ADVERTISEMENT

ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ തളർന്നിരിക്കുമ്പോൾ ലോകവിപണിയില്‍ അതിവേഗം മുന്നേറുകയാണ് ചൈന. ചൈനീസ് ടെക്‌നോളജി കമ്പനിയായ ബെയ്ദു ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചിപ്പ് നിർമാണ യൂണിറ്റ് കുന്‍ലാന്‍ ആരംഭിച്ചുവെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ഡ്രൈവറില്ലാ വാഹനങ്ങളിലും ക്ലൗഡ് കംപ്യൂട്ടിംങ് സര്‍വറുകളിലും അടക്കം ഉപയോഗിക്കുന്ന എഐ ചിപ്പുകളാണ് കുന്‍ലാനില്‍ നിര്‍മിക്കുക. ലോകം ഒന്നടങ്കം ചിപ്പ് പ്രതിസന്ധി നേരിടുന്ന സമയത്താണ് ചൈനീസ് നീക്കമെന്നതും ശ്രദ്ധേയമാണ്.

 

ഗൂഗിളിന് ബദലായുള്ള ചൈനീസ് സെര്‍ച്ച് എൻജിനായി തുടങ്ങിയ ബെയ്ദു പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എഐ ചിപ്പ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ബെയ്ദുവിന് 76 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ടാവുമെങ്കിലും കുന്‍ലാന്‍ സ്വതന്ത്ര കമ്പനിയായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. ഭാവിയുടെ വ്യവസായമായാണ് എഐ ചിപ്പ് നിര്‍മാണത്തെ ടെക് ലോകം വിലയിരുത്തുന്നത്.

 

ബെയ്ദു ചിപ്പിലെ ചീഫ് ആര്‍ക്കിടെക്ടായ ഒയാങ് ജിയാനാണ് കുന്‍ലാന്‍ കമ്പനിയുടെ സിഇഒ സ്ഥാനത്തേക്കെത്തുക. കുന്‍ലാന്റെ കണക്കാക്കപ്പെടുന്ന മൂല്യം ഏതാണ്ട് രണ്ട് ബില്യണ്‍ ഡോളറാണ് (ഏതാണ്ട് 14,844 കോടി രൂപ). ബെയ്ദുവിന്റെ 2021ലെ ആദ്യ പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ചൈന പിനാക്കിള്‍ ഇക്വിറ്റി മാനേജ്‌മെന്റ്, ഐഡിജി കാപിറ്റല്‍, ലെജെന്റ് കാപ്പിറ്റല്‍ തുടങ്ങി വിവിധ കമ്പനികളില്‍ നിന്നും കുന്‍ലാന് നിക്ഷേപം ലഭിച്ചിട്ടുണ്ടെന്ന് പേപ്പർ ഡോട്ട് സിഎൻ (Paper.cn) റിപ്പോര്‍ട്ടു ചെയ്യുന്നു.

 

സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തിക്കുന്നതോടെ കൂടുതല്‍ നിക്ഷേപവും പ്രവര്‍ത്തന സ്വാതന്ത്ര്യവും കുന്‍ലാന് ലഭിക്കും. എഐ ചിപ്പ് നിര്‍മാണ വിപണിയുടെ അനിശ്ചിതത്വത്തില്‍ നിന്നും ബെയ്ദുവിന് ഒഴിവാകാനും സാധിക്കും. കുന്‍ലാന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബെയ്ദുവിന്റെ ഓഹരികളുടെ മൂല്യം വര്‍ധിച്ചിട്ടുണ്ട്. കുന്‍ലാനില്‍ ഏതാണ്ട് 16.61 മില്യണ്‍ യുവാനാണ് ബെയ്ദു നിക്ഷേപിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ആകെ ഓഹരിയുടെ 76 ശതമാനം വരും. 

2018ല്‍ നടന്ന ബെയ്ദു എഐ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍വെച്ച് ബെയ്ദു സിഇഒ റോബിന്‍ ലിയാണ് കുന്‍ലാന്‍ എന്ന എഐ ചിപ്പ് നിര്‍മാണ കമ്പനിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 2020 തുടക്കത്തില്‍ തന്നെ ആദ്യതലമുറ കുന്‍ലാന്‍ ചിപ്പുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഈവര്‍ഷം രണ്ടാം പാദത്തോടെ ആദ്യ തലമുറയേക്കാള്‍ മൂന്നിരട്ടി പ്രകടനക്ഷമതയുള്ള കുന്‍ലാന്‍ ചിപ്പുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്യും.

 

വിവരങ്ങൾക്ക് കടപ്പാട്: ഗ്ലോബല്‍ടൈംസ്

 

English Summary: Chinese tech giant Baidu spins off $2 billion AI chip unit, gears up for homegrown production amid fierce competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com