sections
MORE

കണ്ടതെല്ലാം പറക്കും തളികകളോ? 144 സംഭവങ്ങളില്‍ അമേരിക്ക വിശദീകരണം നൽകിയത് ഒന്നിന് മാത്രം

ufo-nasa-1248
പ്രതീകാത്മക ചിത്രം
SHARE

അജ്ഞാത പറക്കും വസ്തുക്കൾ (പറക്കുംതളികകൾ) സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. ആകാശത്ത് അജ്ഞാത വസ്തുക്കളെ കണ്ട 144 സംഭവങ്ങളില്‍ ഒരെണ്ണത്തിന് മാത്രമാണ് അമേരിക്കക്ക് വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. തിരിച്ചറിയാനാവാത്ത പറക്കും വസ്തുക്കളെക്കുറിച്ചുള്ള പ്രാഥമിക നിഗമനം എന്ന തലക്കെട്ടിലാണ് ഈ റിപ്പോര്‍ട്ട് അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പുറത്തുവിട്ടിരിക്കുന്നത്. 

യുഎപി (Unidentified Aerial Phenomena) തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങളെന്നാണ് പറക്കുംതളികകളെ അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നത്. അന്യ ഗ്രഹ ജീവികളുടെ സാന്നിധ്യത്തിനൊപ്പം ശത്രുരാജ്യങ്ങളുടെ നിരീക്ഷണ വാഹനങ്ങളുടെ സാധ്യതയും പരിശോധിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം യുഎപികളെക്കുറിച്ചുള്ള അന്വേഷണത്തെ അതീവ ഗൗരവത്തോടെയാണ് അമേരിക്കന്‍ സൈന്യം കാണുന്നത്.

ആകാശത്ത് അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം കാണപ്പെടുന്ന സംഭവങ്ങള്‍ അടുത്ത വര്‍ഷങ്ങളിലായി കൂടുതലായി അമേരിക്കന്‍ സൈനികര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യോമസേനയുടേയും നാവികസേനയുടേയും പോര്‍വിമാനങ്ങളിലെ പൈലറ്റുമാരാണ് പലപ്പോഴും യുഎപി സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. ഇത്തരം സാഹചര്യത്തില്‍ സൈനികര്‍ എങ്ങനെ പെരുമാറണമെന്നും എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കണമെന്നും അടക്കമുള്ള നയപരമായ കാര്യങ്ങളും ഈ അന്വേഷണത്തെ തുടര്‍ന്ന് പരിശോധിക്കപ്പെടുന്നുണ്ട്.

പരിശോധിച്ച 144 യുഎപി സംഭവങ്ങളില്‍ ഒന്നിനെക്കുറിച്ച് മാത്രമാണ് അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ കൃത്യമായ വിശദീകരണം നല്‍കുന്നത്. കാറ്റു പോയ ബലൂണാണ് ഇത്തരത്തില്‍ പറക്കുംതളികയായി ഒരിക്കല്‍ തെറ്റിദ്ധരിച്ചു പോയതെന്നതാണിത്. അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പലതുണ്ടെങ്കിലും കൃത്യമായ നിഗമനങ്ങളിലേക്ക് നയിക്കാന്‍ പര്യാപ്തമായ വിവരങ്ങളില്ലെന്നതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി.

ആകാശത്ത് അസാധാരണ ചലനങ്ങള്‍ പലപ്പോഴും പോര്‍വിമാനങ്ങളും റഡാറുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. റഡാറുകളില്‍ സെന്‍സര്‍ പിഴവുകള്‍ മൂലം രേഖപ്പെടുത്തപ്പെട്ടവയായിരുന്നു ഇതില്‍ പലതും. പ്രകൃതി പ്രതിഭാസങ്ങളും നിരീക്ഷണ ഡ്രോണുകളുമൊക്കെ യുഎപികളായി രേഖപ്പെടുത്താനും സാധ്യത ഏറെയാണ്. ഇതില്‍ ചൈനയോ റഷ്യയോ മറ്റേതെങ്കിലും രാജ്യമോ അതോ സര്‍ക്കാരിതര കമ്പനികളോ മറ്റോ തങ്ങളെ നിരീക്ഷിക്കാനായി നിര്‍മിച്ച ചാര ഉപകരണങ്ങളാണോ ഈ യുഎപികള്‍ എന്നതാണ് അമേരിക്ക അന്വേഷിക്കുന്ന പ്രധാന വിഷയങ്ങളിലൊന്ന്. സൈനിക ശക്തിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതിന് ഇതിന്റെ ഉത്തരം കണ്ടെത്തുകയെന്നത് തന്ത്രപരമായ ആവശ്യം കൂടിയാണ് അമേരിക്കക്ക്.

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

English Summary: UFO report: US says can identify 1 of 144 flying objects with 'high confidence'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA