ADVERTISEMENT

വിവിധ മേഖലകളിലായി നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. മനുഷ്യന്റെ വിസർജ്ജനത്തില്‍ നിന്ന് ഊർജമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഇവിടത്തെ ഒരു സംഘം ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ടോയ്‌ലറ്റിലെ മലമൂത്ര വിസർജ്ജനത്തിൽ നിന്ന് ഊർജം ലഭിക്കും, ഇതിനു സഹായിക്കുന്നവർക്ക് ഡിജിറ്റൽ കറൻസിയും നൽകുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

 

ഇവിടത്തെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിലൂടെ കോഫിക്ക് പണം കണ്ടെത്താം അല്ലെങ്കിൽ മറ്റ് ഉപയോഗങ്ങൾക്കും ആ പണം ഉപയോഗിക്കാം. ദക്ഷിണ കൊറിയയിലെ ഒരു കോളേജിലാണ് ടോയ്‌ലറ്റിൽ പോകുന്നവർക്ക് പ്രതിഫലം നൽകുന്നത്. മനുഷ്യന്റെ വിസർജ്ജനത്തിൽ നിന്ന് ഊർജമുണ്ടാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയ ഗവേഷകരാണ് ഇത്തരമൊരു ഓഫർ നൽകുന്നത്.

 

ദക്ഷിണ കൊറിയയിലെ ഉൽസാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (യുണിസ്റ്റ്) നഗര, പരിസ്ഥിതി എൻജിനീയറിങ് പ്രൊഫസറായ ചോ ജെയ്-വിയോൺ ആണ് ഒരു ലബോറട്ടറിയുമായി ബന്ധിപ്പിച്ച് പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലത്തിൽ നിന്ന് മീഥെയ്ൻ വേർതിരിച്ചെടുത്താണ് ഊർജമാക്കി മാറ്റുന്നത്.

 

‘ബീവി’ എന്നാണ് ഹൈടെക് ടോയ്‌ലറ്റിന്റെ പേര്. ഗ്യാസ് സ്റ്റൗ, ചൂടുവെള്ള ബോയിലർ, സോളിഡ് ഓക്സൈഡ് ഇന്ധന സെൽ എന്നിവ ഉപയോഗിക്കാൻ ഈ ഊർജം വഴി സാധിക്കും. ഗവേഷണം നടക്കുന്ന കോളേജിലെ മിക്ക ആവശ്യങ്ങൾക്കും ഈ ഊർജം ഉപയോഗിക്കുന്നുണ്ട്. ടോയ്‌ലറ്റിൽ നിന്നുള്ള മാലിന്യങ്ങൾ ഭൂഗർഭ ടാങ്കിലേക്കാണ് പോകുന്നത്. പിന്നീട് ബയോറിയാക്ടറിലേക്കും എത്തിക്കുന്നു. സൂപ്പർ വാട്ടർ സേവിങ് വാക്വം ടോയ്‌ലറ്റ് എന്നാണ് ഇതിനെ ഗവേഷകർ വിളിക്കുന്നത്.

 

ഒരാൾ ദിവസം ശരാശരി 500 ഗ്രാം മലമൂത്രവിസർജ്ജനം നടത്തുന്നുണ്ട്. ഇതിൽ നിന്ന് 50 ലിറ്റർ മീഥെയ്ൻ വാതകമായി മാറ്റാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വാതകത്തിന് 0.5 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. അല്ലെങ്കിൽ ഏകദേശം 1.2 കിലോമീറ്റർ ദൂരം ഒരു കാർ ഓടിക്കാൻ കഴിയുമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.

 

ടോയ്‌ലറ്റ് ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് പ്രതിഫലമായി കൊറിയൻ ഭാഷയിൽ തേൻ എന്നർഥം വരുന്ന ഗ്‌ഗൂൾ (Ggool) എന്ന വെർച്വൽ കറൻസിയാണ് നൽകുന്നത്. പരിസ്ഥിതി സൗഹൃദ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയ്ക്കും ദിവസം 10 ഗ്‌ഗൂൾ ലഭിക്കും. കാമ്പസിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ വിദ്യാർഥികൾക്ക് ഈ കറൻസി ഉപയോഗിക്കാം. കോഫി, നൂഡിൽസ്, പഴങ്ങൾ, പുസ്തകങ്ങൾ വരെ വാങ്ങാം. മലം വൃത്തികെട്ടതാണെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ ഇപ്പോൾ ഇത് എന്നെ സംബന്ധിച്ചിടത്തോളം വലിയ മൂല്യമുള്ള ഒന്നാണെന്ന് പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർഥി ഹിയോ ഹുയി-ജിൻ ഗഗൂൾ പറഞ്ഞു.

 

വിവരങ്ങൾക്ക് കടപ്പാട്: റോയിട്ടേഴ്സ്

 

English Summary: South Korean toilet turns excrement into power and digital currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com