ADVERTISEMENT

രണ്ട് രാജ്യങ്ങളിലായി നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപിന്റെ നിര്‍മാണം ആരംഭിച്ചു. ദക്ഷിണാഫ്രിക്കയില്‍ 197 ഡിഷുകളും പശ്ചിമ ഓസ്‌ട്രേലിയയില്‍ 1,31,072 ആന്റിനകളുമുള്ള ഈ പടുകൂറ്റന്‍ റേഡിയോ ടെലസ്‌കോപിന്റെ നിര്‍മാണം 2029ല്‍ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ഇറ്റലി, നെതര്‍ലൻഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഈ റേഡിയോ ടെലസ്‌കോപ് നിര്‍മിക്കുന്നത്.

'മുപ്പത് വര്‍ഷത്തെ ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഭൂമിയിലെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപിന്റെ നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നത്. ഒന്നല്ല രണ്ട് രാജ്യങ്ങളിലായിട്ടാണ് ഈ പടുകൂറ്റന്‍ സംവിധാനം പരന്നു കിടക്കുന്നത്. പ്രപഞ്ചത്തെ സംബന്ധിച്ച് പുതിയ അറിവുകള്‍ നല്‍കാന്‍ ഈ ടെലസ്‌കോപ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു' SKAO (സ്‌ക്വയര്‍ കിലോമീറ്റര്‍ അറേ ഒബ്‌സര്‍വേറ്ററി) ഡയറക്ടര്‍ ജനറല്‍ ഫിലിപ് ഡയമണ്ട് പ്രസ്താവനയിലൂടെ അറിയിച്ചു. 

ഏതാണ്ട് രണ്ട് ബില്യണ്‍ യൂറോ (ഏകദേശം 17,620 കോടി രൂപ) ചെലവിട്ടാണ് ഈ റേഡിയോ ടെലസ്‌കോപുകള്‍ നിര്‍മിക്കുന്നത്. എസ്കെഎ മിഡ്, എസ്കെഎ ലോ എന്നിങ്ങനെ പേരുള്ള ഈ റേഡിയോ ടെലസ്‌കോപുകള്‍ വഴി ശാസ്ത്രലോകത്തിന് പുത്തന്‍ അറിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവവും വികാസവും, ജീവന്റെ ഉത്പത്തി തുടങ്ങിയ നിര്‍ണായക മേഖലകളില്‍ പുതിയ വിവരങ്ങള്‍ ഈ റേഡിയോ ടെലസ്‌കോപ് നല്‍കുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 710 പെറാബൈറ്റ് വിവരങ്ങള്‍ കൈമാറാനുള്ള ശേഷിയുണ്ട് ഈ ടെലസ്‌കോപിന്. പത്ത് ലക്ഷം ജിബിയാണ് ഒരു പെറാബൈറ്റ്.

'ശാസ്ത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുന്ന വിവരങ്ങള്‍ ഈ റേഡിയോ ടെലസ്‌കോപ് നല്‍കുമെന്നാണ് പ്രതീക്ഷ. എസ്കെഎ ടെലസ്‌കോപ് നിര്‍മാണവുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങള്‍ ഇതിലൂടെ ലഭിക്കും. സാങ്കേതികവിദ്യയുടെ ലഭ്യതയിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും അതി നൂതന രംഗങ്ങളിലെ തൊഴിലും വ്യവസായവും അഭിവൃദ്ധിപ്പെടുന്നതിലൂടെയുമായിരിക്കും അത് സംഭവിക്കുക എന്നും എസ്കെഎഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

20 രാജ്യങ്ങളിലെ 100 സ്ഥാപനങ്ങളില്‍ നിന്നുള്ള 500 എൻജിനീയര്‍മാര്‍ ഈ റേഡിയോ ടെലസ്‌കോപുകളുടെ നിര്‍മാണത്തില്‍ പങ്കാളികളാവുന്നുണ്ട്. ഈ ടെലസ്‌കോപ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി കൂടുതല്‍ ഗവേഷകര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. റേഡിയോ ടെലസ്‌കോപുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട 70ലേറെ കരാറുകള്‍ ഇതിനകം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഏതാണ്ട് 50 വര്‍ഷമാണ് ഈ റേഡിയോ ടെലസ്‌കോപ് മനുഷ്യരാശിക്ക് വേണ്ട വിവരങ്ങള്‍ സജീവമായി കൈമാറുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary: Construction of world’s largest radio telescope to begin in July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com