ADVERTISEMENT

കോവിഡ്- 19 വാക്സീനുകളുടെ വർഷമായിട്ടാവാം 2021 ചരിത്രത്തിൽ രേഖപ്പെടുത്തുപ്പെടുക. 2020 ഡിസംബർ 8-നാണ്  തൊണ്ണൂറുകാരിയായ മാർഗരറ്റ് കീനാൻ എന്ന ബ്രിട്ടിഷ് വനിത പൊതുവാക്സീനേഷൻ യജ്ഞത്തിന്റെ ഭാഗമായി കോവിഡ്- 19 വാക്സീൻ സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തിയാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷിതവും ഫലപ്രദവുമായ കോവിഡ്- 19 വാക്സീൻ വികസിപ്പിക്കാൻ ശാസ്ത്രസമൂഹം നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഫലമായിരുന്നു അത്. പിന്നെയുള്ള ആറു മാസം കൊണ്ട് 170 കോടിയിലധികം ആളുകൾ വാക്സീൻ സ്വീകരിക്കുകയുണ്ടായി. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് വാക്സീൻ വികസിപ്പിക്കാൻ സാധിച്ചതിനെ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതു പോലെയുള്ള ഒരു വിസ്മയമായി കരുതുന്ന ഗവേഷകരുണ്ട്. വാക്സീൻ ശാസ്ത്രത്തെ ഭാവിയിൽ അടിമുടി മാറ്റിമറിച്ചേക്കാവുന്ന കോവിഡ്- 19 വാക്സീൻ ആറുമാസം പിന്നിട്ടു കഴിഞ്ഞു. കോവിഡ് വാക്സീനുകളെ സംബന്ധിച്ച് ഉയരുന്ന പ്രധാന ചോദ്യങ്ങളും അവയ്ക്ക് ശാസ്ത്രലോകത്തിന് അറിയാവുന്നതും ഇനിയും അറിയാനുള്ളതുമായ വസ്തുതകൾ ചർച്ചയാവുന്നു.

∙ ചോദ്യം ഒന്ന്: വാക്സീനുകളുടെ യഥാർഥ ഫലപ്രാപ്തി എത്രമാത്രമുണ്ട് ?

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് യഥാർഥ ഉപയോഗത്തിലെത്തുമ്പോൾ വാക്സീനുകൾ എത്ര നന്നായി പ്രവർത്തിക്കുമെന്നതാണ് ചോദ്യം. കാരണം ക്ലിനിക്കൽ ട്രയലുകളിൽ ഉൾപ്പെടുത്തപ്പെടുന്നവരിൽ അനാരോഗ്യമുള്ളവരും ശരീരത്തിന്റെ രോഗപ്രതിരോധത്തെ അടക്കി നിർത്താൻ മരുന്നു കഴിക്കുന്നവരുമെന്നും ഉണ്ടാകില്ല. ഇതിനാൽ ക്ലിനിക്കൽ ട്രയലുകളിൽ വാക്സീനുകൾ ഉയർന്ന ഫലപ്രാപ്തി കാണിക്കുന്നു. എന്നാൽ യഥാർഥ ലോകത്തിൽ ഉപയോഗത്തിനെത്തുമ്പോൾ അത്രയും ഫലപ്രാപ്തി കിട്ടിയെന്നു വരികയില്ല. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് കോവിഡ് വാക്സീനുകൾ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇന്നുവരെ വാക്സീൻലോകം കാണാത്തവിധം ചുരുങ്ങിയ സമയം കൊണ്ടാണ് കോവിഡ്- 19 വാക്സീനുകൾ വികസിപ്പിച്ചതെന്നോർക്കുക. മാത്രമല്ല പല വാക്സീനുകളും പുത്തൻ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചത്. വർഷങ്ങൾ ചെലവഴിച്ച് വികസിപ്പിച്ച പല വാക്സീനുകളും ഉദ്ദേശിച്ച ഫലപ്രാപ്തി ഉപയോഗസമയത്ത് കാണിക്കാത്ത അനുഭവം ഉള്ളപ്പോഴാണ് കോവിഡ് വാക്സീനുകൾ പൊതുജനകുത്തിവയ്പ് യജ്ഞങ്ങളിലും ക്ലിനിക്കൽ ട്രയലുമായി വലിയ വ്യത്യാസമില്ലാത്ത ഫലങ്ങൾ കാണിച്ചതെന്നതിൽ ശാസ്ത്രലോകത്തിന് അഭിമാനിക്കാം.

covid-pic

 

∙ ചോദ്യം രണ്ട്: വൈറസ് വകഭേദങ്ങൾക്കെതിരെ എത്രമാത്രം വിജയിക്കും?

INDIA-HEALTH-VIRUS-VACCINE

 

ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർ തങ്ങളുടെ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ട് ഒരു വർഷം തികയുന്നു. പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ ഭാഗമായി ആളുകൾ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടാവട്ടെ ആറു മാസവും. വാക്സീൻ ഫലപ്രാപ്തിയുടെ ദൈർഘ്യമളക്കാൻ ഈ സമയം പോരായെങ്കിലും സ്വാഭാവിക രോഗപ്രതിരോധശേഷിയെ അവലംബമായി സ്വീകരിച്ച് ചില ഗവേഷകർ കണക്കു കൂട്ടലുകൾ നടത്തുന്നുണ്ട്. ഒരു പ്രാവശ്യം കോവിഡ്- 19 രോഗം വന്നവരിൽ വീണ്ടും രോഗം വരാനുള്ള സാധ്യത 84 ശതമാനം കുറയുന്നതായും, ഈ പ്രതിരോധം ചുരുങ്ങിയത് 7 മാസമെങ്കിലും നിലനിൽക്കുന്നതായും യുഎസിൽ നടന്ന പഠനം പറയുന്നു. മറ്റു ചില പഠനങ്ങളനുസരിച്ച് ഇത് 90 ശതമാനവും ഒരു വർഷവുമാണ്. ആയതിനാൽ വാക്സീൻ നൽകുന്ന പ്രതിരോധം ഒരു വർഷത്തിലധികം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ സ്വാഭാവിക രോഗബാധ നൽകുന്ന പ്രതിരോധശേഷിയുടെ അത്രയും കാലം സംരക്ഷണം നൽകാൻ വാക്സീന് കഴിയില്ലായെന്ന് കരുതുന്നവരുമുണ്ട്. വകഭേദങ്ങളുടെ സാന്നിധ്യം ബൂസ്റ്റർ ഡോസുകൾ അത്യന്താപേക്ഷിതമാക്കുന്നുവെന്നും ഇവർ പറയുന്നു. ഫൈസർ കമ്പനിയുടെ അഭിപ്രായത്തിൽ രണ്ടാമത്തെ ഡോസെടുത്ത് 8-12 മാസത്തിനു ശേഷമാകും ബൂസ്റ്റർ വേണ്ടി വരിക. ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകിയും, വകഭേദങ്ങളെ ലക്ഷ്യം വച്ചുള്ള ബൂസ്റ്റർ വാക്സീൻ വികസിപ്പിക്കാൻ ശ്രമിച്ചും കമ്പനികൾ ഗവേഷണം തുടരുന്നു. രോഗപ്രതിരോധശേഷിയിൽ കുറവുണ്ടായാലും അതിതീവ്ര രോഗാവസ്ഥയിൽ നിന്ന് സംരക്ഷണം നൽകാൻ മാത്രമുള്ള ശേഷി ശരീരം കുറച്ചു കാലം കൂടി നിലനിർത്തുമെന്നും കരുതപ്പെടുന്നു.

covid-cases-infographics

 

∙ ചോദ്യം 4: വാക്സീനുകൾ രോഗവ്യാപനത്തിൽ എത്രമാത്രം കുറവുണ്ടാക്കും?

(Photo: PRAKASH SINGH / AFP)
(Photo: PRAKASH SINGH / AFP)

 

രോഗവ്യാപനത്തിൽ ലക്ഷണമില്ലാത്ത കോവിഡ് രോഗികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിക്ക ക്ലിനിക്കൽ  ട്രയലുകളും ലക്ഷണമുള്ള രോഗികളെയാണ് പഠിക്കാറുള്ളത്. ഈ മേഖലയിലും പ്രതീക്ഷാജനകമായ പഠനഫലങ്ങൾ നമ്മുടെ മുൻപിലുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ അവകാശവാദമനുസരിച്ച് അവരുടെ വാക്സീൻ ലക്ഷണരഹിത കോവിഡിനെതിരെ 74 ശതമാനം ഫലപ്രദമാണ്. മറ്റൊരു പഠനമനുസരിച്ച് വാക്സീനെടുത്തവരിൽ വൈറസിന്റെ അളവിൽ നാലര മടങ്ങ് കുറവുണ്ടാകുന്നുണ്ട്. ഇത് അവരിൽ നിന്നും വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുന്നു. ഒറ്റ ഡോസ് വാക്സീൻ എടുത്താൽ പോലും വൈറസ് പകരാനുള്ള സാധ്യത പകുതിയാകുമത്രേ!. പൂർണമായി വാക്സീൻ സ്വീകരിച്ചവരെ മാസ്ക്ക് ധരിക്കുന്നതിൽ നിന്നും ഒഴിവാക്കാനുള്ള യുഎസ് തീരുമാനമൊക്കെ വാക്സീനേഷൻ വ്യക്തികളിൽ നിന്നുള്ള രോഗപ്പകർച്ച കുറയ്ക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ അപ്പോഴും വകഭേദങ്ങളുടെ സാന്നിധ്യം മേൽപറഞ്ഞ കാര്യങ്ങളെ വീണ്ടും ശങ്കയിലാഴ്ത്തുന്നുമുണ്ട്.

 

∙ ചോദ്യം അഞ്ച്: വാക്സീനുകൾ സുരക്ഷിതമോ?

 

വളരെ വേഗത്തിലാണ് വാക്സീനുകളുടെ വികസനമുണ്ടായതെങ്കിലും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചകളൊന്നും ഉണ്ടായിട്ടില്ല എന്നതും നേട്ടമായിരുന്നു. പല വാക്സീനുകളുടെയും ക്ലിനിക്കൽ ട്രയലിൽ നാൽപതിനായിരത്തിലധികം പേർ പങ്കെടുത്തിരുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ട് സാധാരണ കാണപ്പെടുന്ന പാർശ്വഫലങ്ങൾ മാത്രമാണ് അവിടെയും കണ്ടത്. ഒരു വാക്സീനും നൂറു ശതമാനം സുരക്ഷിതമാണെന്ന് പൊതുവെ പറയാറില്ലെങ്കിലും, കോവിഡ് വാക്സീനുകൾ സുരക്ഷയുടെ കാര്യത്തിൽ ഏറെ മുൻപിലാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഫൈസർ വാക്സീനെടുത്തവരിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട അതിതീവ്ര അലർജി പ്രതിപ്രവർത്തനം പത്തു ലക്ഷത്തിൽ 4.7 കേസുകൾ എന്ന നിരക്കിലാണെന്നു മാത്രമല്ല, വാക്സീനേഷൻ കേന്ദ്രത്തിൽ തന്നെ ഫലപ്രദമായി ചികിൽസിക്കാൻ കഴിയുന്നതുമാണ്. വാക്സീനേഷൻ മൂലം അനാഫിലാക്സിസ് പ്രതിപ്രവർത്തനം ഉണ്ടാകാൻ പൊതുവെയുള്ള സാധ്യത പത്തുലക്ഷത്തിൽ 1.3 ആണെന്നതും ഓർക്കുക. ആസ്ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ വാക്സീൻ സ്വീകരിച്ചവരിൽ തലച്ചോറിലും, ഉദരത്തിലുമൊക്കെ രക്തം കട്ട പിടിക്കുന്നതായും പ്ലേറ്റ്ലെറ്റ് കുറയുന്നതായും അത്യുപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ കോവിസ് - 19 രോഗംമൂലം ഇതുണ്ടാകാനുള്ള സാധ്യത വാക്സീനേഷൻ പ്രശ്നത്തേക്കാൾ അധികമെന്ന് റെഗുലേറ്ററി ഏജൻസികൾ സമർഥിക്കുന്നു. രക്തം കട്ട പിടിക്കാനുള്ള സാധ്യത ലക്ഷത്തിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നു.

 

∙ ചോദ്യം ആറ്: വാക്സീനുകൾ കോവിഡ് രോഗത്തിന്റെ മുന്നേറ്റത്തെ തടയുമോ?

 

ഉയർന്ന വാക്സീനേഷൻ നിരക്കുള്ള യുകെ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ മരണനിരക്കിലും ആശുപത്രി കേസുകളുടെ എണ്ണത്തിലും കുറവു കാണിച്ചിരുന്നു. പക്ഷേ വാക്സീനേഷൻ നടക്കുന്ന സമയത്തും കർശന നിയന്ത്രണങ്ങളുമുണ്ടായിരുന്നു. സാമൂഹിക നിയന്ത്രണങ്ങൾ ലഘൂകരിച്ച് അതിതീവ്ര വാക്സിനേഷൻ യജ്ഞം നടപ്പിലാക്കിയ ചിലെയിലും പക്ഷേ രോഗബാധകൂടി വന്നു. ഈ സ്ഥലങ്ങളിലെല്ലാം വൈറസ് വകഭേദങ്ങൾ പ്രതീക്ഷകൾ തെറ്റിച്ചിരിക്കാം. കുറഞ്ഞ വാക്സീനേഷനും, വകഭേദങ്ങളുടെ സാന്നിധ്യവും, നിയന്ത്രണങ്ങളുടെ അഭാവവും ഒക്കെ ചേർന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കോവിഡ് രോഗത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കുന്നു. എന്തായാലും ഉയർന്ന വാക്സീനേഷൻ നിരക്കുള്ള രാജ്യങ്ങളിൽ പോലും സാമൂഹിക പ്രതിരോധം കൈവരിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു. സമ്പന്ന രാജ്യങ്ങളിൽ മാത്രമല്ല ഇടത്തരവും ദരിദ്രവുമായ രാജ്യങ്ങളിലും ഉയർന്ന വാക്സീനേഷൻ നിരക്ക് കൈവരിക്കുന്ന കാലത്തുമാത്രമായിരിക്കും മഹാമാരിയുടെ പ്രഭാവത്തിനു മങ്ങലേറ്റു തുടങ്ങുകയുള്ളൂവെന്നാണ് ശാസ്ത്രലോകത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടൽ.

 

വിവരങ്ങൾക്ക് കടപ്പാട്: നേച്ചർ, സയൻസ്, ലാൻസറ്റ്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ.

 

English Summary: Six months of Covid-19 vaccines: 6 questions and answers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com