ADVERTISEMENT

'സിക്ക രോഗം കേരളത്തിലും' : വാർത്ത... കോവിഡ്- 19 എന്ന കൂനിൻമേൽ സിക്ക എന്ന കുരുവോ എന്നതായിരിക്കും സിക്കരോഗം കേരളത്തിലുമെന്ന വാർത്തയറിഞ്ഞ ശരാശരി മലയാളിയുടെ പ്രതികരണം. 2015-ൽ ബ്രസീലിലാണ്  വ്യാപകമായ രീതിയിൽ സിക്ക വൈറസ് രോഗബാധയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗർഭിണികളിലുണ്ടായ സിക്കരോഗം ശിശുക്കളിൽ വൈകല്യങ്ങളുണ്ടാക്കുന്നുവെന്ന് ആദ്യമായി കണ്ടെത്തിയതും അവിടെ നിന്നായിരുന്നു.  കൊതുകു പരത്തുന്ന സിക്കരോഗത്തെ ചെറുക്കാൻ കൊതുകുകളെ നശിപ്പിക്കാൻ പട്ടാളത്തെ വിളിക്കേണ്ടി വന്ന അനുഭവമാണ് ബ്രസീൽ സർക്കാരിനുള്ളത്.

ഈഡിസ് ഈജിപ്റ്റി (Aedes aegypti) എന്ന കൊതുക് പരത്തുന്ന, ഫ്ളാവി വിറിഡേ കുടുംബത്തിലെ ഒരു വൈറസ് ഉണ്ടാക്കുന്ന രോഗമാണ് സിക്ക. കേരളത്തിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത വളരെ കൂടുതലാണെന്നത് ഓർക്കുക. ഡെങ്കി, ചിക്കുൻ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളും ഈഡിസ് കൊതുകുകളാണ് പരത്തുന്നത്. അതിരാവിലെയും വൈകുന്നേരവുമാണ് ഈഡിസ് കൊതുകുകൾ കടിക്കാനിറങ്ങുന്നത്.

Photo credit : Tacio Philip Sansonovski / Shutterstock.com
Photo credit : Tacio Philip Sansonovski / Shutterstock.com

 

കൊതുകുകടിയിലൂടെ പകരുന്നതു കൂടാതെ സിക്ക രോഗബാധിതരായ ഗർഭിണികളിൽ നിന്നും കുഞ്ഞുങ്ങളിലേക്കും വൈറസ് പകരാം. കൂടാതെ ലൈംഗിക ബന്ധം, രക്തദാനം, അവയവമാറ്റം എന്നിവ വഴിയും ഈ അസുഖം പകരാവുന്നതാണ്. സിക്ക വൈറസെന്നു കേൾക്കുമ്പോൾ അനാവശ്യമായി ഭയപ്പെടേണ്ട ആവശ്യമില്ലായെന്നതും ഓർക്കുക. പലപ്പോഴും ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ പോലും വേണ്ടിവരാറില്ലാത്ത മരണസാധ്യത തീരെ കുറഞ്ഞ ഒരു രോഗബാധയാണിത്. എങ്കിലും ഈ രോഗത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രധാന കാരണം ഗർഭിണികൾക്ക് രോഗബാധയുണ്ടായാൽ സംഭവിക്കാവുന്ന പ്രശ്നങ്ങളാണ്.

 

ഗര്‍ഭിണിയായ സ്ത്രീകളിൽ സിക്ക രോഗബാധയുണ്ടായാല്‍ നവജാതശിശുക്കളിൽ ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാകാം.  മൈക്രോസെഫാലി (microcephaly) എന്ന രോഗാവസ്ഥയാണ് ഇതിൽ മുഖ്യം. തലയുടെ വലുപ്പം കുറയുകയും തലച്ചോറിന് വളര്‍ച്ചയില്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. 'കൺജനൈറ്റൽ സിക്ക സിൻഡ്രോം ' എന്ന അവസ്ഥയും ചില നവജാത ശിശുക്കളിൽ കണ്ടുവരാറുണ്ട്. ഗർഭമലസൽ, പൂർണ്ണ വളർച്ചയെത്താതെയുള്ള പ്രസവം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യതയുമുണ്ട്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

' ഗില്ലന്‍ ബാരി സിന്‍ഡ്രോം ' എന്ന തളര്‍ച്ചാരോഗം മുതിർന്നവരിൽ അപൂർവ്വമായി കാണപ്പെടുന്നതായും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. സിക്ക രോഗം അടിസ്ഥാനപരമായി ഒരു ജന്തുജന്യരോഗമാണ്. കുരങ്ങുകളിൽ നിന്ന് കൊതുകുകളിലൂടെ വൈറസ് മനുഷ്യരിലെത്തിയെന്ന് കണക്കാക്കപ്പെടുന്നു. 1947 ഏപ്രിൽ മാസത്തിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ സിക്ക വനപ്രദേശത്തെ കുരങ്ങുകളിലാണ് വൈറസ് കണ്ടെത്തിയത്. 1948 മുതൽ സിക്ക കാടിന്റെ പേരിൽ വൈറസ് അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു. 1952-ൽ ഉഗാണ്ടയിലും ടാൻസാനിയായിലും സിക്ക വൈറസ് മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് 86 രാജ്യങ്ങളിൽ സിക്ക രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1960-80 കാലഘട്ടത്തിൽ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട അപൂർവമായ രോഗ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിക്കാ വൈറസ് രോഗം ഒരു പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2007-ൽ മൈക്രോനേഷ്യൻ ദ്വീപുകളിൽ നിന്നായിരുന്നു. 2013 ൽ താരതമ്യേന വലിയ പകർച്ചവ്യാധിയായി ഫ്രഞ്ച് പോളിനേഷ്യയിലും സിക്കരോഗം കണ്ടെത്തി. 2015 ൽ ബ്രസീലിലായിരുന്നു വ്യാപകമായ രോഗബാധയുണ്ടായി.

zika-virus

 

വൈറസുകൾ ശരീരത്തിലെത്തിയാല്‍ 3-4 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. 1-2 ആഴ്ചവരെ രോഗലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. എന്നാൽ, പ്രത്യേക ലക്ഷണങ്ങളില്ലാതെയും രോഗബാധയുണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. നേരിയ പനി, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. മിക്കവാറും രോഗികളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകാറുമില്ല. ഡെങ്കി, ജപ്പാനീസ് മസ്തിഷ്ക ജ്വരം തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് സമാനമായ രോഗലക്ഷണങ്ങളാണ് സിക്കയ്ക്കുള്ളത്. ആർടിപിസിആർ, എലിസ ടെസ്റ്റുകളിലൂടെയാണ് രോഗനിർണയം. രോഗലക്ഷണങ്ങളുള്ളവരുടെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് കണ്ടെത്താം. ചികിത്സിക്കുന്നതിനായി പ്രത്യേക ആന്റിവൈറൽ മരുന്ന് ഇല്ല.  സാധാരണ രീതിയിലുള്ള വൈറൽ രോഗലക്ഷണങ്ങൾക്കായി നൽകുന്ന ചികിത്സ മതിയാവാറുണ്ട്. വിശ്രമം, സന്തുലിതഭക്ഷണ പാനീയങ്ങൾ എന്നിവ ആവശ്യമാണ്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഡോക്ടറുടെ ഉപദേശപ്രകാരം കഴിക്കാം. മറ്റുവേദനസംഹാരികൾ ഒഴിവാക്കുകയും ചെയ്യുക.

 

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നതെന്നതിനാൽ നിയന്ത്രണവും സമാനരീതിയിലാണ്. കൊതുകുകടി ഏല്‍ക്കാതെ സ്വയം സംരക്ഷിക്കുക, കൊതുകുനശീകരണം നടത്തുക, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രധാനം. കൊതുകുകടിയേൽക്കാത്ത വിധത്തിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രധാരണം, കൊതുകുവലയുടെ ഉപയോഗം, കൊതുക് റിപ്പല്ലന്റുകളുടെ ഉപയോഗം എന്നിവ ശീലമാക്കണം. ഗർഭിണികൾ കരുതലോടെയിരിക്കണം.

 

കടുവാ കൊതുകുകൾ എന്നു വിളിക്കപ്പെടുന്ന ഈഡിസ് കൊതുകകൾക്ക് കറുപ്പ് നിറവും മൂന്ന് ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുണ്ടാകും. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. അധികദൂരം പറക്കാത്തതിനാൽ വീടുകളുടെ പരിസരത്ത് തന്നെ അവയുണ്ടാവും. വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് പെറ്റുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇല്ലാതാക്കണം. വീടുകളിലും പരിസരത്തും കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവ ഉപേക്ഷിക്കരുത്. ഇവയിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടികൾ, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ എന്നിവിടങ്ങളിൽ  നിന്നെല്ലാം വെള്ളം മാറ്റണം. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം. വീട്ടിലും പരിസരത്തിലും കെട്ടി ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീടുകളിലും ഡ്രൈ ഡേ ആയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വെന്റ് പൈപ്പിന്റെ അറ്റം കൊതുകുവല ഉപയോഗിച്ച് മൂടേണ്ടതാണ്  വൈകുന്നേരം മുതൽ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാൻ ശ്രദ്ധിക്കണം.

 

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായി ഫോഗിംഗ് നടത്തണം. കൂത്തടികളെ തിന്നുന്ന ഗപ്പി മത്സ്യങ്ങളെ വെള്ളകെട്ടിൽ വളർത്തുക, വന്ധ്യരായ ആൺ കൊതുകുകളെ വളർത്തി വിടുക തുടങ്ങിയ ജൈവ രീതികളും പ്രയോജനം ചെയ്യാം. സിക്കാ രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നയിടങ്ങളിലുള്ളവരും, അവിടങ്ങളിൽ നിന്ന് യാത്ര ചെയ്തു വരുന്നവരുമായ പുരുഷന്മാർ ആറു മാസത്തേക്കും സ്ത്രീകൾ രണ്ടു മാസത്തേക്കും സുരക്ഷിത ലൈംഗിക ബന്ധം പുലർത്തുന്നതാണ് ഉത്തമം എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. 2015-ൽ ബ്രസീലിൽ പരക്കെ രോഗബാധയുണ്ടായപ്പോൾ ഗര്‍ഭിണിയായ സ്ത്രീകളോട് രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നൽകിയിരുന്നു. രോഗപ്പകര്‍ച്ച കൂടുതലുള്ള ചില രാജ്യങ്ങൾ സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് തൽക്കാലം ഒഴിവാക്കാൻ അന്ന്നിര്‍ദേശം നല്‍കിയത്രേ. സിക്ക വൈറസിനെതിരെ വാക്സീൻ വികസിപ്പിച്ചെടുക്കാൻ  ശ്രമങ്ങൾ 2015-ന് ശേഷം തുടങ്ങിയിരുന്നെങ്കിലും പിന്നീടതിന് വലിയ ശ്രദ്ധ ലഭിച്ചില്ല.

 

English Summary: Zika virus cases-reported in kerala. Symptoms, treatment explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com