sections
MORE

ബഹിരാകാശത്ത് വൻ സ്ഫോടനം നടത്താൻ ചൈനീസ് നീക്കം, ലക്ഷ്യം ഭൂമിയെ രക്ഷിക്കാൻ

china-mission
Photo: nssc
SHARE

ഭൂമിക്ക് ഭീഷണിയായ വാല്‍നക്ഷത്രത്തെ റോക്കറ്റുകള്‍ ഉപയോഗിച്ച് ദിശമാറ്റാന്‍ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍. ചൈനയുടെ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ സ്‌പേസ് സയന്‍സ് സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം പുറത്തിറക്കിയിരിക്കുന്നത്. ഏതാണ്ട് 492 മീറ്റര്‍ വിസ്തീര്‍ണമുള്ള ബെന്നു വാല്‍നക്ഷത്രത്തെയാണ് സ്‌ഫോടനങ്ങളിലൂടെ ദിശമാറ്റാനുള്ള പദ്ധതി ചൈനീസ് ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യമായി ഒരു മനുഷ്യ നിര്‍മിത പേടകം ഇറങ്ങിയ വാല്‍നക്ഷത്രമാണ് ബെന്നു. 2016ല്‍ വിക്ഷേപിച്ച നാസയുടെ ഒസിരിസ് റെക്‌സ് പേടകം 2020 ഒക്ടോബര്‍ 20നാണ് ബെന്നുവില്‍ ഇറങ്ങിയത്. ബെന്നുവില്‍ നിന്നും ശേഖരിച്ച സാംപിളുമായി 2023 സെപ്റ്റംബറില്‍ നാസയുടെ ഒസിരിസ് റെക്‌സ് ഭൂമിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നതുകൊണ്ടുതന്നെ ബെന്നു വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ നിര്‍ണായകമായാണ് കരുതപ്പെടുന്നത്. 2175നും 2199നും ഇടക്കുള്ള സമയത്ത് ഭൂമിയില്‍ നിന്നും ഏതാണ്ട് 75 ലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെ ബെന്നു കടന്നുപോവുമെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് ഭൂമിയുമായി ബെന്നു കൂട്ടിയിടിക്കാന്‍ 2700ല്‍ ഒരു സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്. അങ്ങനെയൊരു കൂട്ടിയിടിയുണ്ടായാല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് അത് ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. 

ഏതാണ്ട് 23900 ടണ്‍ ശേഷിയുള്ള സ്‌ഫോടനം നടത്തുന്നതിലൂടെ ബെന്നുവിന്റെ സഞ്ചാരപഥം തന്നെ മാറ്റാമെന്നാണ് ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചൈനയുടെ ലോങ് മാര്‍ച്ച് 5 റോക്കറ്റ് ഈ ദൗത്യത്തിന് പര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. നിലവിലെ ഭ്രമണപഥത്തില്‍ നിന്നും 9000 കിലോമീറ്റര്‍ ദൂരത്തിലേക്ക് ചൈനീസ് ഇടപെടല്‍ മൂലം ബെന്നു വാല്‍നക്ഷത്രം മാറുമെന്നും പഠനം പറയുന്നു.

ആവശ്യമായ ഊര്‍ജ്ജത്തിന്റെ കണക്കു നോക്കുമ്പോള്‍ ആണവബോംബുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയാണ് ആദ്യം ഗവേഷകര്‍ കണക്കിലെടുത്തത്. എന്നാല്‍, ഇത് അപകട സാധ്യത വര്‍ധിപ്പിക്കാനും ഇടയുണ്ട്. ബെന്നുവിനെ അണുബോംബിട്ട് തകര്‍ത്താല്‍ അതിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാനും നാശനഷ്ടങ്ങള്‍ വരുത്താനുമുള്ള സാധ്യത വര്‍ധിക്കും. ഇതിനേക്കാള്‍ നല്ല മാര്‍ഗം സ്‌ഫോടനങ്ങള്‍ വഴി ബെന്നു വാല്‍നക്ഷത്രത്തിന്റെ ഗതി മാറ്റുകയാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞര്‍ എത്തുകയായിരുന്നു. 

ഭൂമിയില്‍ നിന്നും പുറപ്പെട്ടാല്‍ ഏതാണ്ട് മൂന്ന് വര്‍ഷമെടുത്താണ് ബെന്നുവിലേക്ക് എത്താനാവുക. ലോങ്മാര്‍ച്ച് അഞ്ച് റോക്കറ്റില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ബെന്നുവിലേക്കെത്താന്‍ സാധിക്കുമെന്നും ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട്. പത്തു വര്‍ഷമാണ് ഈ ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി വരികയെന്നും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു.

വിവരങ്ങൾക്ക് കടപ്പാട്: സ്പുട്നിക് ന്യൂസ്

English Summary: Chinese Scientists Suggest Launching Dozens of Rockets to Prevent Asteroid Collision With Earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA