ADVERTISEMENT

വരും വര്‍ഷങ്ങളില്‍ ചൈനയുടെ ബഹിരാകാശ ശാസ്ത്ര, സാങ്കേതിക രംഗത്തെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കി ചൈനീസ് ബഹിരാകാശ ഏജന്‍സി സിഎന്‍എസ്എ (China National Space Administration). 2021-2025 കാലയളവില്‍ ചൊവ്വാ- അന്യഗ്രഹ ദൗത്യങ്ങളും ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹങ്ങളിലേക്കുള്ള യാത്രകളും ചൈന ലക്ഷ്യമിടുന്നുണ്ട്. ദേശീയ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതി, ശേഷി കൂടിയ റോക്കറ്റ്, പുനരുപയോഗിക്കാവുന്ന ബഹിരാകാശത്തേക്ക് ചരക്കെത്തിക്കുന്ന സംവിധാനം, അന്യഗ്രഹ ദൗത്യങ്ങള്‍ എന്നിവയെല്ലാം സമീപവര്‍ഷങ്ങളിലെ ചൈനീസ് ബഹിരാകാശ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

ചൊവ്വാ ദൗത്യത്തില്‍ സാംപിളുകള്‍ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്ന ചാങ് ഇ 6യും ചൊവ്വയുടെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാങ് ഇ 7ഉം ഉള്‍പ്പെടുന്നു. ചൈനയുടെ പതിനാലാം പഞ്ചവത്സരപദ്ധതിയുടെ (2021-2025) കാലത്തായിരിക്കും ഇത് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2027ല്‍ പ്രതീക്ഷിക്കുന്ന ചാങ് ഇ 8 ദൗത്യത്തില്‍ ത്രിഡി പ്രിന്റിങ് ടെക്‌നോളജിയുടെ പരീക്ഷണങ്ങള്‍ അടക്കം നടക്കുമെന്ന് കരുതപ്പെടുന്നു. ഇവയെല്ലാം തന്നെ റഷ്യയുമായി ചേര്‍ന്നുള്ള ഇന്റര്‍നാഷണല്‍ ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടമായിട്ടാണ് നടപ്പിലാക്കുക. 

ചൊവ്വയെ വലംവച്ച ടിയാന്‍വെന്‍ 1 ഓര്‍ബിറ്ററും കഴിഞ്ഞ മെയ് മാസത്തില്‍ ചൊവ്വയില്‍ ഇറങ്ങിയ ചൈനയുടെ ആദ്യത്തെ പേടകമായ സുറോങും ചൈനയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുടര്‍ന്നാണ് ചൊവ്വയില്‍ നിന്നും സാംപിളുകള്‍ ഭൂമിയിലേക്കെത്തിക്കുന്ന ദൗത്യവും വ്യാഴത്തിലേക്കുള്ള നിരീക്ഷണ പേടകം അയക്കുന്നതുമെല്ലാം ചൈനയുടെ ബഹിരാകാശ ലക്ഷ്യങ്ങളായി വരുന്നത്. 2028ല്‍ ചൊവ്വയിലേക്കുള്ള സാംപിള്‍ ശേഖരിക്കാനുള്ള ദൗത്യവും 2030ല്‍ വ്യാഴത്തിലേക്കുള്ള ദൗത്യവും സംഭവ്യമാക്കാനാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയുടെ ശ്രമം.

ഇന്നുവരെ ചൊവ്വയില്‍ നിന്നും സാംപിളുകള്‍ വിജയകരമായി ഭൂമിയിലേക്കെത്തിക്കാന്‍ ഒരു രാജ്യത്തിനും സാധിച്ചിട്ടില്ല. ചന്ദ്രനില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ദൗത്യം 2020ല്‍ ചൈന വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ചന്ദ്രനിലേക്കുള്ളതിനേക്കാള്‍ നാലിരട്ടിയിലേറെ ദൂരം അധികമുള്ള ചൊവ്വയില്‍ നിന്നും ഇതേ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ സാങ്കേതികമായ നിരവധി കടമ്പകള്‍ ചൈനക്ക് മറികടക്കേണ്ടതുണ്ട്.

ഭൂമിക്കടുത്തുള്ള ഛിന്നഗ്രഹമായ 469219 Kamo’oalewaയിലേക്ക് 2025ല്‍ ചൈന ഒരു ദൗത്യം പദ്ധതിയിടുന്നുണ്ട്. നേരത്തെ 2024ല്‍ വിചാരിച്ചിരുന്ന ദൗത്യമായിരുന്നു ഇത്. ഇതിനു പിന്നാലെ പാന്‍സ്റ്റാര്‍സ് ധൂമകേതുവിലേക്കും സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്കെത്തിക്കുന്ന ദൗത്യത്തിനായി ചൈന ശ്രമിക്കുന്നുണ്ട്. ഈ രണ്ട് പദ്ധതികളും ചൊവ്വയില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ഭൂമിയിയിലേക്കെത്തിക്കാനുള്ള ചൈനീസ് ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണ്. 

ചൈനയുടെ അഭിമാന പദ്ധതിയായ ബഹിരാകാശനിലയം ടിയാങ്കോങ് 2022ല്‍ പണി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രധാന ഭാഗമായ ടിയാന്‍ഹെ കഴിഞ്ഞ ഏപ്രിലില്‍ ചൈന വിജയകരമായി ബഹിരാകാശത്ത് എത്തിച്ചിരുന്നു. നിലവില്‍ മൂന്ന് ചൈനീസ് സഞ്ചാരികള്‍ തങ്ങളുടെ സ്വന്തം ബഹിരാകാശ നിലയത്തില്‍ കഴിയുന്നുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ സാറ്റലൈറ്റുകളുടെ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ചൈന പ്രതീക്ഷിക്കുന്നുണ്ട്. സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍ വിപുലപ്പെടുത്തുക, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുക, സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക വളര്‍ച്ചക്ക് പ്രോത്സാഹനം നല്‍കുക എന്നിവയെല്ലാം ചൈനീസ് ലക്ഷ്യങ്ങളിലുണ്ട്. സ്വന്തമായി അതിവേഗ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയും ചൈന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 13,000 സാറ്റലൈറ്റുകളാണ് വിക്ഷേപിക്കുക. 

ബഹിരാകാശ മേഖലയിലെ ചൈനയെ സംബന്ധിച്ച മറ്റൊരു തന്ത്രപ്രധാനമായ വിഷയം രാജ്യാന്തര തലത്തിലുള്ള സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയെന്നതാണ്. തുല്യത, പരസ്പര സഹായം, ബഹിരാകാശ ശാസ്ത്രത്തിന്റെ സമാധാന പരമായ ഉപയോഗം, മറ്റുള്ളവരേയും ഉള്‍പ്പെടുത്തിയുള്ള വികസനം എന്നിവയെല്ലാമാണ് മറ്റു രാജ്യങ്ങള്‍ക്ക് ചൈന വാഗ്ദാനം ചെയ്യുന്നതെന്നാണ് സിഎന്‍എസ്എ സെക്രട്ടറി ജനറല്‍ സു ഹോങ്‌ലിയാങ് പറഞ്ഞത്. റഷ്യ, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് പല ബഹിരാകാശ പദ്ധതികളും യാഥാര്‍ഥ്യമാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഭാവിയിലെ ചൊവ്വാ, ചാന്ദ്ര, വ്യാഴ ദൗത്യങ്ങള്‍ ലോകരാജ്യങ്ങളുമായി സഹകരിച്ചാകും നടപ്പിലാക്കുകയെന്നും ചൈന അറിയിച്ചിട്ടുണ്ട്. 

ഈ വര്‍ഷം തന്നെ തങ്ങളുടെ ബഹിരാകാശ പദ്ധതികളെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുറത്തിറക്കുന്ന ഈ രേഖയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തേയും വരുന്ന അഞ്ച് വര്‍ഷത്തേയും ചൈനയുടെ ബഹിരാകാശ പദ്ധതികള്‍ വിശദമാക്കും. ചൈനയുടെ ബഹിരാകാശ സൈനിക പദ്ധതികളെക്കുറിച്ച് ഇതില്‍ കൂടുതല്‍ വിവരങ്ങളുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: സിഎന്‍എസ്എ

English Summary: China outlines space plans to 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com