പേർക്കും, താരതമ്യ ഗ്രൂപ്പിലെ 88 പേർക്കും രോഗമുണ്ടായതോടെയാണ് ഫലപ്രാപ്തി 47 ശതമാനമെന്ന കണക്കിലെത്തിയത്. വൈറസ് വകഭേദങ്ങളുടെ ബാഹുല്യമാണ് വാക്സീന്റെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. 

കോവിഡ്- 19 രോഗത്തിന്റെ തുടക്കത്തിൽ പ്രബലമായി കണ്ടിരുന്ന വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീൻ കോഡ് ചെയ്യുന്ന mRNA യാണ് വാക്സീനിൽ ഉപയോഗിക്കപ്പെട്ടത്. നിരവധി ജനിതക വ്യതിയാനങ്ങൾ അഥവാ മ്യൂട്ടേഷൻ വഴി പരിണാമം സംഭവിച്ച വൈറസ് വകഭേദങ്ങളാണ് ഇപ്പോഴുള്ളത്. തികച്ചും വ്യത്യസ്തമായ ഒരു വൈറസിനെതിരെയും രോഗത്തിനെതിരെയുമാണ് കഴിഞ്ഞ ആറുമാസമായി നാം ഫലത്തിൽ യുദ്ധം ചെയ്യുന്നതെന്ന മുന്നറിയിപ്പും കമ്പനി നൽകുന്നുണ്ട്. രോഗം ബാധിച്ച 124 പേരിൽ നിന്ന് വ്യത്യസ്തമായ 13 വൈറസ് വകഭേദങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. വാക്സീനിൽ ഉപയോഗിച്ച mRNA നിർമിക്കുന്ന സ്പൈക്ക് പ്രോട്ടീൻ പേറുന്ന വൈറസാകട്ടെ കേവലം ഒരു ശതമാനത്തിലാണ് കണ്ടെത്തിയത്. വൈവിധ്യമാർന്ന വൈറസ് വകഭേദങ്ങളുടെ കാലത്ത് ഉയർന്ന ഫലപ്രാപ്തി നേടുന്നത് വെല്ലുവിളി ഉയർത്തുന്ന കൃത്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. മറ്റുള്ള മിക്ക വാക്സീനുകളെയും നിഷ്പ്രഭമാക്കിയ ബീറ്റ വകഭേദത്തെ ഈ പഠനത്തിൽ കണ്ടെത്തിയില്ലെങ്കിലും യുകെയിൽ ആദ്യമായി കണ്ടെത്തിയ ആൽഫാ വകഭേദമാണ് 91 ശതമാനം യൂറോപ്പുകാരായ രോഗികളിലും, ആകെ മൊത്തം 41 ശതമാനം രോഗികളിലും രോഗബാധയുണ്ടാക്കിയത്.

kannur-covid-vaccine-unavailability

 

വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം വാക്സീൻ ഫലപ്രാപ്തിയെ വളരെയധികം കുറയ്ക്കുമെന്ന കമ്പനിയുടെ വിശദീകരണം പൂർണമായി അംഗീകരിക്കാത്ത ഗവേഷകരുമുണ്ട്. mRNA സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ ഫൈസർ, മൊഡേണ വാക്സീനുകൾ ആൽഫാ വകഭേദത്തിനെതിരെ തികച്ചും ഫലപ്രദമാണെന്ന കണ്ടെത്തലാണ് ഇവരുടെ വാദത്തിന്റെ അടിസ്ഥാനം. എങ്കിലും വ്യത്യസ്ത കാലങ്ങളിൽ നടന്ന പരീക്ഷണങ്ങളെ താരതമ്യപ്പെടുത്തുന്നതിൽ വലിയ അർഥമില്ലെന്നത് ഇവരും സമ്മതിക്കുന്നു. പക്ഷേ ഇത്രയും വലിയ നിരക്കിൽ വാക്സീൻ ഫലപ്രാപ്തി കുറയ്ക്കാൻ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യത്തിന് കഴിയുമെന്നതിലും ഇവർക്ക് വിശ്വാസമില്ല. ക്യൂർവാക് വാക്സീന്റെ ഒന്നാം ഘട്ട പഠനത്തിന്റെ ഫലങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വാക്സീൻ അത്രകണ്ട് ഫലപ്രദമായിരുന്നില്ല എന്ന വാദവും ഉയരുന്നുണ്ട്. ഒന്നാം ഘട്ട ട്രയലിൽ വാക്സീൻ സ്വീകരിച്ചവരിലെ ആന്റിബോഡികളുടെ അളവ് സ്വാഭാവിക രോഗബാധിതരിൽ ഉള്ളതിനേക്കാൾ കുറവായിരുന്നു. 

 

ക്യൂർവാക് ഉപയോഗിച്ച mRNA സാങ്കേതികവിദ്യയുടെ ന്യൂനതയാണ് പ്രശ്നമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഫൈസർ, മൊഡേണ കമ്പനികൾ ഉപയോഗിച്ച mRNA -യിൽ ഉണ്ടായിരുന്ന പരിഷ്കരണങ്ങൾ ക്യൂർവാക്കിലുണ്ടായിരുന്നില്ലത്രേ! സ്വാഭാവിക രൂപത്തിലുള്ള mRNA ശരീരത്തിൽ കുത്തിവയ്ക്കുമ്പോൾ ഇന്റർഫെറോണുകളുടെ അളവിലുണ്ടാകുന്ന വർധനവ് രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനാൽ തങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെട്ടതാണെന്ന് ക്യൂർവാക് അവകാശപ്പെട്ടിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്റർഫറോണിന്റെ ആധിക്യം ഹെൽപർ ടി കോശങ്ങളുടെയും തൽഫലമായി ആന്റിബോഡി ഉത്പാദക കോശങ്ങളായ ബി കോശങ്ങളുടെയും ഉത്പാദനത്തിൽ കുറവു വരുത്തുന്നുവത്രേ. ഫൈസറും മൊഡേണയും mRNA യിൽ വരുത്തിയ വ്യതിയാനം ആന്റിബോഡി ഉത്പാദനത്തിന് കൂടുതൽ കരുത്താവുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. വാക്സീന്റെ സുരക്ഷ ഉറപ്പാക്കാൻ mRNA അളവ് കുറച്ചതും ക്യൂർവാക്കിന് വിനയായി. ഇനിയും വരാനിരിക്കുന്ന ഫലങ്ങളായിരിക്കും ക്യൂർവാക് വാക്സീന്റെ ഭാവി നിർണയിക്കുക. ഇപ്പോഴുള്ള മോശം പ്രകടനം വൈറസ് വകഭേദങ്ങൾ മൂലമായാലും സാങ്കേതികവിദ്യയിലെ കുറവു കൊണ്ടായാലും കോവിഡ് യുദ്ധത്തിൽ നമുക്ക് ആത്മവിശ്വാസക്കുറവുണ്ടാക്കുന്നതാണ്.

 

English Summary: CureVac’s COVID-19 mRNA vaccine disappoints in preliminary results as it shows 47 percent efficacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com