sections
MORE

ചൈനയിൽ 4 വർഷം കൊണ്ടൊരു ഡാം! തുടങ്ങിയത് ലോകത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയും

china-dam
Photo: Shutterstock
SHARE

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിക്ക് കഴിഞ്ഞ ദിവസം ചൈനയിൽ തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്‌സീയുടെ പോഷക നദിയായ ജിങ്ഷാജിയാങിൽ നിർമിച്ച ഡാം വഴിയാണ് വൈദ്യുതി ഉൽപാദനം തുടങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൈവ ഇന്ധനങ്ങൾ ഗണ്യമായി കുറിയ്ക്കാനാണ് ചൈനീസ് സർക്കാർ നീക്കം നടത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ചൈനയിൽ തന്നെയാണ്.

∙ ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം

അതിവേഗത്തില്‍ കൂറ്റന്‍ നിര്‍മിതികള്‍ പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിക്കുന്ന പതിവ് ചൈന തുടരുകയാണ്. വൈദ്യുതി ഉൽപാദിപിക്കാനായി ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം വെറും നാല് വര്‍ഷങ്ങള്‍കൊണ്ട് നിര്‍മിച്ച് ചൈന റെക്കോഡിട്ടു. മനുഷ്യസാധ്യമോ? എന്ന ചോദ്യം ഉയരും വിധം വേഗത്തില്‍ ഈ ഡാം നിര്‍മിക്കാന്‍ സാറ്റലൈറ്റുകളും നിര്‍മിത ബുദ്ധിയും 4ജി സാങ്കേതികവിദ്യയുമൊക്കെയാണ് ചൈന ഉപയോഗിച്ചത്. 

∙ പ്രതീക്ഷിക്കുന്നത് 2000 കിലോമീറ്റര്‍ ചുറ്റളവില്‍ വൈദ്യുതി

യാങ്‌സീ നദിയുടെ പോഷക നദിയായ ജിങ്ഷാജിയാങ് നദിക്ക് കുറുകേയാണ് 300 മീറ്റര്‍ (985 അടി) ഉയരത്തില്‍ ചൈന ബൈഹേട്ടന്‍ ഡാം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി ഏകദേശം 80 ലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഏതാണ്ട് 2000 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ ജലവൈദ്യുത പദ്ധതികൊണ്ടുള്ള ഊര്‍ജം ലഭിക്കുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

∙ 4 വർഷം കൊണ്ട് അതിവേഗത്തിലൊരു ഡാം

വലുപ്പത്തിനൊപ്പം ഡാമിന്റെ പണി പൂര്‍ത്തിയായ വേഗവുമാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും ഒറ്റപ്പെട്ട ചെങ്കുത്തായ മേഖലയില്‍ നടന്ന നിര്‍മാണം എങ്ങനെ ഇത്രയും വേഗത്തില്‍ സാധ്യമായെന്നതാണ് ചോദ്യം. ലോകത്ത് ഇന്നേവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണമാണിതെന്നാണ് സിചുവന്‍ സര്‍വകലാശാലയിലെ പ്രൊഫ. ഡെങ് ജിയാന്‍ഹുയി പറയുന്നത്.

ലോകത്തെ ഏറ്റവും വലിയ ത്രീ ഗോര്‍ജെസ് ഡാമിന്റെ നിര്‍മാണം എട്ട് വര്‍ഷം കൊണ്ടാണ് ചൈന പൂര്‍ത്തിയാക്കിയത്. അതിനു പക്ഷേ ഭൂമിശാസ്ത്രപരമായ ആനുകൂല്യവും ഉയരത്തിന്റെ കുറവുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ വലുപ്പത്തില്‍ ലോകത്തെ രണ്ടാമത്തെയും ആര്‍ച്ച് ഡാമുകളില്‍ ഒന്നാമത്തേതുമായ ബൈഹേട്ടന്‍ ഡാം കെട്ടിപ്പൊക്കിയിരിക്കുന്നത് ചെങ്കുത്തായ മലനിരകളിലാണ്. കേവലം നാലു വർഷം കൊണ്ടാണ് ഈ ഡാം നിർമിച്ചത്. ഡാം നിര്‍മാണ സാങ്കേതികവിദ്യയില്‍ ചൈന നേടിയ പുരോഗതിയുടെ ഉദാഹരണമായി മാറിയിരിക്കുകയാണ് ബൈഹേട്ടന്‍.

∙ ചെലവ് 1.90 ലക്ഷം കോടി രൂപ

ഏതാണ്ട് 170 ബില്യണ്‍ യുവാനാണ് (ഏകദേശം 1.90 ലക്ഷം കോടി രൂപ) ഈ പടുകൂറ്റന്‍ ഡാമിനായി ചൈന ചെലവിട്ടത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഇവിടെ നിന്നും ജലവൈദ്യുതി ഉത്പാദനം തുടങ്ങുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. പ്രതിവര്‍ഷം 62 ടെറാവാട്ട് മണിക്കൂര്‍ വൈദ്യുതിയാണ് ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുക. ഇത് ചൈനയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ 52 ദശലക്ഷം ടണ്‍ കണ്ട് കുറക്കാനും സഹായിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനുള്ള ചൈനീസ് ലക്ഷ്യത്തെ ഈ നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും സാധ്യമാക്കാനും ബൈഹേട്ടന്‍ ഡാം വഴി സഹായിക്കും.

∙ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ നിർമിത ബുദ്ധിയും

അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ഡാമിന്റെ സുരക്ഷയെ മറികടക്കുമോയെന്ന ആശങ്ക 2017ല്‍ ബൈഹേട്ടന്‍ ഡാം നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതലുണ്ട്. ഇതിനിടെ കോവിഡിന്റെ പ്രതിസന്ധി ഉടലെടുത്തതും ഡാം നിര്‍മാണത്തെ ബാധിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍, ഈ ആശങ്കകളെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. നിര്‍മിത ബുദ്ധി വലിയ തോതില്‍ ഉപയോഗിച്ച ഡാം നിര്‍മാണമായിരുന്നു കഴിഞ്ഞുപോയത്. സൈറ്റ് വര്‍ക്കര്‍മാര്‍ മുതല്‍ എൻജിനീയര്‍മാരും സീനിയര്‍ മാനേജര്‍മാരും വരെ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഉപകരണങ്ങളുടെ നിര്‍ദേശങ്ങളാണ് അക്ഷരം പ്രതി പാലിച്ചത്. 

∙ സാങ്കേതിക വിദ്യകളുടെ വിജയം

ബൈഹേട്ടന്‍ ഡാമിന്റെ നിര്‍മാണം പ്രതീക്ഷിച്ച വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചത് നിര്‍മിത ബുദ്ധിയും സാങ്കേതികവിദ്യയുമാണെന്നാണ് ഡാം നിര്‍മാണത്തില്‍ പങ്കാളിയായിരുന്ന ടാന്‍ യോഷെങ് പറയുന്നത്. ആയിരക്കണക്കിന് ട്രക്കുകളെ 24 മണിക്കൂറും നിയന്ത്രിക്കുകയെന്നത് പലപ്പോഴും മനുഷ്യരെ സംബന്ധിച്ച് ഏറെ തലവേദന പിടിച്ച പണിയാണ്. ഇതാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ ചൈന സ്മാര്‍ട്ടായി നടത്തിയത്. സിങ്ഹുവ സര്‍വകലാശാലയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ടാന്‍ യോഷെങ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 

പലപ്പോഴും ആവശ്യത്തിലേറെ ട്രക്കുകള്‍ ഒരു കേന്ദ്രത്തിലേക്ക് കോണ്‍ക്രീറ്റുമായി പോകുന്നത് ഇത്തരം കൂറ്റന്‍ഡാമുകളുടെ നിര്‍മാണത്തിനിടെ സാധാരണയായിരുന്നു. പലപ്പോഴും ട്രക്കുകളുടെ നീണ്ടനിരയും സമയം വൈകലുമാണ് ഇതിന്റെ ഫലമായുണ്ടാവുക. എന്നാല്‍, നിര്‍മിത ബുദ്ധി വഴി കാര്യങ്ങള്‍ അതീവ കാര്യക്ഷമമായതോടെ 4ജിയുടെ സഹായത്തില്‍ ഓരോ ട്രക്ക് ഡ്രൈവര്‍മാരും എപ്പോള്‍ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായി. ഓരോ നിര്‍മാണ കേന്ദ്രങ്ങളുടേയും ആവശ്യത്തിനനുസരിച്ച് ട്രക്കുകളുടേയും കേബിള്‍ മെഷീനുകളുടേയും മിക്‌സിങ് പ്ലാന്റുകളുടേയും പ്രവര്‍ത്തനം ക്രമീകരിച്ചതും നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിച്ച സ്മാര്‍ട് ഉപകരണങ്ങള്‍ തന്നെ. പല മുന്നറിയിപ്പുകളും പ്രശ്‌നങ്ങളുണ്ടാകും മുൻപെ പരിഹരിക്കാനും സഹായിച്ചു. 

∙ സിമന്റ് മിക്‌സിങും സിമന്റ് ഇടലും നിയന്ത്രിച്ചത് നിർമിത ബുദ്ധി

ഡാമുകളുടെ എക്കാലത്തേയും വലിയ ഭീഷണി വിള്ളലുകളാണ്. നിര്‍മാണ വേളയില്‍ പോലും ഡാമുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. സിമന്റും വെള്ളവുമായി ചേരുമ്പോള്‍ വലിയ ചൂട് പുറത്തുവരാറുണ്ട്. ഡാമിന്റെ വിവിധ ഭാഗങ്ങളിൽ പല ഊഷ്മാവാണെങ്കില്‍ അത് വിള്ളലിലാണ് കലാശിക്കുക. സിമന്റ് മിക്‌സിങും സിമന്റ് ഇടലും തണുക്കാന്‍ അനുവദിക്കലുമെല്ലാം നിര്‍മിത ബുദ്ധിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. ഇതും ഡാം നിര്‍മാണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചുവെന്നും ടാന്‍ യോഷെങ് പറയുന്നു. എങ്കിലും മനുഷ്യന്റെ കഠിനാധ്വാനത്തിനേയും അര്‍പ്പണ മനോഭാവത്തേയും മറികടക്കാന്‍ ഒരു നിര്‍മിത ബുദ്ധിക്കും കഴിയില്ലെന്നും ആവശ്യത്തില്‍ കൂടുതല്‍ നിര്‍മിത ബുദ്ധിയെ ആശ്രയിക്കുന്നത് ഇല്ലാത്ത സുരക്ഷാ ബോധം ഉണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. 

baihetan-dam

∙ ഡാമിനായി കുടിയൊഴിപ്പിച്ചത് 1 ലക്ഷം പേരെ

ഇതുകൊണ്ടൊന്നും ബൈഹേട്ടന്‍ ഡാം വിവാദങ്ങള്‍ക്ക് അതീതമാണെന്ന് പറയാനാവില്ല. ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് ഈ ഡാമിന്റെ നിര്‍മാണത്തിനായി കുടിയൊഴിപ്പിച്ചത്. പ്രദേശത്തെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകിടം മറിയുമെന്നും പരിസ്ഥിതിവാദികള്‍ ആശങ്കപ്പെടുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ നദിയായ യാങ്‌സീയുടെ പോഷക നദിയിലാണ് ഡാം കെട്ടിയിരിക്കുന്നത്. ഇത് യാങ്‌സീയുടെ മത്സ്യസമ്പത്തിന് പോലും തടയിടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതിനേക്കാളെല്ലാം മുകളില്‍ നില്‍ക്കുന്ന ആശങ്ക അതിവേഗത്തില്‍ ഡാം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമം ഡാമിന്റെ സുരക്ഷയെ ബാധിക്കുമോ എന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: സൗത്ത് ചൈന മോണിങ് പോസ്റ്റ്

English Summary: China takes world's second-largest hydropower dam online; dismisses warnings of environment damage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA