ADVERTISEMENT

പൊണ്ണത്തടി കുറയ്ക്കാൻ പല മാ‍ർഗങ്ങളുണ്ട്. ഓടാൻ പോകാം, വ്യായാമം ചെയ്യാം, നീന്താം, സൂംബ ഡാൻസിനു ചേരാം.ഇതു കൊണ്ടൊന്നും കഴിയുന്നില്ലെങ്കി‍ൽ ശസ്ത്രക്രിയ ഉൾപ്പെടെ മാർഗങ്ങൾ വൈദ്യശാസ്ത്രം നൽകുന്നുണ്ട്. എന്നാൽ പൊണ്ണത്തടിക്കെതിരെ വളരെ വ്യത്യസ്തവും വിവാദപരവുമായ ഒരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണു ന്യൂസീലൻഡിലെ ഒട്ടാഗോ സർവകലാശാലയിലെയും ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെയും ഗവേഷകർ. മറ്റൊന്നുമല്ല, പല്ലിൽ ഘടിപ്പിച്ച ഒരു സ്ക്രൂ സംവിധാനത്തിലൂടെ വായ തുറക്കുന്നത് കഴിയുന്നത്ര കുറയ്ക്കുക എന്നതാണു സംഭവം. സമൂഹമാധ്യമങ്ങളിൽ ഈ ഗവേഷണത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

 

ഭക്ഷണം നിയന്ത്രിച്ച് പൊണ്ണത്തടി മാറ്റുക എന്ന രീതിയാണു ഗവേഷണത്തിൽ ശാസ്ത്രജ്ഞർ അവലംബിച്ചത്. ഡെന്റലിസം ഡയറ്റ് കൺട്രോൾ എന്നാണ് ഇവർ അതിനു നൽകിയ പേര്. അണപ്പല്ലുകളിൽ സ്റ്റീലിൽ നിർമിച്ച ബോൾട്ടുകളും സ്ക്രൂവും ഇട്ടുമുറുക്കും. ഒരു പ്രത്യേക തരം കാന്തവും ഘടിപ്പിക്കും. ഇതെല്ലാം സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ വായ തുറക്കാൻ വലിയ ബുദ്ധിമുട്ടാണ്. വെറും 2 മില്ലിമീറ്റർ മാത്രമാകും തുറക്കാൻ കഴിയുക. കട്ടിയായ ഭക്ഷണമൊന്നും കഴിക്കാനാകില്ലെന്നു സാരം. ജ്യൂസുകളും കഞ്ഞിപോലുള്ള ദ്രവീകൃത ഭക്ഷണവും മാത്രമാകും കഴിക്കാൻ പറ്റുക.

 

അമിത തടിയുള്ള ഏഴ് വനിതകളിൽ സംവിധാനത്തിന്റെ പരീക്ഷണം ശാസ്ത്രജ്ഞർ നടത്തി. ഇവർക്ക് ഓരോരുത്തർക്കും ശരാശരി 5 കിലോ വീതം ശരീരഭാരം ഒരാഴ്ച കൊണ്ടു കുറഞ്ഞെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. ഇത് ഇവരുടെ ഓരോരുത്തരുടെയും ശരീര ഭാരത്തിന്റെ 5 ശതമാനം വരും. എന്നാൽ ഗവേഷണത്തിനായി പല്ലിൽ സ്ക്രൂ ഇട്ടു ജീവിക്കുന്നതിന്റെ നിരവധി അസൗകര്യങ്ങളും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി ചില സ്ത്രീകൾ വെളിപ്പെടുത്തി. ചിലർ ഗവേഷകരറിയാതെ ദ്രവീകൃത ചോക്കലേറ്റും ഉയർന്ന കാലറിയുള്ള സൂപ്പുകളും ഭക്ഷിച്ചതായും സമ്മതിച്ചു.

 

ഗവേഷണത്തിന്റെ ഫലങ്ങൾ ബ്രിട്ടിഷ് ഡെന്റൽ ജേണൽ എന്ന ശാസ്ത്രജേണലിൽ പ്രസിദ്ധീകരിച്ചു.എന്നാൽ ഇതൊരു സ്ഥിരം പരിഹാരമല്ലെന്നും മറിച്ച് അമിത തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവരെ ആദ്യഘട്ടത്തിൽ ഭക്ഷണനിയന്ത്രണത്തിനു പരിശീലിപ്പിക്കുകയാണ് ഉദ്ദേശമെന്നും ഗവേഷകർ പറയുന്നു.

 

എന്നാൽ പുതിയ സംവിധാനത്തിന് ഓൺലൈൻ സമൂഹമാധ്യമങ്ങളി‍ൽ നിന്നു കടുത്ത വിമർശനമാണ് ഉയർന്നത്. ഇതൊന്നും ശരിയായ രീതിയല്ലെന്നും ഏതോ മധ്യകാലത്തിലെ ടോ‍ർച്ചർ സംവിധാനത്തിനു തത്തുല്യമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നതെന്നും വിമർശനം ഉയർന്നു. പല്ലിൽ സ്ക്രൂ ഇട്ടുമുറുക്കുന്നതിനാൽ നേരാംവണ്ണം പല്ലുതേയ്ക്കാൻ സാധിക്കില്ലെന്നും ഇതു മൂലം ദന്ത, മോണ രോഗങ്ങൾ ഉടലെടുക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി.

 

English Summary: Researchers at NZ,UK bring world-first weight loss device

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com