ADVERTISEMENT

അജ്ഞാത പറക്കും വസ്തുക്കളെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ വീണ്ടും അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ന്യൂ മെക്‌സിക്കോയിലെ ഭൂമിക്കടിയിലുള്ള ഡ്യുല്‍സ് ബെയ്‌സാണ് ഇതിലൊന്ന്. അന്യഗ്രഹ ജീവികള്‍ മനുഷ്യരില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപിച്ചതാണ് ഡ്യുല്‍സ് ബെയ്‌സ് എന്നാണ് ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദം. 

ന്യൂമെക്‌സിക്കോയിലെ ബിസിനസുകാരനായിരുന്ന പോള്‍ ബെന്നെവിറ്റ്‌സാണ് ഈ ഗൂഢാലോചനാ സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത്. ഗ്രേ അലീനുകള്‍ അഥവാ ഗ്രേസ് എന്നുവിളിക്കുന്ന അന്യഗ്രഹ ജീവികള്‍ ഈ ഭൂഗര്‍ഭ പരീക്ഷണ കേന്ദ്രത്തില്‍ മനുഷ്യരെ ഉപയോഗിച്ച് പല വിധ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന പോളിന്റെ വാദത്തിന് യുഎഫ്ഒ പ്രചാരകര്‍ക്കിടയില്‍ പെട്ടെന്നു തന്നെ സ്വീകാര്യത ലഭിച്ചു. 

1990ല്‍ പുറത്തിറങ്ങിയ ദ അള്‍ട്ടിമേറ്റ് ഡിസെപ്ഷന്‍ എന്ന പുസ്തകത്തിലും ഈ അന്യഗ്രഹ ജീവികളുടെ പരീക്ഷണ കേന്ദ്രത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. രണ്ടിലേറെ കാലുകളുള്ള മനുഷ്യര്‍ അടക്കം ഈ അന്യഗ്രഹ ജീവി പരീക്ഷണ കേന്ദ്രത്തിലുണ്ടെന്നാണ് പുസ്തകം അവകാശപ്പെട്ടിരുന്നത്. കമാന്‍ഡര്‍ എക്‌സ് എന്ന് സ്വയം വിശേഷിപ്പിച്ച പുസ്തകത്തിന്റെ യഥാര്‍ഥ രചയിതാവ് മില്‍ട്ടണ്‍ വില്യം കൂപ്പര്‍ ആയിരുന്നുവെന്ന് ഡെയ്‌ലി സ്റ്റാര്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

'ഡ്യുള്‍സ് ബേയ്‌സ് എന്ന് വിളിക്കുന്ന ഈ കേന്ദ്രത്തില്‍ കുറഞ്ഞത് ഏഴ് വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നു. ഇതില്‍ ആറാം വിഭാഗം ദുഃസ്വപ്‌നത്തിന്റെ മുറി എന്നാണ് അറിയപ്പെട്ടിരുന്നത്. പല കടുത്ത പരീക്ഷണങ്ങളും മനുഷ്യരില്‍ അന്യഗ്രഹജീവികള്‍ നടത്തുന്നത് ഇവിടെയാണ്' എന്നിങ്ങനെ പോകുന്നു കമാന്റര്‍ എക്‌സിന്റെ പുസ്തകത്തിലെ അവകാശവാദങ്ങള്‍. 

അന്യഗ്രഹജീവികളുടെ അടിമയായി കഴിയേണ്ടിവന്ന ആളെന്ന് അവകാശപ്പെടുന്ന ഒരാളെയും പുസ്തകം ഉദ്ധരിക്കുന്നുണ്ട്. പാതി മനുഷ്യനും പാതി നീരാളിയുമായ ജീവികളേയും ഏഴ് അടിയിലേറെ ഉയരമുള്ള മനുഷ്യരേയും താന്‍ കണ്ടിട്ടുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുന്നുണ്ട്. മനുഷ്യന്റെ കൈകളുള്ള ഇഴജീവികളെ കണ്ടിട്ടുണ്ടെന്നും ഇവ മനുഷ്യക്കുഞ്ഞുങ്ങളെ പോലെ കരയാറുണ്ടെന്നും ചില വാക്കുകള്‍ സംസാരിക്കാറുണ്ടെന്നുമെല്ലാം ഈ അജ്ഞാതനെ ഉദ്ധരിച്ച് പുസ്തകം പറയുന്നു.

ഇത്തരം അവകാശവാദങ്ങള്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. അന്യഗ്രഹജീവികള്‍ ഏതോ രഹസ്യ ദ്രാവകം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും പുസ്തകം പറഞ്ഞിരുന്നു. 2009ല്‍ AlienHub.comല്‍ വീണ്ടും പ്രസിദ്ധീകരിച്ചതോടെ ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് വീണ്ടും പ്രചാരം ലഭിച്ചു. ഡ്യുല്‍സ് ബേസില്‍ കാവല്‍ക്കാരനായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന പുസ്തകത്തിന്റെ രചയിതാവ് തോമസ് എഡ്വിന്‍ കാസ്റ്റെല്ലോയുടെ വാദങ്ങള്‍ ശരിയെന്ന് കാണിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് മാത്രം. 

ഒരിക്കല്‍ പോലും ഡ്യുല്‍സ് ബേസ് യാഥാര്‍ഥ്യമാണെന്ന് യാതൊരു ഉറപ്പുമില്ലെങ്കിലും ന്യൂ മെക്‌സിക്കോയിലെ പ്രാദേശിക ഭരണകൂടം ഈ സിദ്ധാന്തങ്ങളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇതിന്റെ പേരില്‍ മേഖലയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. 2016ല്‍ ഡ്യൂല്‍സ് നഗരത്തില്‍ ഒരു യുഎഫ്ഒ കോണ്‍ഫറന്‍സ് വരെ സംഘടിപ്പിച്ചിരുന്നു. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഡ്യുല്‍സ് ബേസിനെക്കുറിച്ച് പരാമര്‍ശമില്ല. പലപ്പോഴായി അമേരിക്കന്‍ പൈലറ്റുമാര്‍ ചിത്രീകരിച്ച 144 അജ്ഞാത പറക്കുംവസ്തുക്കളെക്കുറിച്ചുള്ള പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഒരേയൊരു പറക്കും വസ്തുവിനെ മാത്രമാണ് എന്താണെന്ന് തിരിച്ചറിയാന്‍ അമേരിക്കന്‍ അന്വേഷകര്‍ക്ക് സാധിച്ചത്.

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

English Summary: Aliens Run Secret Base in New Mexico to Breed Many-Legged Human Hybrids, Conspiracy Theory Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com