sections
MORE

ശാസ്ത്ര രംഗത്ത് സ്ത്രീകൾ പിന്നിലാണ്, അത് അവരുടെ ആരോഗ്യത്തേയും ബാധിക്കും

science-lab
SHARE

എലിയില്‍ മനുഷ്യന്റെ ചെവി വളര്‍ത്തിയെടുക്കുന്നതില്‍ അടക്കം വിജയിച്ചിട്ടുള്ള ശാസ്ത്രജ്ഞയാണ് എംഐടി പ്രൊഫസര്‍ കൂടിയായ ലിന്‍ഡ ഗ്രിഫിത്ത്. എന്‍ഡോമെട്രിയോസിസ് എന്ന പ്രത്യേകതരം ഗര്‍ഭാശയരോഗത്തെക്കുറിച്ചുള്ള പഠനത്തിലാണവര്‍ ഇപ്പോഴുള്ളത്. ലിന്‍ഡക്ക് ഈ രോഗം വന്നപ്പോഴാണ് അവര്‍ ഒരു യാഥാര്‍ഥ്യം മനസിലാക്കിയത്. ശാസ്ത്ര-ഗവേഷണരംഗത്ത് സ്ത്രീകളുടെ എണ്ണം കുറവാണെന്നതിനൊപ്പം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വലിയ തോതില്‍ അവഗണിക്കപ്പെടുകയാണ്. 

അമേരിക്കയില്‍ മാത്രം അറുപത് ലക്ഷത്തോളം സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയോസിസ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളും വളരെ കുറച്ച് മാത്രമേയുള്ളൂ. തന്റെ ഗവേഷണങ്ങള്‍ സ്ത്രീകളുടെ പൊതു ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗ്രിഫിത്ത് ശ്രദ്ധ ഈ മേഖലയിലേക്ക് തിരിച്ചത്.

അമേരിക്കയില്‍ 2020ല്‍ അനുവദിക്കപ്പെട്ട പകര്‍പ്പവകാശങ്ങളില്‍ വെറും 12.8 ശതമാനം മാത്രമേ സ്ത്രീകളുടേതായിട്ടുള്ളൂ. കാലാകാലങ്ങളായി സ്ത്രീകള്‍ അനുഭവിക്കുന്ന ഗര്‍ഭാശയ രോഗങ്ങള്‍ പോലുള്ള വിഷയങ്ങളെ പുരുഷ ഗവേഷകര്‍ കാലാകാലങ്ങളായി അവഗണിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ബയോമെഡിക്കല്‍ കണ്ടെത്തലുകള്‍ സ്ത്രീകള്‍ക്ക് 35 ശതമാനം അധികം ഗുണം ചെയ്യുന്നുണ്ടെന്നും കണക്കാക്കപ്പെടുന്നു. 

പുരുഷന്മാരെ കേന്ദ്രീകരിക്കുന്നതും സ്ത്രീകളെ കേന്ദ്രീകരിക്കുന്നതും ഇരുവിഭാഗത്തേയും കേന്ദ്രീകരിക്കുന്നതുമായ ഗവേഷണങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. ഇതിനായി വൈദ്യശാസ്ത്ര മേഖലയില്‍ നല്‍കിയ 4,41,504 പകര്‍പ്പവകാശങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഓരോ ഗവേഷണങ്ങളുടേയും വിഷയങ്ങളിലൂടെ ഇത് സ്ത്രീകളെയാണോ പുരുഷന്മാരെയാണോ കേന്ദ്രീകരിക്കുന്നതെന്ന് മെഷീന്‍ ലേണിങ് സാങ്കേതികവിദ്യയിലൂടെ കണ്ടെത്തുകയായിരുന്നു. 

1976-2010 വരയുള്ളകാലത്തെ 35 വര്‍ഷങ്ങളില്‍ 34ലും പുരുഷന്മാരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘങ്ങള്‍ പുരുഷ കേന്ദ്രീകൃത വിഷയങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്‍കിയിരുന്നത്. 1976ല്‍ ആകെയുള്ള പകര്‍പ്പവകാശ അപേക്ഷകളില്‍ വെറും 6.3 ശതമാനം മാത്രമായിരുന്നു സ്ത്രീകളുടേതായി ഉണ്ടായിരുന്നത്. 2010 ആകുമ്പോഴേക്കും ഇതില്‍ വര്‍ധനവുണ്ടായെങ്കിലും 16.2 ശതമാനമെന്ന വളരെ താഴ്ന്ന നിലയില്‍ തന്നെയാണ് അപ്പോഴും വനിതാ ഗവേഷക പ്രാതിനിധ്യം ഉള്ളത്. സ്ത്രീകളുടെ ആവശ്യങ്ങളും സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങളും കാലാകാലങ്ങളില്‍ തഴയപ്പെട്ടുവെന്നതിന്റെ തെളിവാണിത്.

സ്ത്രീകള്‍ മാത്രമല്ല കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളുമെല്ലാം ഇത്തരത്തില്‍ ഗവേഷക മേഖലയില്‍ നിശബ്ദം തഴയപ്പെടുന്നുണ്ട്. എംഐടി ഗവേഷക ഗ്രിഫിത്തിനെ പോലെ ഡോ. പട്രിഷ്യ ബാത്തിനെ പോലുള്ള കറുത്തവര്‍ഗക്കാരിയായ ഗവേഷകരേയും ലോകത്തിന് ആവശ്യമുണ്ട്. തിമിരത്തിനുള്ള ലേസര്‍ ചികിത്സയായിരുന്നു ബാത്തിന്റെ കണ്ടെത്തല്‍. അമേരിക്കയില്‍ വെളുത്തവര്‍ഗക്കാരെ അപേക്ഷിച്ച് കറുത്തവര്‍ഗക്കാരില്‍ ഇരട്ടിയാണ് തിമിരം മൂലമുള്ള അന്ധതയെന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം മനസിലാവുക. ലിംഗ വര്‍ണ്ണ വര്‍ഗഭേദങ്ങളെ അതിജീവിക്കണമെങ്കില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരുടേയും പ്രാതിനിധ്യം ഗവേഷക മേഖലയിലും ആവശ്യമാണ്. ഇക്കാര്യമാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റെം കോനിംങ് ഊന്നി പറയുന്നത്.

English Summary: Too few women get to invent – that’s a problem for women’s health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA