sections
MORE

മുലയൂട്ടുന്ന സ്ത്രീകൾക്കൊരു സന്തോഷവാർത്ത: കോവിഡ്- 19 വാക്സീൻ നിങ്ങളുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ചേക്കാം

breast-feeding
Photo: Shutterstock
SHARE

എണ്ണത്തിൽ പത്തു കോടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്ന ലോകത്തിലെ മുലയൂട്ടുന്ന സ്ത്രീകൾക്കൊരു സന്തോഷ വാർത്തയുമായി ഒരു സംഘം ഗവേഷകർ രംഗത്തു വന്നിരിക്കുന്നു. കോവിഡ്- 19 വാക്സീൻ സ്വീകരിച്ച അമ്മമാരുടെ മുലപ്പാലിൽ രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക ഗവേഷണഫലങ്ങൾ പറയുന്നു. മാത്രമല്ല അമ്മമാർ സ്വീകരിച്ച വാക്സീന്റെ പൊടിപോലും മുലപ്പാലിലുണ്ടായിരുന്നില്ല. സാൻഫ്രാൻസിസ്കോയിലെ കലിഫോർണിയ സർവകലാശാലയിലെ നവജാത ശിശുവിദഗ്ധൻ ഡോ.സ്റ്റെഫാനി ഗോയുടെ അഭിപ്രായത്തിൽ വളരെ ചെറിയ, ശൈശവാസ്ഥയിലുള്ള ഗവേഷണമായിരുന്നു ഇതെങ്കിലും ഫലങ്ങൾ ശുഭോദർക്കമാണെനാണെന്ന് നേച്ചർ ജേണൽ റിപ്പോർട്ടു ചെയ്യുന്നത്. ശിശുക്കൾക്ക് ലഭിച്ച ഈ ആന്റിബോഡികൾ അവർക്ക് ചുരുങ്ങിയത് ഭാഗികസംരക്ഷണമെങ്കിലും നൽകുമോ എന്നതാവും അടുത്ത ഘട്ടത്തിലെ പഠനവിഷയം.

∙ കൊറോണക്കാലത്തെ ഗർഭിണികളും മുലയൂട്ടിയവരും

ലോകം മുഴുവനുള്ള ഗർഭിണികളെയും മുലയൂട്ടുന്നവരെയും സംബന്ധിച്ച് ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ് കൊറോണയുടെ സമയം. ഒരേ പ്രായത്തിലുള്ള ഗർഭിണിയായതും അല്ലാത്തതുമായ രണ്ടു സ്ത്രീകൾക്ക് കോവിഡ് ബാധിച്ചാൽ രോഗം തീവ്രമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത ഗർഭിണിക്കായിരിക്കുമെന്ന് നമുക്കറിയാം. ശരീരം കഠിനാനാധ്വാനം ചെയ്യുന്ന സമയമാണല്ലോ ഗർഭകാലം. വളർന്നുകൊണ്ടിരിക്കുന്ന ഗർഭപാത്രത്തിന്റെ മേലോട്ടുള്ള തള്ളൽ മൂലം ശ്വാസകോശങ്ങളുടെ ശേഷിയിൽ കുറവുണ്ടാകുന്നു. കുഞ്ഞിന് കുഴപ്പമൊന്നും വരാതിരിക്കാൻ അമ്മയുടെ പ്രതിരോധ സംവിധാനത്തെയും അടക്കി നിർത്തേണ്ടി വരുന്നു. പ്രസവശേഷം മുലയൂട്ടുന്ന സമയത്തും ഇത്തരം ഘടകങ്ങൾ അവശേഷിക്കുന്നു. ചുരുക്കത്തിൽ ഇന്നുവരെയുള്ള നമ്മുടെ നിഗമനങ്ങള്‍ക്കനുസരിച്ച് ഗർഭിണികളിലും മുലയൂട്ടുന്നവരിലും കോവിഡ് തീവ്രരോഗ ബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. അങ്ങനെ ചിന്തിക്കുമ്പോൾ മുലയൂട്ടുന്നവർക്ക് വാക്സീൻ മുൻഗണനാക്രമത്തിൽ നൽകേണ്ടതാണ്. എന്നാൽ മുലയൂട്ടുന്നവർ കോവിഡ് വാക്സീനോട് പ്രതികരിക്കുന്നതെങ്ങനെയെന്നതു സംബന്ധിച്ചു പഠനങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ ഗവേഷകരും ഇക്കാര്യത്തിൽ തീർച്ചയില്ലാത്ത നിലയിലായിരുന്നു. ഈ  കുറവ് പരിഹരിക്കാനാണ് കാതറിൻ ഗ്രേയും സംഘവും ( ബോസ്റ്റൺ വിമൻ ഹോസ്പിറ്റൽ, മസാച്യൂസെറ്റ്സ്) 131 വനിതകളിൽ പഠനം നടത്തിയത്. ഫൈസർ അല്ലെങ്കിൽ മൊഡേണ വാക്സീനാണ് ഇവർക്ക് നൽകിയത്. മുലയൂട്ടാത്തവരിലും, മുലയൂട്ടുന്നവരിലും വാക്സീൻ ശക്തമായ ആന്റിബോഡി ഉത്പാദനമുണ്ടായതായി അവർ കണ്ടെത്തുകയും ചെയ്തു. സ്റ്റെഫാനി ഗോയും സംഘവും മുലയൂട്ടുന്ന 23 സ്ത്രീകളിൽ നടത്തിയ പഠനവും മേൽ പറഞ്ഞ പഠനത്തിന് സമാനമായ ഫലമാണ് നൽകിയത്. മുലയൂട്ടുന്ന സമയത്ത് പല മരുന്നുകളും കഴിക്കരുതെന്ന നിർദേശം ഡോക്ടർമാർ അമ്മമാർക്ക് നൽകാറുണ്ട്. ഉദാഹരണത്തിന് ഉയർന്ന അളവിലുള്ള ആസ്പിരിൻ ഉപയോഗം. മുലപ്പാലിലൂടെ കടന്ന് കുഞ്ഞിന്റെ ശരീരത്തിലെത്താൻ സാധ്യതയുള്ള മരുന്നുകളാണ് ഇക്കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തതെന്ന് നിർദേശിക്കാറുള്ളത്. ചില വാക്സീനുകളും മുലയൂട്ടുന്നവർക്ക് നൽകാറില്ല. യുഎസ് സെൻറ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ യെല്ലോ ഫീവർ രോഗത്തിനെതിരായ വാക്സീൻ മുലയൂട്ടുന്ന അമ്മമാർക്ക് നൽകരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. വാക്സീനടുക്കുന്ന സ്ത്രീകളിൽ പലരും കുഞ്ഞിന് പാൽ നൽകാതെ പാൽ എടുത്തുകളയുന്ന പതിവുണ്ട്. മാത്രമല്ല, കോവിഡ്- 19 വാക്സീനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഗർഭിണികളെയും സ്ത്രീകളെയും ഉൾപ്പെടുത്താത്തതിനാൽ ശാസ്ത്രീയ ഗവേഷണ ഫലങ്ങളും നമ്മുടെ മുൻപായില്ലായിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന നിശ്ചയമില്ലാത്തതിനാൽ അമ്മമാർ വാക്സിനേഷന്റെ കാര്യത്തിൽ സംശയാലുക്കളായിരുന്നു.

palakkad-covshield-vaccine-arrived

∙ വാക്സീൻ മുലയൂട്ടുന്നവർക്ക് സുരക്ഷിതമോ?

അന്ധവിശ്വാസങ്ങൾക്കും തെറ്റായ വിവരങ്ങൾക്കും തഴച്ചുവളരാൻ പറ്റിയതാണല്ലോ വൈദ്യശാസ്ത്രവും വാക്സീൻ മേഖലയുമൊക്കെ. മുകളിൽ പറഞ്ഞ യെല്ലോ ഫീവർ വാക്സീൻ പോലെ കുത്തിവയ്പെടുക്കുന്നവരിൽ രോഗബാധയുടെ നേരിയ സാധ്യത പോലും ഇല്ലാത്തതാണ് കോവിഡ്- 19 വാക്സീനുകൾ എന്ന് വിദഗ്ധർ ഉറപ്പു പറയുന്നു. മാത്രമല്ല അവയ്ക്ക് ഒരു കാരണവശാലും മുലപ്പാലിൽ എത്താനും കഴിയില്ല. ഫൈസർ, മൊഡേണ വാക്സീനുകളിൽ അടങ്ങിയിരിക്കുന്ന ലോലമായ mRNA തന്മാത്രകൾ കുത്തിവയ്ക്കപ്പെടുന്ന സ്ഥലത്തെ കോശങ്ങളിൽ വച്ചു തന്നെ ശിഥിലമാക്കപ്പെടുന്ന വിധമാണ് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. പിന്നീടതിന് സ്തനങ്ങളിൽ പോയിട്ട് രക്തത്തിൽ പോലുമെത്താനാവില്ല. നിലവിലുള്ള ഒരു കോവിഡ് വാക്സീനും മുലപ്പാലിലെത്തുന്നവയല്ലെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. അതിനാൽ മുലയൂട്ടുന്നവർക്ക് വാക്സീനെടുക്കാനും  തുടർന്നും പാൽകൊടുക്കുന്നതിനും കുഴപ്പമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഗോയും സംഘവും വാക്സീൻ സ്വീകരിച്ച ആറ് സ്ത്രീകളുടെ മുലപ്പാൽ പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ പരിശോധിക്കുകയും mRNA യുടെ പൊടിപോലുമില്ലെന്ന് കണ്ടെത്തി സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. കൂടുതൽ പാൽ സാംപിളുകൾ പരിശോധിച്ച് വാക്സീന്റെ ഒരു അംശവും ഇല്ലായെന്ന് ഉറപ്പാക്കാനും അമേരിക്കയിലെ മറ്റുള്ള കോവിഡ്- 19 വാക്സീനുകളും സമാനസ്ഥിതിയിലാണെന്ന് തീർപ്പുകൽപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഇപ്പോഴവർ.

∙ ആന്റിബോഡിയെന്ന അമൂല്യവസ്തു

കോവിഡ്- 19 വാക്സീൻ സ്വീകരിച്ച മുലയൂട്ടുന്ന അമ്മമാരിൽ ഗവേഷകർ കണ്ടെത്താനാഗ്രഹിച്ചത് അമൂല്യമായ ആന്റി ബോഡികളെയാണ്. കുഞ്ഞുങ്ങൾക്ക് വൈറസിനും ബാക്ടീരിയക്കുമൊക്കെ എതിരെയുള്ള ആന്റിബോഡി ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ടാകാൻ 3 - 6 മാസമെങ്കിലും പ്രായമാകണം. ഈ സമയത്ത് മുലപ്പാലിലൂടെ അമ്മ പകർന്നു നൽകുന്ന ആന്റിബോഡികളാണ് കുഞ്ഞുങ്ങൾക്ക് കവചമൊരുക്കുന്നത്.

കോവിഡ് രോഗബാധയിൽ നിന്ന് മുക്തരായ അമ്മമാരുടെ മുലപ്പാലിൽ വൈറസിനെതിരായ ആന്റിബോഡികൾ മുൻപുതന്നെ കണ്ടെത്തിയിട്ടുണ്ട്. ഇതുപോലെ മുലയൂട്ടുന്ന വാക്സീൻ സ്വീകരിച്ച അമ്മമാരിൽ ആഴ്ചകളോളം സാർസ് -കോവ് - 2 വൈറസിനെതിരായ ആന്റിബോഡികൾ കണ്ടെത്തിയതാണ് പുതിയ പഠനം. രക്തത്തിൽ കാണപ്പെടുന്ന IgG, ദഹന, ശ്വസനവ്യൂഹങ്ങളുടെ ലൈനിങ്ങിലുള്ള IgA ആന്റിബോഡികളാണ് ഇവർ കണ്ടെത്തിയത്. നിലവിലുള്ള ഒരു കോവിഡ് വാക്സീനും കൊച്ചു കുട്ടികൾക്ക് നൽകാൻ യോഗ്യത ഇതു വരെ നേടിയിട്ടില്ലാത്തതിനാൽ മുലപ്പാൽ നൽകിയേക്കാവുന്ന സംരക്ഷണ സാധ്യത പ്രധാനമാണ്. ഫൈസറും മൊഡേണയും ആറു മാസത്തിൽ താഴെയുള്ള കുട്ടികളിൽ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചിട്ടുണ്ട്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മറ്റു പ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച് അതിതീവ്ര രോഗബാധയുണ്ടാകുന്നതായി കാണപ്പെടുന്നുണ്ടെന്നതും ഓർക്കുക.

kozhikode-mega-vaccine-camp

∙ സംരക്ഷണം തരുമോ?

മുലപ്പാലിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ എത്രമാത്രം സംരക്ഷണം നൽകുമെന്നത് ഇപ്പോഴും സമസ്യയായി തുടരുന്ന കാര്യമാണ്. കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ദൗത്യം നിർവഹിക്കാൻ ഇവയ്ക്ക് കഴിവുണ്ടോ എന്നതാണ് അടുത്ത ചോദ്യം. കോവിഡ് വന്നുപോയവരുടെ മുലപ്പാലിലെ ആന്റിബോഡികൾക്ക് ലാബറട്ടറി പരിതസ്ഥിതികളിൽ ഇതു സാധ്യമാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വാക്സീൻ സ്വീകരിച്ചതുകൊണ്ടുണ്ടായ ആന്റിബോഡികളും പരീക്ഷണശാലയിൽ ഇതിനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. പക്ഷേ ഈ കഴിവ് ജൈവശരീരത്തിൽ തെളിയിക്കണമെങ്കിൽ ആന്റിബോഡികൾ ദീർഘകാലത്തേക്ക് ഉത്പാദിപ്പിക്കപ്പെടുകയും നിലനിൽക്കുകയും വേണം. മൊഡേണ വാക്സീൻ സ്വീകരിച്ച 33 പേരിൽ നടത്തിയ ട്രയലിൽ ആന്റിബോഡികൾ ആറുമാസത്തോളം ഉത്പാദിപ്പിക്കപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്. പതുക്കെ പതുക്കെ അളവിൽ കുറയുമെങ്കിലും പാലു കുടിക്കുന്ന കാലത്തോളം കുട്ടികൾക്ക് ചെറിയ തോതിലെങ്കിലും അമ്മമാർ വഴി സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനാൽ മുലയൂട്ടുന്നവർ വാക്സീനെടുക്കുന്നത് ഉത്തമമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വിവരങ്ങൾക്ക് കടപ്പാട്: നേച്ചർ

English Summary: COVID vaccines and breastfeeding: what the data say

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA