ADVERTISEMENT

ടൈറ്റാനിക് പതിയെ പൂര്‍ണമായും അപ്രത്യക്ഷമാവുകയാണ്. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കൂട്ടിയിടിക്ക് തൊട്ടുമുൻപ് കൂറ്റന്‍ മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയവര്‍ നിന്നിരുന്ന പായ്മരത്തിലെ 'കാക്കക്കൂട്' ഇതിനകം തന്നെ ഇല്ലാതായിക്കഴിഞ്ഞു. ആഴക്കടലില്‍ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദസഞ്ചാരികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു പര്യവേഷണസംഘം ദിവസങ്ങള്‍ക്കകം പുറപ്പെടുമെന്നാണ് അറിയുന്നത്.

 

'ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുൻപ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് ദൗത്യത്തിന്റെ ലക്ഷ്യം വിശദീകരിക്കുന്നു.

 

109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 

സമുദ്രത്തിനടിയില്‍ നിന്നും 1985ല്‍ ടൈറ്റാനിക് കണ്ടെത്തിയ ശേഷം നിരവധി മാറ്റങ്ങള്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മുന്നോട്ടു നീണ്ടു നിന്നിരുന്ന 30 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകര്‍ന്നു. കപ്പലിന്റെ സഞ്ചാരപഥം നിരീക്ഷിക്കാന്‍ ചുമതലപ്പെട്ടിരുന്നവര്‍ നിന്നിരുന്ന കൊടിമരത്തിലെ കാക്കക്കൂട് എന്ന് വിളിക്കുന്ന ഭാഗം പൂര്‍ണമായും അപ്രത്യക്ഷമായി. വളഞ്ഞ ഗോവണിക്കു സമീപത്തെ ജിംനേഷ്യം തകര്‍ന്നുവീണു. ക്യാപ്റ്റന്റെ കാബിന്റെ ചുമര് തകര്‍ന്നതോടെ ദൃശ്യമായ ബാത്ത്ടബ് അപ്രത്യക്ഷമായെന്ന് 2019ലെ പര്യവേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

അത്യാധുനിക എച്ച്ഡി ക്യാമറകളും സോണാര്‍ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഓഷ്യന്‍ ഗേറ്റ് കമ്പനി പര്യവേഷണം നടത്തുക. ആഴക്കടല്‍ ദൗത്യത്തിന്റെ ഭാഗമായി കപ്പലിലെ ഓരോ ഭാഗങ്ങളും അവിടെയുള്ള വസ്തുക്കളും തരം തിരിക്കും. ഇത് ആഴക്കടലില്‍ മുങ്ങികിടക്കുന്ന വസ്തുക്കളുടെ ആയുസ്സ് കണക്കുകൂട്ടാന്‍ ഗവേഷകരെ സഹായിച്ചേക്കും. ടൈറ്റാനിക്കിലെ സമുദ്ര ജീവിതങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും ഓഷ്യന്‍ഗേറ്റ്‌സ് ലക്ഷ്യമിടുന്നത്. 

 

പുരാവസ്തു ഗവേഷകര്‍ക്കും സമുദ്ര ശാസ്ത്രജ്ഞര്‍ക്കുമൊപ്പം നാല്‍പതോളം വിനോദ സഞ്ചാരികളെ കൂടി ഓഷ്യന്‍ഗേറ്റ് ടൈറ്റാനിക്ക് കാണിക്കാന്‍ സമുദ്രത്തിന് അടിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇവര്‍ക്ക് ഊഴം വെച്ച് സോണാര്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അവസരവും നല്‍കും. ഏതാണ്ട് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം ഡോളര്‍ വരെയാണ് സഞ്ചാരികള്‍ ടൈറ്റാനിക് കാണാന്‍ പോകാന്‍ മുടക്കിയിരിക്കുന്നത്. 

 

ടൈറ്റാനിക്കിന്റെ ഭാഗങ്ങളൊന്നും തന്നെ പുറത്തെത്തിക്കാനായി ഓഷ്യന്‍ഗേറ്റ് ദൗത്യത്തിന് ലക്ഷ്യമില്ല. അതുകൊണ്ടുതന്നെ ഈ ദൗത്യവുമായി ബന്ധപ്പെട്ട് കാര്യമായ വിവാദങ്ങള്‍ക്ക് സാധ്യത കുറവാണ്. നേരത്തെ കപ്പലിന്റെ അവശിഷ്ടങ്ങളില്‍ ഉടമസ്ഥതയുള്ള ആര്‍എംഎസ് ടൈറ്റാനിക്ക് ടൈറ്റാനിക്കില്‍ നിന്നും റേഡിയോ കണ്ടെടുക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. ടൈറ്റാനിക്കില്‍ നിന്നുള്ള അപായ സന്ദേശം വന്ന റേഡിയോ എന്ന നിലയില്‍ ഇതിനെ കണ്ടെടുക്കണമെന്നായിരുന്നു ആര്‍എംഎസ് ടൈറ്റാനിക്കിന്റെ വാദം. എന്നാല്‍ ഇതിനെതിരെ അമേരിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍ പോയി. ഒരു ശ്മശാനഭൂമിയെന്ന അര്‍ഥത്തില്‍ ടൈറ്റാനിക്കിന്റെ ഭാഗങ്ങളെ സമുദ്രത്തിനടിയില്‍ മനുഷ്യശല്യമില്ലാതെ സൂക്ഷിക്കുമെന്ന ബ്രിട്ടനുമായുള്ള ഉടമ്പടിക്ക് വിരുദ്ധമാണിതെന്നതായിരുന്നു അമേരിക്കന്‍ വാദം.

 

വിവരങ്ങൾക്ക് കടപ്പാട്: ഫോക്സ്ന്യൂസ്

 

English Summary: As famed Titanic decays, mission will monitor deterioration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com