ADVERTISEMENT

മനുഷ്യന്റെ ഏറ്റവും നിസഹായമായ അവസ്ഥകളിലൊന്നാണ് നടുക്കടലില്‍ ആയുധങ്ങളൊന്നുമില്ലാതെ സ്രാവിന് മുന്നില്‍ പെട്ടുപോകുന്നത്. ഏതാണ്ട് 3000 വര്‍ഷങ്ങള്‍ക്ക് മുൻപ് അത്തരമൊരു ഭയാനക മരണത്തെ സ്വീകരിക്കേണ്ടി വന്ന ഒരു മനുഷ്യനെക്കുറിച്ചാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇന്നുവരെ മനുഷ്യന്‍ അറിഞ്ഞിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴയ സ്രാവ് ആക്രമണമാണ് ഈ ശേഷിപ്പുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. 

 

ജപ്പാനിലെ ഒരു ദ്വീപിന്റെ തീരത്തു നിന്നാണ് അസാധാരണമാംവിധം പരുക്കേറ്റ അസ്ഥികൂടം കണ്ടുകിട്ടുന്നത്.  ഈ അസ്ഥികൂടത്തിന് ഏതാണ്ട് 800ലേറെ പരുക്കുകളേറ്റിരുന്നു. ഇതിലൊന്ന് പോലും ഉണങ്ങിയതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ഗുരുതര പരുക്കുകള്‍ സംഭവിച്ചയാള്‍ക്ക് ഉടന്‍ മരണം സംഭവിച്ചിരുന്നെന്ന് ആദ്യഘട്ടത്തില്‍ തന്നെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

 

സെറ്റോ ദ്വീപില്‍ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈ അസ്ഥികൂടം പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ മനുഷ്യനേറ്റ പരുക്കിന്റെ കാരണം വിശദീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ജെ അലിസ വൈറ്റും റിക്ക് ഷുള്‍ട്ടിങും ചേര്‍ന്നാണ് ഇപ്പോള്‍ ഈ സ്രാവ് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

 

സുക്കുമോ 24 എന്ന് പേരിട്ടിരുന്ന ഈ അസ്ഥികൂടം പുരുഷന്റേതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കൈകാലുകള്‍, നെഞ്ചിന്‍ കൂട്, വയറ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരുക്കേറ്റിരുന്നത്. സാധാരണ മനുഷ്യര്‍ തമ്മിലുള്ള പോരാട്ടങ്ങളില്‍ അന്നത്തെ ആയുധങ്ങള്‍ ഉപയോഗിച്ച് ഇത്തരം പരുക്കുകള്‍ സാധ്യമല്ലായിരുന്നു. അസ്ഥികൂടത്തിന്റെ ഇടതുകയ്യും വലതു കാലും നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ഇടതുകാല്‍ തലതിരിച്ച് ശരീരത്തോട് ചേര്‍ത്ത നിലയിലാണ് സംസ്‌ക്കരിച്ചിരുന്നത്. 

 

വളരെ അപൂര്‍വമായി മാത്രമേ സ്രാവുകളുടെ ആക്രമണത്തെക്കുറിച്ചുള്ള തെളിവുകള്‍ പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. സുക്കുമോ 24ന്റെ കാര്യത്തില്‍ പരുക്കുകളുടെ പ്രത്യേകത കൂടി കണക്കിലെടുക്കുമ്പോള്‍ കടുവയോ സ്രാവോ ആയിരിക്കണം ആക്രമണം നടത്തിയതെന്ന നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തി. പല്ലിന്റെ ഘടനയും വലിപ്പവും കണക്കാക്കിയായിരുന്നു ഇത്. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ സ്രാവ് തന്നെയാണ് ആക്രമണകാരിയെന്ന് വൈറ്റും ഷുല്‍ട്ടിങും കണ്ടെത്തുകയായിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാവണം സ്രാവിന്റെ ആക്രമണമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. അധികം വൈകാതെ തന്നെ ഇയാളുടെ ശരീരം വീണ്ടെടുക്കാന്‍ ഒപ്പമുള്ളവര്‍ക്ക് സാധിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും ശരീരഭാഗങ്ങള്‍ ലഭിച്ചത്. 

 

ബിസി 1370നും 1010നും ഇടയിലാണ് മരിക്കുമ്പോള്‍ മധ്യവയസ്‌ക്കനായിരുന്ന ഇയാള്‍ ജീവിച്ചിരുന്നതെന്നാണ് കണക്കുകൂട്ടുന്നത്. സ്രാവിന്റെ ആദ്യ ആക്രമണത്തില്‍ തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ശരീരഭാഗങ്ങള്‍ വീണ്ടെടുത്ത് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുൻപ് തീരദേശത്തെ മനുഷ്യര്‍ നേരിട്ടിരുന്ന വെല്ലുവിളികളെക്കുറിച്ചു കൂടിയാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

 

വിവരങ്ങൾക്ക് കടപ്പാട്: ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണൽ

 

English Summary: 3,000-Year-Old Bones Reveal The Oldest Shark Encounter Victim Ever Discovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com